ശബരിമലയില്‍ പോകണമെന്ന് കെ. സുരേന്ദ്രന്‍; ഉള്ള സമാധാനം തകര്‍ക്കുമോയെന്ന് ഹൈക്കോടതി

ശബരിമലയില്‍ മകരവിളക്കിന് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍. ഹര്‍ജി പരിഗണിക്കുന്നതിനിടെ ശബരിമലയില്‍ സ്ഥിതി ശാന്തമാണെന്നും അത് തകര്‍ക്കുമോയെന്നും കോടതി സുരേന്ദ്രനോട് ചോദിച്ചു. ഈ സീസണില്‍ തന്നെ പോകണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും കോടതി ചോദിച്ചു.

കെട്ടു നിറച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ കോടതിയില്‍ മറുപടി നല്‍കി എങ്കിലും ഏതെങ്കിലും മലയാള മാസം ഒന്നാം തിയതി പോയാല്‍ പോരേയെന്നും കോടതി ചോദിച്ചു. ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സീസണില്‍ സുരേന്ദ്രനെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ചോദിച്ചു. തിങ്കളാഴ്ച വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മകരവിളക്കിന് ശേഷം അഞ്ച് ദിവസം കൂടി ശബരിമല നട തുറന്നിരിക്കും. ഈ സമയത്ത് ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നുമാണ് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതില്‍ ഇളവ് ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലായിരുന്നു സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ കര്‍ശന ഉപാധികളോടെയാണ് കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നത്.