അയ്യപ്പനെ പറയ്ക്കെഴുന്നള്ളിപ്പ് മോഡലിൽ പോലീസ് ജീപ്പിൽ വീടുകളിലെത്തിച്ച് വിധിനടത്തിതരും!

ലിബി. സീ. എസ്

ശബരിമല അയ്യപ്പനെ പറയ്ക്കെഴുന്നള്ളിപ്പ് മോഡലിൽ പോലീസ് ജീപ്പിൽ എല്ലാവരുടെയും വീടുകളിലെത്തിച്ച് സർക്കാർ വിധിനടത്തിതരും…!

വനിതാമതിലിനെതിരെയുള്ള ചില അതിവാദങ്ങൾക്ക് മറുപടി അർഹിക്കുന്നു എന്ന് തോന്നുന്നു ..

ഇത് സ്ത്രീപ്രവേശന വിധി നടപ്പാക്കാത്തതുകൊണ്ട് മാത്രം വനിതാ മതിലിനെ എതിർക്കുന്നു എന്ന് പലയിടത്തും പോസ്റ്റിയിരിക്കുന്നവരുടെ അറിവിലേക്ക് ആണ്…

ഞാനും ശബരിമലയിൽ പോകാൻ ശ്രമിച്ച ഒരാളാണല്ലോ?

ഞാൻ ശബരിമലയിൽ പോകാൻ തീരുമാനിച്ചത് യാദൃശ്ചികമായി പോകുന്നതിൻറെ രണ്ട് ദിവസം മുൻപാണ്. പല സ്ത്രീ സംഘടനകളുടെയും ഫെമിനിസ്റ്റ് നേതാക്കളുടേയുമൊക്കെ വീരവാദ പ്രസ്താവനകളും പോസ്റ്റുകളുമൊക്കെ കണ്ടപ്പോൾ ആരെങ്കിലും പൊയ്ക്കോളും എന്നുകരുതി പോകണമെന്ന് ചിന്തിച്ചില്ല. അതിനെ പിന്തുണയ്ക്കുക മാത്രമാണ് അതുവരെ ഞാൻ ചെയ്തത്. അല്ലാതെ അയ്യപ്പനെ കണ്ടു സായൂജ്യമടയാനും മോക്ഷം നേടാനും ഞാൻ ആഗ്രഹിച്ചിരുന്നില്ല.

എന്നാൽ പോകുന്നതിന് രണ്ട് ദിവസം മുൻപ് ശ്രീദേവി കർത്ത എന്നെ വിളിച്ച് പറഞ്ഞു, ദിവ്യടീച്ചർ പോകാൻ തയാറായി പലരെയും വിളിച്ചിട്ട് ആരും പോകുന്നില്ല. ആരെങ്കിലും ഒരാളെ കൂട്ടുപോകാൻ ഒപ്പിച്ചുകൊടുക്കണം എന്നുപറഞ്ഞു. ഞാൻ പലരെയും കോൺടാക്റ്റ് ചെയ്തിട്ട് ആരും തയ്യാറാകാതിരുന്നതിനാൽ ഞാൻ തന്നെ ദിവ്യയോടൊപ്പം പോകാമെന്ന് തീരുമാനിച്ചു ദിവ്യയെ വിളിച്ചപ്പോൾ ദിവ്യ പോക്ക് മണ്ഡലകാലത്തേക്ക് മാറ്റിയതായും ഇപ്പോൾ പോകുന്നില്ലെന്നും പറഞ്ഞു.

ദിവ്യടീച്ചറിന് കൂട്ട ന്വേഷിച്ച്‌ പലരെയും വിളിച്ചപ്പോൾ വാചകമടിയല്ലാതെ ആരും പോകാൻ തയാറല്ലെന്ന് എനിക്ക് മനസിലായതിനാൽ ഞാൻതന്നെ പോകാൻ തീരുമാനിച്ചു. അതിനുശേഷം എനിക്ക് പരിച്ചയമുള്ളതും കൈവശം നമ്പറുള്ളതുമായ സ്ത്രീസംഘടനകളെയും സ്ത്രീപക്ഷപ്രവർത്തകരെയും വിളിച്ച് ഞാൻ ശബരിമലയിലേക്ക് പോകുകയാണെന്നും ആരെങ്കിലും വരുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. അതെല്ലാം ഞാൻ റെക്കോഡ് ചെയ്തും വെച്ചിട്ടുണ്ട്. അത് ചില സുഹൃത്തുക്കളൊക്കെ ഇതിനോടകം കേട്ടിട്ടുള്ളതുമാണല്ലോ? (അതൊക്കെ കേൾക്കാതിരിക്കുന്നതാണ് പലർക്കും നല്ലത്) അതിനുശേഷമുണ്ടായ കാര്യങ്ങളൊക്കെ മാധ്യമങ്ങളിലൂടെയും മറ്റും എല്ലാവരും അറിഞ്ഞുകഴിഞ്ഞതാണല്ലോ?

എന്നാൽ പോലീസ് പൂർണ്ണമായും ഈ കേസിൽ സംഘികളുടെ പക്ഷം നിന്നു എന്നൊക്കെയുള്ള ആരോപണം തീർത്തും അടിസ്ഥാന രഹിതമാണ്‌. ചില പോലീസ് ഓഫീസർമാരോ പാർട്ടിനേതാക്കളോ ഒക്കെ അങ്ങനെ ചെയ്തിട്ടുണ്ടാകാം എന്നല്ലാതെ ഇത് ഉന്നയിക്കുന്നവരിൽ എത്രപേർക്കാണ് പോലീസ് ഇങ്ങനെ പെരുമാറിയതായി ആത്മാർഥമായി പറയാൻ കഴിയുക?

മേരി സ്വീറ്റിയല്ലാതെ ആരാണ് പോകാൻ തയാറായിച്ചെന്നത് എന്നുകൂടി ഒന്ന് വെളിപ്പെടുത്താമോ? ആദ്യംപോയ മഞ്ജു ഉൾപ്പെടെയുള്ളവർക്ക് 19 ആം തീയതി പോകാൻ ഡേയ്റ്റും കൊടുത്തിരുന്നു. പോലീസ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയും ചെയ്തിരുന്നു.ഒരാളും ചെന്നില്ല മഞ്ജു അന്ന് ഒരു കേസിന്റെ ട്രയൽ ഉണ്ടായിരുന്നതിനാൽ പോയില്ല വേറാരും പോയതുമില്ല. ചിലരാകട്ടെ എറണാകുളത്ത് പത്രസമ്മേളനം നടത്തി തിരിച്ചു പോകുകയും ചെയ്തു.

അതിന് ശേഷം പോലീസ് തിരിച്ചയച്ചു എന്നുപറയുന്നവർ ആരും ശബരിമലയിൽ കയറാൻ വന്നവരല്ല. പമ്പ ഗണപതികോവിലിൽ പോകാൻ വന്ന സ്ത്രീകളാണ്. അവർക്ക് പോകണമെന്ന് നിരബന്ധം പിടിച്ചാൽ അവരെ കൊണ്ടുപോകുമായിരുന്നു. അല്ലാതെ എന്താ അവരെ അറസ്റ്റ് ചെയ്യുമായിരുന്നോ?

മണ്ഡലകാലം തുടങ്ങിയ ശേഷം പോയേപറ്റൂ എന്ന് നിർബന്ധമായി പറഞ്ഞ ആരെയാണ് പോലീസ് തിരിച്ചയച്ചത്?

സംഘികളുടെ പ്രതിരോധം ഉള്ളപ്പോഴല്ലേ പോലീസ് രഹ്നയെയും കവിതയെയും നടപ്പന്തൽ വരെ എത്തിച്ചത്? തന്ത്രി നട അടച്ചാലും കയറാമല്ലോ?കുട്ടികളെ കിടത്തി പ്രതിരോധം തീർത്തപ്പോൾ അവർ പിൻവാങ്ങിയതല്ലേ? അതിന് ശേഷം മഞ്ജു നിർബന്ധമായും പോകണം എന്ന് വാശിപിടിച്ചപ്പോൾ പോലീസ് കൊണ്ടുപോകാമെന്ന് സമ്മതിക്കുകയും അന്ന് മഴയായതിനാൽ അവിടെ തങ്ങിയിട്ട് പിറ്റേന്ന് രാവിലെ മലകയറ്റാം എന്ന് ഉറപ്പു കൊടുത്തതാണ്.അന്നേ ദിവസം തന്നെ മറ്റൊരു ദളിത് യുവതി ശബരിമല ദർശനം നടത്തുകയും ചെയ്തു. മഞ്ജു തന്നെയാണ് തിരിച്ചു വീട്ടിലേക്ക് പോയതും വീടാക്രമിക്കപ്പെട്ടതിനാൽ പിറ്റേന്ന് ചെല്ലാതിരുന്നതും. മഞ്ജുവിനെ അതിന് ശേഷം സൗകര്യമൊരുക്കിയിട്ടും പോലീസ് ഡെയ്റ്റ് കൊടുത്തിരുന്നു.

എന്നാൽ മണ്ഡലകാലത്ത് പോകാനിരുന്ന ഒരുതരുണീമണിയേയും മാസം ഒന്നായിട്ടും അങ്ങോട്ടെങ്ങും കണ്ടില്ലല്ലോ? നിരന്തരമായി സ്ത്രീകൾ എത്തിയാൽ എല്ലാവരെയും സർക്കാരിനും പോലീസിനും തിരിച്ചയക്കാനാവും എന്ന് ഏതവളാണ് പറയുന്നത്?

ശബരിമല വിഷയം കൊടുമ്പിരിക്കൊള്ളുന്ന പത്തനതിട്ടയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് പറയുന്ന സംഘികളേയും ബ്രാഹ്മണിസത്തെയും വെല്ലുവിളിച്ചുകൊണ്ട് അതേവിഷയം ഉന്നയിച്ച് പന്തളത്തും ആറന്മുളയിലും പത്തനംതിട്ടയിലും എരുമേലിയിലും ഒരു യാത്രയെങ്കിലും സംഘടിപ്പിക്കാൻ സണ്ണി എം കപിക്കാടിനല്ലാതെ ആർക്കാണ് വാസ്‌തവത്തിൽ ധൈര്യം ഉണ്ടായിരുന്നത്?

ഞാനും എന്റെ കുടുംബവും അക്രമിക്കപ്പെടുമോ, ഞങ്ങൾക്ക് സാമൂഹ്യബഹിഷ്കരണം ഉണ്ടാകുമോ? നമ്മൾ എന്തിനു വെറുതെ ബലിയാടുകൾ ആകുന്നു എന്നെല്ലാമുള്ള ‘സന്ഘിപ്പേടി’ ബാധിച്ച ഓരോരുത്തരുമാണ് വാസ്തവത്തിൽ സോഷ്യൽമീഡിയയിൽ കിടന്നു വാചക കസർത്ത് നടത്തുന്നത്. അതല്ലാതെ ഏതുസംഘടയുണ്ടായിരുന്നു ഇത്രയും ദിവസമായിട്ടും സംഘികൾക്കെതിരെ ഒരു പ്രതിരോധം സൃഷ്ട്ടിക്കാൻ?

ഏതൊരുത്തന് ആത്മാർത്ഥതയോടെ പറയാൻ കഴിയും മണ്ഡലകാലം തുടങ്ങിയതിന് ശേഷം ശബരിമലയിൽ പോകാൻ തയാറായ എൻറെ വീട്ടിലെ എൻറെ സഹോദരിയെ / ഭാര്യയെ/ അമ്മയെ പോലീസ് തടഞ്ഞു എന്ന്?
അല്ലെങ്കിൽ എന്നെ പോലീസ് തടഞ്ഞു എന്ന് ഏത് സ്ത്രീക്ക് പറയാൻ കഴിയും?

ശബരിമല അയ്യപ്പനെ പറയ്ക്കെഴുന്നള്ളിപ്പ് മോഡലിൽ പോലീസ് ജീപ്പിൽ എല്ലാവരുടെയും വീടുകളിലെത്തിച്ച് സർക്കാർ വിധിനടത്തി തരണമെന്നാണോ ഇവർ പറയുന്നത്?

സ്ത്രീപ്രവേശനം അനുവദിക്കാത്തതുകൊണ്ട് വനിതാമതിലിൽ പങ്കെടുക്കില്ലെന്ന് പറയുന്ന വനിതാരത്നങ്ങളും അതിയുക്തിവാദികളും അത് കൂടി ഒന്ന് വ്യക്തമാക്കാമോ?

പോലീസ് അവിടെ ചെന്ന യുവതികൾക്കെതിരെ കേസെടുത്തെന്നാണ് മറ്റൊരാരോപണം. എന്റെപേരിലുമുണ്ട് ഇന്നത്തേതും കൂട്ടി 4 കേസ്. അവിടെ ചെന്നതിൻറെ പേരിൽ ആർക്കും കേസെടുത്തിട്ടില്ല.വേറെ പല കേസുകൾ ഉണ്ടാക്കുകയായിരുന്നു പരാതികിട്ടിയാൽ പോലീസ് കേസെടുക്കും. തെളിവുണ്ടെങ്കിൽ ചാർജ്ജ് ഷീറ്റ് കൊടുക്കും.ഇല്ലെങ്കിൽ റഫർ ചെയ്‌തു കളയും. അങ്ങനെയല്ലേ എല്ലാകേസുകളിലും? എന്റെപേരിലും മൂന്ന് കേസിന് ഞാൻ ഇപ്പോൾ വരെ ജാമ്യം എടുത്തുകഴിഞ്ഞു. ഇനി ആരൊക്കെ എവിടെയൊക്കെ കൊടുത്താലും നിയമപരമായി നേരിടാൻ ഞാൻ തയ്യാറാണ്. പേരിൻറെ അറ്റത്ത് വാലുള്ള ചിലരാണ് എല്ലാ കേസിലെയും വാദികൾ. ഈ വലുള്ളവർ തന്നെയാണ് മതിലിനെതിരെയും പിണറായിവിജയനെതിരെയും തെറിവിളിക്കുന്നതും

പ്രഷർകുക്കറിന്റെ സേഫ്റ്റി വാൽവ് പോലെ ശൂ….ശൂ എന്ന് വെറുതെ കൂവിക്കൊണ്ടിരിക്കുന്ന ചെറു ഗ്രൂപ്പുകൾ എന്തിനാണ് പുനരുത്ഥാന വാദികൾക്കെതിരെ ഉയർന്നുവരുന്ന ഒരു ബൃഹദ് കൂട്ടായ്മയെ എതിർക്കുന്നത്?