പിന്നാക്ക ജനതയുടെ താത്പര്യം സംരക്ഷിക്കാന്‍ പരസ്യമായ നിലപാടെടുത്ത മുസ്ലിം ലീഗിനെ അഭിനന്ദിക്കുന്നു: വെളളാപ്പളളി നടേശന്‍

സംവരണ വിഷയത്തില്‍ പിന്നാക്ക ജനതയുടെ താത്പര്യം സംരക്ഷിക്കാന്‍ പരസ്യനിലപാടെടുത്ത മുസ്ലിം ലീഗിനെ അഭിനന്ദിക്കുന്നു എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമനസ്‌കരായ സംഘടനകളുമായി ആശയവിനിമയം നടത്തും. സാമ്പത്തിക സംവരണ വാദത്തിനെതിരെ ആശയപ്രചാരണങ്ങളും ശക്തമാക്കും. സാമ്പത്തിക സംവരണത്തിനെതിരെ നിയമപോരാട്ടത്തിന് എസ്എന്‍ഡിപി യോഗം മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് എണ്ണത്തില്‍ മഹാഭൂരിപക്ഷമായ പിന്നാക്ക ജനവിഭാഗങ്ങള്‍ ഭരണപങ്കാളിത്തത്തില്‍ ഇന്നും വളരെ പിന്നിലാണ്. നിയമനിര്‍മ്മാണ സഭകളില്‍ പിന്നാക്ക വിഭാഗങ്ങളുടെ കുറവ് സാമൂഹ്യനീതി സംരക്ഷിക്കുന്നതിനെ ബാധിക്കുന്നു. അതിന്റെ അവസാന ഉദാഹരണമാണ് സാമ്പത്തിക സംവരണം. ഭരണഘടനയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണത്.

സാമ്പത്തിക സംവരണം ചര്‍ച്ച ചെയ്യാന്‍ പോലും നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയില്‍ സമയമായിട്ടില്ല. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും മുന്നാക്ക,പിന്നാക്ക ജനവിഭാഗങ്ങള്‍ തുല്യത കൈവരിക്കുന്ന അവസ്ഥയിലേ സാമ്പത്തിക സംവരണം എന്ന ആശയം പരിഗണിക്കേണ്ടതുളളൂ. ഇപ്പോഴത്തെ നിലയില്‍ 50 വര്‍ഷം പിന്നിട്ടാലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എല്ലാ രംഗത്തും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന സാമുദായിക സംവരണം കേവലം തൊഴില്‍പരമായ നേട്ടങ്ങള്‍ക്ക് മാത്രമുളളതല്ല. അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്ന് കാലങ്ങളായി അകറ്റിനിറുത്തപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്ന അധികാര പങ്കാളിത്തമാണത്. ദേവസ്വം ബോര്‍ഡുകളില്‍ 90 ശതമാനം ഉദ്യോഗങ്ങളും കയ്യടക്കി വെച്ചിരിക്കുന്ന മുന്നാക്ക സമുദായങ്ങള്‍ക്ക് 10 ശതമാനം സംവരണം കൂടീ നല്‍കാനുളള നിര്‍ദേശം വഞ്ചനാപരവും പ്രതിഷേധാര്‍ഹവുമാണെന്നും വെളളാപ്പളളി പറഞ്ഞു.