നീല പെൺകുട്ടി ട്രെയിൻ മുട്ടി മരിച്ചു

ഏംഗൽസ് നായർ

സംഭവ കഥ 

നീല പെൺകുട്ടി

85 വർഷം മുമ്പ് ഇന്നായിരുന്നു ആ ദിവസം……..

അമേരിക്കയിലെ ക്ലെവലാൻഡി (Cleveland) ൽ നിന്നും 30 കിലോമീറ്റർ വടക്കുകിഴക്കായി, എറീ (Erie) തടാകത്തിൽനിന്നും മൂന്നോനാലോ കിലോമീറ്ററിനടുത്ത്‌ വിലഫ്ബി (Willoughby) എന്ന ചെറിയ പട്ടണം. ഈ വിലഫ്ബി പട്ടണത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി വിലഫ്ബി വില്ലേജ് സെമിത്തേരി. ഈ വില്ലേജ് സെമിത്തേരിയുടെ നടുക്കുതന്നെയായി ഒരു വലിയ മൾബറിമരം. അവിടെ മറ്റു മരങ്ങൾ ഒന്നും തന്നെയില്ല . ആ മൾബറി മരത്തിന്റെ തണലിൽ ഒരു ശവകുടീരം. അതിൽ ആരൊക്കെയൊ അർപ്പിച്ചിരിക്കുന്ന വാടാത്ത പുഷ്പങ്ങൾ, അലക്ഷ്യമായി എറിഞ്ഞിട്ടിരിക്കുന്ന പെന്നീസ്, ഡൈംസ് (Pennies Dimes) എന്നീ നാണയതുട്ടുകൾ. ആ ശവകുടീരത്തിന്റെ ,സ്മാരക ശിലയിൽ (Gravestone) ൽ അവ്യക്തത നിഴലിക്കുന്ന വിവരങ്ങൾ.

In Memory of the
Girl in Blue
Killed by Train
Dec. 24, 1933
Unknown. But not forgotten

നീല പെൺകുട്ടി
ട്രെയിൻ മുട്ടി മരിച്ചു
Dec. 24, 1933

അതിനടിയിൽ വേദനിപ്പിക്കുന്ന വാക്കുകൾ

അറിയില്ല, പക്ഷെ മറക്കാനാവില്ല

1933 ക്രിസ്തുമസ്സ് ദിനത്തിനും രണ്ടു ദിവസം മുമ്പ് Dec 23 ന് നീല പാവാടയും വെള്ള ബ്ലൗസും ധരിച്ച ഒരു പെൺകുട്ടി ഗ്രേഹോണ്ട് ബസ്സിൽ (Greyhound Bus) ൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. പൂക്കൾ തുന്നിയ തൻറെ നീല സ്കാർഫ് അലക്ഷ്യമായി കഴുത്തിൽ ചുറ്റിയിരുന്നു. അവളുടെ ഷൂസും എന്തിന് പേഴ്സ് പോലും നീലയായിരുന്നു. ടിക്കറ്റ് എടുക്കുന്നതിനുമുമ്പായി പെൻസിൽവാനിയ (Pennsylvania) യിലെ എറി (Eerie) എന്ന സ്ഥലത്തേക്കും പിന്നെ ന്യൂയോർക്കിലെ എൽമിര (Elmira) എന്ന സ്ഥലത്തേക്കുമുള്ള ടിക്കറ്റ് നിരക്കുകളെകുറിച്ച് ചോദിച്ചറിഞ്ഞു. പക്ഷെ അവൾ ടിക്കറ്റ് എടുത്തത് ഒഹയോ (Ohio) യിലെ വിലഫ്ബി (Willoughby) എന്ന സ്ഥലത്തേക്ക് ആയിരുന്നു. ഡിസംബറിലെ തണുത്ത കാറ്റിൽ ചുവപ്പും ബ്രൗണും ചേർന്ന അവളുടെ തലമുടി പാറി പറന്നു നടന്നു. ബസ്സ് മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

വിലഫ്ബി പട്ടണത്തേകുറിച്ച് വലിയ ധാരണകൾ ഒന്നും ഇല്ലാത്തതിനാൽ നഗരത്തിലെ പ്രധാന ബസ്സ് സ്റ്റോപ്പിൽ ഇറങ്ങേണ്ടതിനു പകരം അര കിലോമീറ്റർ അപ്പുറത്തുള്ള മറ്റൊരു ബസ്സ് സ്റ്റോപ്പിൽ ആണ് അവൾ എത്തിയത്. തന്റെ ചെറിയ ലെതർ സ്യൂട്കെയ്സുമായി അവൾ പുറത്തിറങ്ങി. അപരിചിതമായ സ്ഥലത്തു ആദ്യമായി വന്നിറങ്ങിയ ആ പെൺകുട്ടിയെ പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഏകദേശം 22-23 വയസ്സ്. അഞ്ചര അടി ഉയരം. കണ്ണുകൾ പച്ചയോ നീലയോ എന്ന് സംശയം …. നീല വസ്ത്രങ്ങൾക്കിടയിൽ അവളുടെ കണ്ണുകളുടെ നിറം നീലയും, പച്ച മരങ്ങൾക്കിടയിൽ നിൽക്കുമ്പോൾ പച്ചയും ആകുന്ന മാന്ത്രിക കണ്ണുകൾ … (hazel eyes). തന്റെകൂടെ അവിടെ ബസ്സ് ഇറങ്ങിയ ഒരു സഹയാത്രികനോട് താൽകാലികമായി തങ്ങാൻ ഒരിടം അന്വേഷിച്ചു. അയാൾ പറഞ്ഞതനുസരിച് അവൾ പട്ടണത്തിന്റെ ഹൃദയഭാഗത്തേക്കു നടന്നു. അവൾ നേരെ പോയത് തേഡ് സ്ട്റീറ്റിൽ ലോഡ്ജ് നടത്തുന്ന മിസ്സിസ്സ് മേരി ജൂഡിന്റെ (Mrs Mary Judd) ന്റെ അടുത്തേക്കാണ്. മേരി ജൂഡ് പെൺകുട്ടിക്ക് താമസിക്കാനായി മുകളിലത്തെ നിലയിൽ ഒരു മുറി കൊടുത്തു. മിസ്സിസ്സ് ജൂഡ് കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ തന്നെ ആ പെൺകുട്ടി കതകടച്ചു ഉറങ്ങാൻ കിടന്നു.

പിറ്റേദിവസം പ്രഭാതത്തിൽ ആ നീല പെൺകുട്ടി ഗോവണി ഇറങ്ങി വരുമ്പോഴാണ് മിസ്സിസ്സ് ജൂഡ് പിന്നീട് അവളെ കാണുന്നത്. അപ്പോൾ അവൾ ഒരു നീല വുളൻ ഓവർകോട്ടുകൂടി ധരിച്ചിരുന്നു. ഗോവണി ഇറങ്ങി അവൾ നേരെ പ്രഭാതഭക്ഷണ മുറിയിലേക്ക് പോയി. റൂമിന്റെ ഒരു ഒഴിഞ്ഞ കോണിൽ ഇരുന്നു പ്രഭാതഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ മിസ്സിസ് ജൂഡിനെ അടുത്തു വിളിച്ച് അടുത്തുള്ള പള്ളിയെ കുറിച്ചും കുർബാന സമയത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. മേരി എന്തോ ചോദിച്ചതും ഒഴിഞ്ഞു മാറാനായി അവൾ പട്ടണത്തിലെ പ്രധാന ബസ്സ് സ്റ്റാൻഡിലേക്കുള്ള വഴി ചോദിച്ചു. പ്രഭാതഭക്ഷണം കഴിച്ച് ഒരു മന്ദഹാസത്തോടെ അവൾ അവിടെ നിന്നും പുറത്തിറങ്ങി തെരുവിലൂടെ നേരെ മുന്നോട്ടു നടന്നു.

അസാധാരണ സൗന്ദര്യമുള്ള ഈ നീല പെൺകുട്ടിയെ ആരും ശ്രദ്ധിക്കാതിരുന്നില്ല. അവൾ എല്ലാവരെയും നോക്കി പുഞ്ചരിച്ചു ഹസ്തദാനം നൽകി ആലിംഗനം ചെയ്തു ആശംസകൾ കൈമാറി .. . . മെറി ക്രിസ്മസ്സ് …. മെറി ക്രിസ്മസ്സ് ….

തീർത്തും അപരിചിതത്വം പ്രകടിപ്പിക്കാത്ത ഈ നീല പെൺകുട്ടിയുടെ പെരുമാറ്റം പലരെയും വിസ്മയിപ്പിച്ചു. അടുത്ത പരിചയക്കാരിൽ ആരെങ്കിലുമാണോ അതോ കണ്ടു മറന്ന ഒരു മുഖമാണോ അല്ലെങ്കിൽ എപ്പോഴെങ്കിലും കാണാൻ കൊതിച്ച ഒരു രൂപമാണോ ഈ പെൺകുട്ടി എന്ന് പലരും സംശയിച്ചു .നീല വുളൻ ഓവർകോട്ട് നീലപ്പാവാട, നീല സ്കാർഫ് നീല ഷൂ എന്തിനേറെ പഴ്സ് പോലും നീലയായിരുന്നു. ഒന്നു രണ്ടുപേർ അവളെ തടഞ്ഞു എന്തോ ചോദിക്കുവാൻ ആഗ്രഹിച്ചെങ്കിലും അവൾ ഒരു പുഞ്ചിരിയോടെ അവർക്ക് ക്രിസ്തുമസ്സ് ആശംസകൾ നൽകി …മെറി ക്രിസ്മസ്സ് ……….മെറി ക്രിസ്മസ്സ് .

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഈ നീല പെൺകുട്ടി മിസ്സിസ്സ് ജൂഡിന്റെ ലോഡ്ജിൽ തിരിച്ചെത്തി നേരെ മുകളിലത്തെ തന്റെ മുറിയിലേക്കു പോയി. മുറി പൂട്ടി താക്കോലുമായി താഴെ വരുമ്പോൾ മിസ്സിസ്സ് ജൂഡ് താഴെതന്നെ നിൽപ്പുണ്ടായിരുന്നു. താമസിച്ചതിനുള്ള പണവും താക്കോലും കൈമാറുമ്പോൾ മിസ്സിസ്സ് ജൂഡ് ഒരു കാര്യം ശ്രദ്ധിച്ചു. അവൾ തൻറെ ലെതർ സ്യൂട്കെയ്സു ഇറുകെ പിടിച്ചിരിക്കുന്നു. താമസ സൗകര്യം ഒരുക്കിയതിനു നന്ദിയും കടപ്പാടും പറഞ്ഞു മേരിയെ ആലിംഗനം ചെയ്തുകൊണ്ടു പറഞ്ഞു …………. മെറി ക്രിസ്മസ്സ് ……….മെറി ക്രിസ്മസ്സ് .

ആ പെൺകുട്ടി പുറത്തേക്കിറങ്ങി നീങ്ങിയപ്പോൾ എന്തൊക്കെയോ ചിന്തകൾ മിസ്സിസ്സ് മേരിയിൽ ബാക്കിയായി. ആ നീല പെൺകുട്ടി അവിടെ നിന്നും തെക്കോട്ടുള്ള തെരുവിലൂടെ തന്റെ ചെറിയ ലെതർ സ്യൂട്കെയ്സും തൂക്കി നടന്നു. വഴിയിൽ കണ്ടവരെ നോക്കി പുഞ്ചിരിച്ചു കൈകൾ വീശി ക്രിസ്മസ്സ് ആശംസകൾ നേർന്നു. അടുത്തു കണ്ടവർക്കെല്ലാം ഹസ്തദാനം നൽകി. അവൾ ആശംസകൾ നേരുമ്പോൾ ഒരു വട്ടിപൂ കൂടി നൽകുന്നതു പോലെ തോന്നിയിരുന്നു. ഹൃദയപൂർവം നൽകുന്ന ആശംസകൾക്ക് അറിയാത്തൊരു സൗരഭ്യം കൂടി ഉണ്ട് . വയസ്സായ സ്ത്രീകൾ പോലും തിരിഞ്ഞു നോക്കി ആ പെൺകുട്ടി ഒഴുകി നീങ്ങുന്നത് ശ്രദ്ധിച്ചു. നക്ഷത്രം മിന്നിമറയുന്ന കണ്ണുകൾ. അമേരിക്കയിൽ ഈ ഭാവത്തിലും രൂപത്തിലും സാധാരണയായി പെൺകുട്ടികളെ കാണാറില്ല. കിഴക്കൻ യൂറോപ്പിൽ നിന്നും കുടിയേറിയ ആരുടെന്റെയെങ്കിലും മകളായിരിക്കാം ഒരു വൃദ്ധൻ സംശയം പ്രകടിപ്പിച്ചു.

തെരുവിലൂടെ നേരെ നടന്നു സെമിത്തേരിയും കഴിഞ്ഞു കുറച്ചു ചെന്നപ്പോൾ ആ തെരുവിന്റെ അവസാനഭാഗം എത്തിയിരുന്നു. അവിടെ വളർന്നു നിൽക്കുന്ന ഒരു കൂട്ടം മാപ്പിൾ മരങ്ങൾ. ഒന്നും ആലോചിച്ചു നിന്നില്ല അവൾ ആ മാപ്പിൾ മരങ്ങളുടെ ഇടയിലേക്കു കയറി അപ്രത്യക്ഷയായി.

ആ മാപ്പിൾ മരങ്ങളുടെ തെക്കേവശത്ത് ന്യൂയോർക്കിലേക്ക് പോകുന്ന റെയിൽവേ ലൈൻ ആയിരുന്നു. ദൂരെ നിന്നും ഒരു തീവണ്ടി വരുന്നതിന്റെ നേർത്ത ശബ്ദം കേട്ടുതുടങ്ങി. നൂറു കിലോമീറ്റർ വേഗതയിൽ പാഞ്ഞുവരുന്ന ഈസ്റ്റ്ബൌണ്ട് ഫ്ലയർ ആയിരുന്നു ആ ട്രെയിൻ.

തീവണ്ടിയുടെ ചൂളം വിളി ദൂരെനിന്നും കേട്ടപ്പോൾ അവൾ ആ മാപ്പിൾ മരക്കൂട്ടങ്ങൾക്കിടയിൽ നിന്നും പുറത്തേക്കുവന്നു. അപ്പോഴും അവൾ തന്റെ സ്യൂട്കെയ്സ് ഇറുകെപിടിച്ചിരുന്നു. തീവണ്ടി അടുത്തെത്താറായപ്പോൾ അവൾ ആ സ്യൂട്കെയ്സു താഴെ വച്ച് ആ ട്രെയിനിന്റെ മുന്നിലേക്ക് ഓടി അടുത്തു . മിന്നുന്ന വേഗതയിൽ അവളുടെ ശരീരത്തെ തട്ടിതെറിപ്പിച്ചു ആ ട്രെയിൻ കടന്നുപോയി.

അവൾ തെറിച്ചുവീണത് പാളത്തിന്നരികിലെ മെറ്റൽ ട്രാക്കിലേക്കായിരുന്നു. ഈ കാഴ്ച പലരും ഒരു സ്വപ്നത്തിലെന്നപോലെ കാണുന്നുണ്ടായിരുന്നു. ആളുകൾ ഓടി അടുക്കുന്നതിനും മുമ്പേ തന്നെ അവളുടെ നീലമിഴികൾ എന്നെന്നേക്കുമായി താനെ അടഞ്ഞു.

അധികം താമസിയാതെ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ അവിടെ എത്തി. അപ്പോഴും അവൾ നീല വസ്ത്രങ്ങൾന്റെക്കിടയിൽ സുന്ദരിയായിത്തന്നെ കിടന്നിരുന്നു. അവർക്ക് വിശ്വസിക്കാനായില്ല. അവളുടെ ദേഹത്ത് ഒരു മുറിവോ ഒരു തുള്ളി ചോരയോ കാണാൻ ഉണ്ടായിരുന്നില്ല. ഒറ്റനോട്ടത്തിൽ അവൾ അപ്പോളും ഉറങ്ങുകയാണെന്നേ തോന്നിയിരുന്നുള്ളു. അവളെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങളോ അടയാളങ്ങളോ അവളുടെ ശരീരം പരിശോധിച്ചതിൽ നിന്നും അവർക്കു ലഭിച്ചില്ല. അവളുടെ നീല പഴ്സിൽ നിന്നും വെറും 90 സെന്റ് നാണയങ്ങൾ ലഭിച്ചു.

കഴിഞ്ഞ ദിവസം ഈ പെൺകുട്ടിയെ പണമില്ലാത്തതിനാൽ കിർട്ലാൻഡിൽ (Kirtland) വച്ച് ഒരു ടാക്സി കാറിൽ (streetcar) ൽ നിന്നും ഇറക്കി വിടുന്നത് കണ്ടു എന്ന് അവിടെ നിന്നവരിൽ ആരോ പറഞ്ഞു. കൂടുതൽ പരിശോധിച്ചപ്പോൾ പഴ്സിൽ നിന്നും പെൻസിൽവാനിയിലെ കോറി (Corry) എന്ന സ്ഥലത്തേക്കുള്ള ഒരു ട്രെയിൻ ടിക്കറ്റ് ലഭിച്ചു . കൂടാതെ സാധാരണ പെണ്ണുങ്ങൾ കയ്യിൽ കരുത്താറുള്ള ഒരു തൂവാലയും മേക്കപ് സാധനങ്ങൾ സൂക്ഷിക്കുന്ന ഒരു ചെപ്പും കിട്ടി. ആ പരിസരം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അവളുടെലെതർ സ്യൂട്കെയ്സ് കണ്ടുകിട്ടി. അതിനകത്തു നിന്നും ഒരു തോർത്തും വളരെ കൂർമ്പിച്ച കുറെ പെൻസിലുകളും കുറച്ച് എൻവെലപ്സും (envelops) കിട്ടി എന്നല്ലാതെ ഈ പെൺകുട്ടിയെ തിരിച്ചറിയാനുള്ള യാതൊരു അടയാളങ്ങളും അതിനകത്ത് ഉണ്ടായിരുന്നില്ല. പാളം മുറിച്ചുകടക്കുമ്പോൾ ട്രെയിൻ ഇടിച്ചതാണോ അതോ ആത്‍മഹത്യ ചെയ്തതാണോ അതോ ട്രെയിനിൽ കയറാനായി അടുത്തുള്ള സ്റ്റേഷനിലേക്ക് ഓടിയപ്പോൾ ട്രെയിൻ ഇടിച്ചതാണോ എന്നിങ്ങനെ പല സംശയങ്ങളും ഉദ്യോഗസ്ഥർക്ക് ബാക്കിയായി. പക്ഷെ ആ നാട്ടുകാർ ഒരു കാര്യത്തിൽ ഉറച്ചു നിന്നു. അവൾ ആത്‍മഹത്യചെയ്തതല്ല. ആ നീല പെൺകുട്ടി മരിച്ചു എന്ന് വിശ്വസിക്കാൻ അവർക്കു ഇപ്പോഴും കഴിഞ്ഞിട്ടില്ല അല്ലെങ്കിൽ ഇത്ര സന്തോഷവതിയായ ഈ പെൺകുട്ടി എന്തിനു ആത്‍മഹത്യ ചെയ്യണം’.

അവളുടെ ശരീരം പിന്നീട് മിസ്റ്റർ ജയിംസ് മക്മഹൊൻ (Mr James McMahon) നടത്തുന്ന സംസ്കാര ചടങ്ങുകൾ നടത്തുന്ന സ്ഥാപനത്തിലേക്ക് കൊണ്ടുപോയി. ഇന്നതിന്റെ പേര് McMahon-Coyne Vitantonio Funeral Home എന്നാണ്. അവിടെ വച്ച് നടത്തിയ പരിശോധനയിൽ തലയോട്ടിയിൽ ഏറ്റ ക്ഷതമാണ് മരണകാരണം എന്ന് മനസ്സിലായി. കൂടാതെ ഉയർന്ന കവിളെല്ലുകളും നേരെയുള്ള പല്ലുകളും പരിശോധിച്ചതിൽ ഇവൾ ഏതോ വിദേശ മാതാപിതാക്കൾക്ക് ജനിച്ചതാണെന്നു ജയിംസ് അഭിപ്രായപ്പെട്ടു. ഉയരം അഞ്ചടി നാലിഞ്ച്, 135 പൗണ്ട് …61 കിലോ തൂക്കം, hazel eyes .. auburn hair.

അജ്ഞാതയായ നീല പെൺകുട്ടിയുടെ ദാരുണമായ അന്ത്യത്തെകുറിച്ചുള്ള വാർത്തകൾ ന്യൂസ് പേപ്പറുകളിൽ Newspaper കളിൽ പരന്നു. അവൾക്കു അന്ത്യോപചാരം അർപ്പിക്കുവാൻ പലദിക്കിൽ നിന്നും ആളുകൾ വന്നുകൊണ്ടിരുന്നു. ഇവരിൽ ആർക്കെങ്കിലും ഇവളെ തിരിച്ചറിയാൻ കഴിയും എന്ന് ജെയിംസ്ന് പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ ദിവസങ്ങൾ കഴിയുന്തോറും അദ്ദേഹത്തിന്റെ പ്രതീക്ഷക്ക് മങ്ങലേറ്റുതുടങ്ങി. വിലഫ്ബിയിലെ താമസക്കാർ അവളുടെ അന്ത്യകര്മങ്ങള്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വില്ലജ് സെമിത്തേരിയുടെ നടുക്ക്തന്നെ അവൾക്കു വേണ്ടി ആറടി മണ്ണ് ഒരാൾ വിലക്കുവാങ്ങി. ശവകുടീരത്തിൽ ഒരു തലക്കല്ല് (Headstone) നിർമ്മിക്കുവാൻ സെമിത്തേരിയുടെ സൂക്ഷിപ്പുകാരൻ ഹംക് ഹവലി (Hank Haverly) മുൻകൈയെടുത്ത് 60 ഡോളർ പിരിച്ചുണ്ടാക്കി. എല്ലാ വർഷവും അവിടെ ജെറേനിയം geranium പുഷ്പങ്ങൾ അർപ്പിക്കുവാൻ മറ്റൊരു 15 ഡോളറിന്റെ ഫണ്ടും ഉണ്ടാക്കി. ഒരു പത്തു ദിവസം കൂടി നീലവിഭൂഷിതയായി ആ പെൺകുട്ടി അവകാശികളെ കാത്തു കിടന്നു.

1934 പുതുവർഷത്തിൽ ജനുവരി 5 നു മൂവായിരത്തോളം ആളുകൾ കണ്ണുനീരിൽ വിടചൊല്ലി വിലഫ്ബി വില്ലേജ് സെമിത്തേരിയുടെ നടുവിൽ നിൽക്കുന്ന വലിയ പൈൻമരത്തിന്റെ തണലിൽ ആ നീല പെൺകുട്ടി അന്ത്യ വിശ്രമം തുടങ്ങി. ആ ശവകുടീരത്തിലെ മനോഹരമായ ശിലാഫലകത്തിൽ ഇങ്ങനെ കൊത്തിവച്ചിരുന്നു .

In Memory of the
Girl in Blue
Killed by Train
Dec. 24, 1933
Unknown. But not forgotten

സത്യം അതുതന്നെ ആയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും നീല പെൺകുട്ടിയെ അന്വേഷിച്ചുവരുന്നവരുടെ എണ്ണം ഒട്ടും കുറഞ്ഞില്ല. എന്നെന്നും അവിടെ പുതിയ പുഷ്പങ്ങൾ അർപ്പിക്കപ്പെട്ടു. മാത്രമല്ല അവളുടെ ശവകുടീരത്തിനു ചുറ്റും വളർന്നുവന്ന ചെറിയ ചെടികളിൽ ഇപ്പോഴും പുഷ്പങ്ങൾ വിടർന്നു നിൽക്കുന്നത് സന്ദർശകരെ അതഭുതപ്പെടുത്തി. അവിടെ എടുക്കുന്ന ഫോട്ടോകളിൽ ചില അദൃശ്യരൂപങ്ങൾ പറന്നുനടക്കുന്നത് കാണുന്നു എന്ന് പലരും പറഞ്ഞു. ഒരു പെൺകുട്ടിയുടെ അദൃശ്യ ശബ്ദം അവിടെ നിന്നും റെക്കോർഡ് ചെയ്തതായി പരനോർമൽ ആക്ടിവിസ്റ്റ്സ് (paranormal activists) അവകാശപ്പെട്ടു. നീലനിറത്തിൽ വസ്ത്രം ധരിച്ച ഒരു പെൺകുട്ടി ആ തലക്കല്ലിന്റെ headstone ന്റെ അടുത്തുനിന്നു തൻറെ ശവകുടീരത്തെ നോക്കി സാന്ദ്രമായി വിതുമ്പുന്നുത് കണ്ടിരുന്നു എന്ന് പലരും അവകാശപ്പെട്ടു.

മാഞ്ഞു പോകാത്ത ഓർമകളുമായി 60 വർഷം കടന്നുപോയി. തണുത്ത കാറ്റിലും മഞ്ഞിലും കുളിച്ച് ആ നീല പെൺകുട്ടി താൻ ആരെന്ന് ആരെയുമാറിയിക്കാതെ വിലഫ്ബി വില്ലേജ് സെമിത്തേരിയിൽ അന്തിയുറങ്ങി. 1993 ഡിസംമ്പർ 23 ന്, The News Herald എന്ന പത്രത്തിൽ പ്രഹേളികയായി മാറിയ നീല പെൺകുട്ടിയുടെ അറുപതാം ചരമ വാർഷികത്തിൽ ഒരു ഓർമ്മകുറിപ്പ് പ്രസിദ്ധപ്പെടുത്തി. പെൻസിൽവാനിയയിലെ കോറി എന്ന സ്ഥലത്തു നിന്നും പ്രസിദ്ധീകരിക്കുന്ന കോറി ഈവനിംഗ് ജേണലി (Corry Evening Journal) ൽ ഈ കുറിപ്പ് പുനഃപ്രസിദ്ധീകരിച്ചു. പെൻസിൽവാനിയയിലെ കോറിയിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ആയിരുന്നു അവൾ മരിക്കുമ്പോൾ അവളുടെ പഴ്സിൽ നിന്നും ലഭിച്ച ഏക തെളിവ്.

കോറിയിലെ താമസക്കാരനായ ഒരു സ്ഥലക്കച്ചവടക്കാരൻ എഡ്വേഡ് സെക്റാക് (Edward Sekerak) ഈ വാർത്ത വായിച്ചപ്പോൾ എന്തൊക്കെയോ ചില സംഭവങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു. മുമ്പെവിടെയോ ഈ പെൺകുട്ടിയെ കുറിച്ച് കേട്ടിട്ടുണ്ട്.. നീല പെൺകുട്ടി Girl in Blue.. പക്ഷെ ഓർമ്മ വരുന്നില്ല. എഡ്വേഡ് തന്റെ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു . അവർക്ക് അധികം ആലോചിക്കേണ്ടിവന്നില്ല. 1985 ൽ നടത്തിയ ഒരു സ്ഥല കച്ചവടത്തെകുറിച്ച് അവൾ ഓർമിപ്പിച്ചു.

1901 ൽ പോളണ്ടിൽ (Poland) ൽ നിന്നും അമേരിക്കയിലെ പെൻസിൽവാനിയ (Penninsylvania) യിലേക്ക് കുടിയേറിയ ജേക്കമ്പി (Jacob) ന്റെയും കാതറിൻ ക്ലിംസാക് (Catherine Klimczak) ന്റെയും മകളാണ് ആ നീല പെൺകുട്ടി. അവൾക്ക് ഒരു പേരുണ്ട് ജൊസഫിൻ ക്ലിംസാക് (Josephine Klimczak). വീട്ടിൽ അവളെ സോഫീ (Sophie) എന്നാണ് വിളിച്ചിരുന്നത്. ജേക്കമ്പ് ദമ്പതികൾക്ക് സോഫിയെ കൂടാതെ അഞ്ചു പെൺകുട്ടികളും മുന്ന് ആൺകുട്ടികളും ഉണ്ടായിരുന്നു. സ്പ്രിങ് ക്രീകി (Spring Creek) ലുള്ള ഇവരുടെ 100 ഏക്കർ ഭൂമി കച്ചവടം ചെയ്യുവാൻ ഈ സ്ഥലക്കച്ചവടക്കാരൻ എഡ്വേഡ് സെക്റാകിനെ യാണ് ഏൽപ്പിച്ചിരുന്നത്. 1985 ൽ കച്ചവടം ചെയ്യുമ്പോൾ സോഫി (Sophie) യുടെ സഹോദരൻ ലിയോ (Leo) ഒരു പ്രമാണം… (affidavit) … കൊണ്ടുവന്നിരുന്നു ആ പ്രമാണത്തിൽ ഇങ്ങനെ എഴുതിയിരുന്നു.

“1933 Dec 24 ആം തീയതി Ohio യിലെ വിലഫ്ബിയിൽ വച്ച് ഒരു ട്രെയിൻ accident ൽ ജൊസഫിൻ ക്ലിംസാക് കൊല്ലപ്പെട്ടു. തുടർന്ന് ജോസഫിനെ വിലഫ്ബി വില്ലേജ് സെമിത്തേരിയിൽ Girle in Blue എന്ന പേരിൽ നാട്ടുകാർ അടക്കം ചെയ്തു. “”

1938 ൽ തന്റെ സഹോദരിയുടെ മരണത്തിനു അഞ്ചു വർഷത്തിന് ശേഷം ലിയോ, എങ്ങനെയോ തന്റെ സഹോദരിയുടെ മരണവിവരം കേട്ടറിഞ്ഞ് സഹോദരിയുടെ കുഴിമാടത്തിന്നരികിൽ എത്തി. ഇത് മറ്റാരും അറിഞ്ഞിരുന്നില്ല.

Girle in Blue സോഫി എന്ന ജൊസഫിൻ ക്ലിംസാക് ആണെന്ന് വിലഫ്ബിയിൽ പരക്കാൻ അധികസമയം എടുത്തില്ല. അവിടെ നിന്നുള്ള വക്കീൽ വില്യം സി ഗാർഗ്വിലൊ (Lawyer William C Gargiulo,) ലെയ്ക് കോണ്ടി (Lake County) യിലുള്ള പ്രൊബേറ്റ് കോർട് ജഡ്ജ് ഫ്രഡറിക് വി സ്കോക് (Probate Court Judge, Fred. V. Skok) ൽ നിന്നും Girl in Blue എന്ന പെൺകുട്ടി ജൊസഫിൻ ക്ലിംസാക് ആണെന്ന ഔദ്യോഗിക സ്ഥിരീകരണം നേടി.

2002 ൽ എഡ്വേഡ് കൊടെകി നാലാമൻ (Edward Kotecki IV) എന്ന ഒരു പുരാതന കെട്ടിടങ്ങളുടെ വിൽപ്പനക്കാരൻ (local Monument Retailer) ഒരു ശിലാഫലകം (footstone) അവൾക്കു വേണ്ടി സംഭാവന ചെയ്‌ത്‌ പഴയ തലക്കല്ലിനോട് (headstone) ചേർത്ത് വച്ചു. അന്നുണ്ടായിരുന്ന പൈൻ മരം ഇന്നവിടെ ഇല്ല. പക്ഷെ അതിനുപകരം അവിടെ ഒരു മൾബറിവൃക്ഷം ആ ശവകുടീരത്തിനു തണലേകി പടർന്നു പന്തലിച്ചു നിൽക്കുന്നു.

നൂറുകണക്കിന് ആളുകൾ അവിടെവന്നു പ്രാർത്ഥിച്ച് പൂക്കളും നാണയങ്ങളും അർപ്പിച്ചുതിരിച്ചുപോകുന്നു. ശവകുടീരങ്ങളിൽ നാണയങ്ങൾ അർപ്പിക്കുന്നത് വടക്കു കിഴക്കൻ അമേരിക്കയിലെ ഒരു ചടങ്ങ് ആണ്. മരിക്കുന്നവരുടെ ആത്മക്കൾക്കു സ്ററിക്സ് (Styx) നദി കുറുകെ കടക്കാൻ കടത്തുകാരാന് ഒരു കൂലി കൊടുക്കേണ്ടത് ഉണ്ടായിരുന്നു. കൂലി കൊടുക്കാനില്ലാത്തവർ ആയിരം വര്ഷം ഭൂമിയിൽ അലയേണ്ടി വരും എന്നായിരുന്നു വിശ്വാസം.

സെമിത്തേരി സൂക്ഷിപ്പുകാരൻ അലൻ ലമീക്സ് (Alan Lemieux) ആ ശവകുടീരത്തിൽ വീഴുന്ന നാണയത്തുട്ടുകൾ പെറുക്കിയെടുത്ത് ആ മൾബറി വൃക്ഷത്തിന്റെ തണലിൽ കുറച്ചു നേരം വിശ്രമിച്ചിരുന്നു. അലൻ ആ നാണയങ്ങൾകൊണ്ട് ശവകുടീരത്തിൽ പൂക്കൾ അർപ്പിക്കുവാനും അവിടം അലങ്കരിക്കുവാനും ഉപയോഗിച്ചുവന്നു. വർഷത്തിൽ പത്തു പേരെങ്കിലും നീല പെൺകുട്ടിയുടെ ശവകൂടിരം എവിടെയാണെന്ന് തന്നോട് ചോദിച്ചുവരാറുണ്ടെന്ന് അലൻ പറഞ്ഞു.

സന്ദർശകർ അർപ്പിക്കുന്ന പൂക്കൾക്കും നാണയത്തുട്ട്കൾക്കും നടുവിൽ ഇപ്പോൾ മറ്റൊരു സുന്ദരമായ ശിലാഫലകം അവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

Girl in Blue
Identified as
Josephine Klimczk
Dec 24 1933

നീല പെൺകുട്ടിയെ
തീരിച്ചറിഞ്ഞിരിക്കുന്നു
ജൊസഫിൻ ക്ലിംസാക്
Dec 24 1933