സുപ്രിം കോടതി നിര്‍ദ്ദേശം മറികടന്ന് സിബിഐ ഡയറക്ടറെ വീണ്ടും മാറ്റി

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സിബിഐ മേധാവിയായി ചുമതലയേറ്റ അലോക് വര്‍മ്മയെ രണ്ടാംദിനം പുറത്താക്കി. ധൃതി പിടിച്ചുള്ള നീക്കത്തിന് പിന്നില്‍ ഒട്ടേറെ ദുരൂഹതകള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് വര്‍മയെ പുറത്താക്കാന്‍ തീരുമാനിച്ചത്. രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് സമിതിക്ക് മുന്നില്‍ വച്ചിരുന്നു. പ്രതിപക്ഷ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും വര്‍മ്മയെ നീക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പകരം കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ജസ്റ്റിസ് എ കെ സിക്രി മാറ്റുന്നതിനെ അനുകൂലിച്ചു. വര്‍മ്മയ്‌ക്കെതിരായ നടപടി മരവിപ്പിക്കണമെന്നും ആരോപണങ്ങളിന്മേല്‍ പുതിയ ഒരു പരിശോധന കമ്മിറ്റി അന്വേഷണം നടത്തണമെന്നായിരുന്നു ഖാര്‍ഗെ ആവശ്യപ്പെട്ടത്. ഈ ആവശ്യം തള്ളുകയായിരുന്നു.

വര്‍മ്മയ്ക്ക് പകരം ആരോപണ വിധേയനായ നാഗേശ്വര്‍ റാവുവിന് തന്നെ സിബിഐ ഡയറക്ടറുടെ ചുമതല നല്‍കി ഇന്ന് രാത്രി തന്നെ ഉത്തരവും പുറപ്പെടുവിച്ചു. പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്തുന്നതുവരെയാണ് ചുമതലയെന്ന് ഉത്തരവിലുണ്ട്. വര്‍മ്മയ്ക്ക് അഗ്നിശമന വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറല്‍ പദവിയാണ് നല്‍കിയിരിക്കുന്നത്.
ഒക്‌ടോബറില്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചൊവ്വാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കിയിരുന്നു. അതിന്റെ പിന്നാലെയാണ് വീണ്ടും നടപടി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഡയറക്ടറായി വീണ്ടും അലോക് വര്‍മ ഇന്നലെ ചുമതലയേറ്റെടുത്തിരുന്നു. ജനുവരി 31 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി.

യോഗം നടക്കുന്ന സമയത്ത് സിബിഐയില്‍ വന്‍ അഴിച്ചുപണിയുമായി അലോക് വര്‍മ്മ രംഗത്തെത്തിയിരുന്നു. അഞ്ച് ഉദ്യോഗസ്ഥരെയാണ് അദ്ദേഹം സ്ഥലം മാറ്റിയത്. സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയ്‌ക്കെതിരായ അന്വേഷണത്തിന്റെ ചുമതല പുതിയ ഉദ്യോഗസ്ഥര്‍ക്കും നല്‍കുകയായിരുന്നു.

സിബിഐ ഉന്നത ഉദ്യോഗസ്ഥരായ അജയ് ഭട്‌നഗര്‍, എം കെ സിന്‍ഹ, തരുണ്‍ ഗൗബ, മുരുഗേശന്‍ എന്നിവരെയാണ് വര്‍മ്മ സ്ഥലംമാറ്റിയത്. മുന്‍ ഡയറക്ടര്‍ നാഗേശ്വരറാവു നടത്തിയ എല്ലാ സ്ഥലം മാറ്റ ഉത്തരവുകളും അലോക് വര്‍മ്മ കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. പത്തോളം സ്ഥലം മാറ്റ ഉത്തരവുകളാണ് വര്‍മ റദ്ദാക്കിയിരുന്നത്.

നേരത്തേ അലോക് വര്‍മയും രാകേഷ് അസ്താനയും തമ്മിലുള്ള ഉള്‍പ്പോരിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വര്‍മയെ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഒക്‌ടോബര്‍ 23 ന് അര്‍ധരാത്രി സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെ ഹര്‍ജിയുമായി അദ്ദേഹം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

ഒന്നരമാസത്തോളം വാദം കേട്ടതിന് ശേഷം അലോക് വര്‍മയെ മാറ്റി നിര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. എന്നാല്‍ നയപരമായ തീരുമാനങ്ങള്‍ വര്‍മ എടുക്കരുതെന്നും അദ്ദേഹം പദവിയില്‍ തുടരുന്ന കാര്യം സെലക്ഷന്‍ കമ്മിറ്റിക്ക് തീരുമാനിക്കാമെന്നും സുപ്രിംകോടതി വിധിച്ചിരുന്നു.സുപ്രീംകോടതി വിധിയുണ്ടായ ബുധനാഴ്ച രാത്രി തന്നെ സെലക്ഷന്‍ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നുവെങ്കിലും തീരുമാനത്തിലെത്താനായില്ല. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വീണ്ടും യോഗംചേര്‍ന്ന് വര്‍മയെ നീക്കാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു.

റഫാല്‍ അടക്കമുള്ള കേസുകളില്‍ അന്വേഷണം നടത്താനിരിക്കെയാണ് സിബിഐ ഡയറക്ടറെ കേന്ദ്രസര്‍ക്കാര്‍ നീക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണെങ്കിലും ധൃതിപിടിച്ച് വര്‍മ്മയെ വീണ്ടും മാറ്റിയത് ഈ ആരോപണം ഒരിക്കല്‍കൂടി ശരിവയ്ക്കുന്നതാണ്. അലോക് വര്‍മ്മയുടെ വാദം കേള്‍ക്കാതെ സെലക്ഷന്‍ കമ്മിറ്റി ഏകപക്ഷീയമായി തീരുമാനം കൈക്കൊണ്ടത് നിര്‍ഭാഗ്യകരമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.