കേന്ദ്രസർക്കാരിന്റെ സംവരണ ബിൽ നിയമവിരുദ്ധം; ചോദ്യം ചെയ്‌ത് സുപ്രീം കോടതിയിൽ ഹ‌ർജി

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തു ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിയുടെ നിയമസാധുത ചോദ്യം ചെയ്‌ത് സുപ്രീം കോടതിയിൽ ഹർജി. 50 ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെയാണ് ബിൽ എന്ന് ചൂണ്ടിക്കാട്ടി യൂത്ത് ഫോർ ഇക്വാലിറ്റി എന്ന സംഘടനയും ഡോ. കൗശാൽ കാന്ത് മിശ്രയുമാണ് ഹർജി ഫയൽ ചെയ്തത്‌. മതിയായ ചർച്ച നടത്തിയതിന് ശേഷമല്ല ബിൽ പാസാക്കിയത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റിൽ പറത്തിയാണ് ബിൽ പാസാക്കിയതെന്നും ഹർജിക്കാർ ആരോപിക്കുന്നു.

എന്നാൽ ഏഴിനെതിരെ 165 വോട്ടുകൾക്കാണ് നരേന്ദ്ര മോദി സർക്കാരിന്റെ ഭേദഗതി കഴിഞ്ഞ ദിവസം പാസായത്. ലോക്‌സഭയിലേതുപോലെ കോൺഗ്രസ്, സി.പി.എം അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ പിന്തുണച്ചു. മുസ്ളീംലീഗും ഡി.എം.കെയും ആം ആദ്മി പാർട്ടിയും എതിർത്തു. ചൊവ്വാഴ്‌ച ലോക്‌സഭയിൽ പാസായ ബിൽ ഇനി രാഷ്‌ട്രപതി ഒപ്പിടുന്നതോടെ നിയമമാകും. ബിൽ പാസാക്കി ശീതകാല സമ്മേളനം പിരിഞ്ഞു.

ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പ്രമേയവും സ്വകാര്യ സ്ഥാപനങ്ങളിലെ സംവരണത്തെ എതിർത്ത സി.പി.എമ്മിന്റെ അടക്കം ഭേദഗതികളും വോട്ടിനിട്ട് തള്ളി. ധൃതിയിൽ ബിൽ കൊണ്ടുവന്നതിനെ അപലപിച്ച കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള പാർട്ടികൾ സാമ്പത്തിക പിന്നാക്കാവസ്ഥ നിർണയിക്കുന്നതിലെ അവ്യക്തത ചൂണ്ടിക്കാട്ടി. പിന്നാക്ക സമുദായങ്ങൾക്കുള്ള സംവരണം 50ൽ നിന്ന് 54 ശതമാനമാക്കണമെന്ന് സമാജ്‌വാദി അംഗം രാംഗോപാൽ യാദവ് ആവശ്യപ്പെട്ടു.