പലരുടെയും സിനിമ അഭിനയ മോഹം പൊലിഞ്ഞു; പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അകത്തായി

സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ത്രീകള്‍ തനിച്ചുള്ള സ്ഥാപനങ്ങളില്‍ തന്ത്രപൂര്‍വ്വം കടന്നുകയറി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ചമഞ്ഞ് സിനിമാ മോഹങ്ങൾനൽകി ഷോപ്പ് ഉടമകളെയും സ്റ്റാഫിനെയുമൊക്ക വശീകരിച്ച് മോഷണം നടത്തിവന്നിരുന്ന പ്രതി പിടിയില്‍. പത്തനംതിട്ട മല്ലപള്ളി ആലുംമൂട്ടില്‍ വീട്ടില്‍ രാജേഷ് ജോര്‍ജ്ജ് ജോസഫ് (41) ആണ് അറസ്റ്റിലായത്.

സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ നമ്പരുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആലപ്പുഴ കളര്‍കോട് ഭാഗത്ത് ഇത്തരത്തിലുള്ള ഒരു സ്ഥാപനത്തില്‍ നടന്ന തട്ടിപ്പിനെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. സ്ഥാപനങ്ങളില്‍ ചെന്ന് സിനിമ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആണെന്ന് ധരിപ്പിച്ച് സിനിമയുടെ ഷൂട്ടിങ്ങിന് നിങ്ങളുടെ സ്ഥാപനം ആവശ്യമാണെന്നും നിങ്ങളൊക്കെ അതില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു കൂടുതല്‍ തട്ടിപ്പ്. ഇയാള്‍ ഇത്തരത്തില്‍ കൂടുതല്‍ തട്ടിപ്പ് സംസ്ഥാനത്തിന്റെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയിട്ടുണ്ടെങ്കിലും നാണക്കേട് ഭയന്ന് പലരും പരാതി നല്കുവാന്‍ തയ്യാറായില്ല.

ആലപ്പുഴയിലെ സ്ഥാപനത്തിലെ ഉടമയായ വനിതയെ കബളിപ്പിച്ച്‌ മോഷണം നടത്തിയ കേസിൽ ആലപ്പുഴ സൗത്ത് പൊലീസ് പത്തനംതിട്ട ജില്ലയിലെ കീഴ് വായ്പൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പത്തനംതിട്ട കീഴ്‌വായ്പൂര്‍, ആറ്റിങ്ങല്‍, കിളിമാനൂര്‍, വര്‍ക്കല, ബിനാനിപുരം, തൃപ്പൂണിത്തുറ, എറണാകുളം നോര്‍ത്ത്, ചാലക്കുടി, തോപ്പുംപടി, ഹില്‍പാലസ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയിട്ട് ഒളിവില്‍ പോകുകയാണ് പതിവ്.

ജില്ലാ പോലീസ് മേധാവി കെ എം ടോമിയുടെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി. പി വി ബേബി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.