വനിതാ മതിലിന് ഞാൻ എതിരല്ല; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് കാനം പറയാത്തതെന്ത്?: പരിഹാസവുമായി വിഎസ്

വനിതാ മതില്‍ വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പരിഹസിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദൻ.വനിതാ മതിലിന് താന്‍ എതിരല്ലെന്നും ശബരിമലയില്‍ യുവതികളെ കയറ്റുന്നതിനെ പിന്തുണക്കുന്നതില്‍ കാനം രാജേന്ദ്രന്‍ പിറകിലായെങ്കിലും കാനം രാജേന്ദ്രന്‍ ഇപ്പോഴും സിപിഐ ആണെന്ന് തനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും വിഎസ് പരിഹാസ രൂപേണ പറഞ്ഞു. 

വനിതാ മതിലിന് താന്‍ എതിരല്ല. കാനത്തിന്റെ മനസില്‍ മതില്‍ എന്ന ആശയം ശക്തമായി ഉള്ളതുകൊണ്ടാകും ശബരിമലയിലെ യുവതീപ്രവേശത്തെ പിന്തുണക്കുന്നതില്‍ പിന്നിലായത്. താന്‍ പറഞ്ഞത് വര്‍ഗസമരത്തെക്കുറിച്ചും വിപ്ലവ പരിപാടികളെക്കുറിച്ചുമാണ്.

വര്‍ഗ സമരത്തെക്കുറിച്ച് താന്‍ പറഞ്ഞത് കാനം തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും വിഎസ് പറഞ്ഞു. വനിതാ മതിലിന്റെ സംഘാടനത്തെ വിമര്‍ശിച്ച വിഎസിനെതിരെ കാനം രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയും മുന്നണിയും ചേര്‍ന്നാണ് വനിതാ മതില്‍ തീരുമാനമെടുത്തതെന്നും വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നു താന്‍ വിശ്വസിക്കുന്നുവെന്നും കാനം പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് വിഎസ് നല്‍കിയിരിക്കുന്നത്.