പഞ്ചാബിൽ നിന്നും പുറപ്പെട്ട വാഗൺ ആലപ്പുഴയിലെത്തിയത് പതിനൊന്നാം മാസം; 60 ടൺ ഗോതമ്പ് നശിച്ചു

ഹരിയാന പഞ്ചാബ് മേഖലകളിൽ നിന്ന് റേഷൻ ഗോതമ്പുമായി 2018 ഫെബ്രുവരിയിൽ പുറപ്പെട്ട വാഗണാണ് വിവിധ സ്റ്റേഷനുകൾ കറങ്ങി ബുധനാഴ്ച വൈകിട്ട് ആലപ്പുഴ റെയിൽവേ യാർഡിൽ എത്തിയത്.കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് അനുവദിച്ച റേഷൻ ഗോതമ്പാണ് 11 മാസത്തിനുശേഷം. കറങ്ങിത്തിരിഞ്ഞ് ആലപ്പുഴയിലെത്തിയത്. വാഗണിലെ ഗോതമ്പ് ഉപയോഗശൂന്യമായ നിലയിലായിരുന്നു. 

60 ടൺ ഗോതമ്പാണ് ഒരുവർഷത്തോളം വാഗണിൽ ഇരുന്ന് നശിച്ചത്. സാധാരണ 21 വാഗൺ ഒരുമിച്ചാണ് കേന്ദ്രത്തിൽ നിന്ന് അയയ്ക്കാറുള്ളത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 20 വാഗണുകളേ ആലപ്പുഴയിലെത്തിയിരുന്നുള്ളു. ഒരു വാഗൺ കാണാതെ പോയെന്നാണ് അന്ന് വിശദീകരണമുണ്ടായത്! ഇതാണ് ഇപ്പോൾ ചുറ്റിത്തിരിഞ്ഞ് ആലപ്പുഴയിലെത്തിയത്.

വ്യാഴാഴ്ച രാവിലെയാണ് തൊഴിലാളികൾ ഇതിലെ ഗോതമ്പ് ലോറിയിൽ കയറ്റി എഫ്.സി.ഐ ഗോഡൗണിലെത്തിച്ചത്. ഗോതമ്പ് മോശമാണെന്ന് കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് പതിനൊന്ന് മാസം മുമ്പ് പുറപ്പെട്ടതാണ് വാഗണെന്ന് ബോദ്ധ്യമായത്. യാത്രയ്ക്കിടെ വാഗണിന് പലതവണ തകരാറുണ്ടായതിനെ തുടർന്നാണ് വൈകിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാകും. ഭക്ഷ്യധാന്യം നശിച്ചതിന് റെയിൽവേ എഫ്.സി.ഐയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടി വരും. റെയിൽവേ ഉദ്യോഗസ്ഥരും എഫ്.സി.ഐ അധികൃതരും സംഭവത്തെക്കുറിച്ച് പരിശോധിച്ച് ഉടൻ തീരുമാനമെടുക്കും. ഗോതമ്പ് എഫ്.സി.ഐയിൽ സൂക്ഷിച്ചിട്ടുണ്ട്.