നീതി നിഷേധം: സി.ബി.ഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ സര്‍വീസില്‍ നിന്ന് രാജിവെച്ചു

കേന്ദ്രസര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയ അലോക് വര്‍മ സര്‍വീസില്‍ നിന്ന് രാജിവെച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് രാജി. സിബിഐയില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര നിയമന സമിതിയാണ് അലോക് വര്‍മയെ പുറത്താക്കിയത്. സിബിഐ ജോയിന്റ് ഡയറക്ടര്‍ എം നാഗേശ്വര റാവുവിന് വീണ്ടും ഡയറക്ടറുടെ ചുമതല നല്‍കി.

സിബിഐ തലപ്പത്ത് നിന്ന് അലോക് വര്‍മ്മ രാജി വച്ചതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് . വിശദീകരണം പോലും ചോദിക്കാതെ സ്ഥാനഭ്രഷ്ഠനാക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് വര്‍മ്മ രാജിവച്ചിരിക്കുന്നത്.

രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സികളിലൊന്നായ സിബിഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് അലോക് വര്‍മ്മയുടെ ആരോപിച്ച കാര്യങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്.

ഒരാഴ്ച്ചയ്ക്കകം ഉന്നതാധികാരസമിതി കൂടി അലോക് വര്‍മ്മയുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. വിധി വന്ന് രണ്ട് ദിവസത്തിനകം ഉന്നതാധികാരസമിതി കൂടി അലോക് വര്‍മ്മയെ വീണ്ടും പുറത്താക്കാനാണ് സര്‍ക്കാര്‍ തയ്യാറായത്.

ഉന്നതാധികാരസമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പിന്മാറിയതും ശ്രദ്ധേയമായി. ചീഫ് ജസ്റ്റിസിനെ പ്രതിനിധീകരിച്ച് ജസ്റ്റിസ് എ.കെ.സിക്രിയാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പ് അവഗണിച്ചാണ് അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സമിതി തീരുമാനം വന്നത്.

കോടതി ഉത്തരവിലൂടെ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മ്മ ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര റാവു ഉത്തരവിട്ട സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്തിരുന്നു. മാത്രമല്ല അഞ്ച് സിബിഐ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. ഈ നടപടികള്‍ കേന്ദ്രസര്‍ക്കാരിനോട് ഏറ്റുമുട്ടാന്‍ തന്നെയാണ് അലോക് വര്‍മ്മയുടെ തീരുമാനം എന്ന ധ്വനിയും ഉയര്‍ത്തി. അതേ സാഹചര്യത്തിലാണ് ഉന്നതാധികാരസമിതി അലോക് വര്‍മ്മയെ വീണ്ടും സ്ഥാനഭ്രഷ്ടനാക്കിയിരിക്കുന്നത്. വര്‍മ്മയ്ക്കെതിരായ അഴിമതി ആരോപണങ്ങള്‍ ശരിയാണെന്ന് കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തിയെന്നാണ് കാരണമായി ചൂണ്ടിക്കാണിച്ചത്.

എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ ബാലിശമാണെന്നും ഒരാളുടെ മാത്രം പരാതിയില്‍ നടപടിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അലോക് വര്‍മ്മ പറയുന്നു. രാകേഷ് അസ്താനയാണ് ആ പരാതിക്കാരന്‍. തന്റെ വാദമോ വിശദീകരണമോ കേള്‍ക്കാതെയാണ് തനിക്കെതിരായ നടപടിയെന്നും അലോക് വര്‍മ്മ വ്യക്തമാക്കുന്നു.

ഇതില്‍നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്. അലോക് വര്‍മ്മ ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നതിനെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുണ്ട്. സിബിഐ തലപ്പത്തെ ഒന്നാമനും രണ്ടാമനും എതിരെ ഒരുപോലെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഒന്നാമനെ പ്രതിക്കൂട്ടിലാക്കുകയും രണ്ടാമനെ സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി വ്യക്തമാക്കുന്നതും കേന്ദ്ര സര്‍ക്കാരിന്റെ ഈ ഭയമാണ്. അലോക് വര്‍മ്മയുടെ രാജിയോടെ സ്വയം കുഴിച്ച കുഴിയിലേക്ക് ബിജെപി സര്‍ക്കാര്‍ എടുത്തുചാടുന്ന കാഴ്ച്ചകളാവും ഈ വിഷയത്തില്‍ ഇനിയങ്ങോട്ട് കാണേണ്ടി വരിക.