സംവരണ ലക്ഷ്യം അട്ടിമറിക്കുന്ന സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചു

സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അനുമതിയായി. ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വെച്ചു. ഇതോടെ സംവരണത്തിൻറെ ലക്ഷ്യങ്ങളെത്തന്നെ അട്ടിമറിച്ചുകൊണ്ടുള്ള ഭരണഘടനാ ഭേദഗതി നിലവില്‍ വന്നു. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് കേന്ദ്ര സര്‍വീസിലും ഉന്നത വിദ്യാഭ്യാസ രംഗത്തും പത്ത് ശതമാനം സംവരണം ചെയ്യുന്നതാണ് ബില്‍.

നേരത്തെ ലോക്‌സഭയില്‍ പാസാക്കിയ ബില്‍ 165 അംഗങ്ങളുടെ അനുമതിയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. രാജ്യസഭയില്‍ മുസ്്‌ലിം ലീഗ്, ആം ആദ്മി, ഡിഎംകെ എന്നിവര്‍ ബില്ലിനെ എതിര്‍ത്തിരുന്നു. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്‌ക്കരിക്കുകയും ചെയ്തു.

വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെയുള്ളവരാണ് സംവരണ വിഭാഗത്തില്‍പ്പെടുക. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാറിന്‍രെ സംവരണ നീക്കം. നോട്ട് നിരോധത്തിന് ശേഷം മോദി സര്‍ക്കാറെടുത്ത മറ്റൊരു നിര്‍ണായക തീരുമാനംകൂടിയാണിത്.

ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം. ഇതോടെ ഹിന്ദു വിഭാഗത്തിലെ മുന്നാക്ക വോട്ടു ബാങ്കാണ് ബിജെപി ലക്ഷ്യമിടുന്നത്.