ഡിസംബർ 25 ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും സുപ്രധാനമായ ദിവസം

വിഷ്ണു വിജയൻ

“I measure the progress of a community by the degree of progress which woman have Achieved” – Dr. BR. Ambedkar

ഡിസംബർ 25 ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും സുപ്രധാനമായ ദിവസം, ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകൾക്കും, കീഴാള ജനവിഭാഗങ്ങൾക്കും എക്കാലവും സാമൂഹിക അസമത്വം വിധിച്ചിരുന്ന ബ്രാഹ്മണ്യ ധാർമ്മിക ചിന്തയുടെ അടിസ്ഥാനമായി പ്രവർത്തിച്ച മനുസ്മൃതി, ദളിതർക്ക് പ്രവേശനം നിഷേധിച്ചിരുന്ന ചൗദാർ കുളത്തിന് സമീപം ആയിരങ്ങളെ സാക്ഷി നിർത്തി ഡോ. അംബേദ്കർ അഗ്നിക്കിരയാക്കിയ ദിവസം.

അംബേദ്കർ മനുസ്മൃതി കത്തിക്കുക മാത്രമല്ല ചെയ്തത്, സഹസ്രാബ്ധങ്ങളായി ഈ ദേശത്ത് വലിയ വിഭാഗം ജനത്തിന് നിഷേധിക്കപ്പെട്ടിരുന്ന മനുഷ്യത്വം ഉറപ്പു വരുത്തുന്ന നീതി ശാസ്ത്രം രാജ്യത്തിന് സംഭാവന ചെയ്തു എന്നതാണ് അംബേദ്കർ ഇന്ത്യാ ചരിത്രത്തിൽ നടത്തിയ ഏറ്റവും വലിയ ഇടപെടൽ. അംബേദ്കർ സംഭാവന ചെയ്ത ആ മാനവിക നീതിയും മനുസ്മൃതിയും തമ്മിലുള്ള പോരാട്ടമാണ് ശബരിമല ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇപ്പോഴും തുടർന്ന് പോരുന്നത്.

സതി നിലനിർത്തി പോന്നിരുന്നതും, സതി നിരോധിച്ചപ്പോൾ പതിനായിരകണക്കിന് സ്ത്രീകളെ തെരുവിൽ ഇറക്കിയതും, നൂറ്റാണ്ടുകൾക്കിപ്പുറം കേരളത്തിൽ ആർത്തവ ലഹളയുടെ പേരിൽ സ്ത്രീകളെ തെരുവിൽ സംഘടിപ്പിക്കുന്നതും, ബ്രാഹ്മണർ കഴിച്ചതിൻ്റെ എച്ചിലിൽ അവർണർ ഉരുളുന്ന കീഴ്വഴക്കങ്ങളുടെ രൂപത്തിൽ കാലാകാലങ്ങളിൽ അയിത്തവും, അനാചാരങ്ങളും അനുവർത്തിക്കുന്നതും ഇതേ മനുസ്മൃതിയിൽ അധിഷ്ഠിതമായി ബ്രാഹ്മണ്യ ധാർമ്മിക ബോധത്തിൻ്റെ ഭാഗമാണ്.

അവിടെയാണ് ഈ ദിവസത്തിൻ്റെ പ്രത്യേകത, ഇന്ത്യ ഒരു മഹത്തായ രാജ്യമായി എന്നെങ്കിലും മാറിത്തീരണം എന്ന് ആത്മാർത്ഥമായി നമ്മൾ ആഗ്രഹിക്കുന്നു എങ്കിൽ, മനുസ്മൃതി അടക്കമുള്ള അനീതിയുടെ ശാസ്ത്രങ്ങളിൽ അധിഷ്ഠിതമായ ധാർമ്മിക ബോധങ്ങളെ എന്നെന്നേക്കുമായി തിരുത്തി എഴുതി മാത്രമേ നമുക്ക് മുൻപോട്ടു പോകാൻ കഴിയൂ.

ജ്ഞാനോദയ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഭരണഘടന മുൻപോട്ടു വെക്കുന്ന
ജനാധിപത്യത്തിൻ്റെയും, ലിംഗനീതിയുടെയും, പൗരാവകാശത്തിൻ്റെയും, മാനവിക ചിന്തകളുടെയും അഗ്നിയിൽ മനുസ്മൃതി ഒരോ തവണയും എരിഞ്ഞു തീരട്ടെ…