പിറവത്ത് റിപ്പർ മോഡൽ കൊലപാതകം: ഹോളോബ്രിക്സുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

പിറവം മാർക്കറ്റിനു സമീപം വൃദ്ധനെ റിപ്പർ മോഡലിൽ തലയ്ക്കടിച്ച് കൊല്ലുകയും മറ്റൊരാളെ സോഡാക്കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത രണ്ടുപേരെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് ആരക്കുന്നം പാർപ്പാകോട് കണ്ടംകരിയ്ക്കൽ വീട്ടിൽ നാരായണൻകുട്ടിയാണ് (78) കൊല്ലപ്പെട്ടത്. കുത്തേറ്റ ജോസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാഴൂർ പോഴിമല കോളനിയിലെ കൊച്ചു ചൈന എന്നു വിളിക്കുന്ന അജീഷ് (26), ജിത്തു എന്ന ജിതേഷ് (18) എന്നിവരെയാണ് പിറവം സി.ഐ പി.കെ. ശിവൻകുട്ടി, എസ്.ഐ വി.ഡി. റെജിരാജ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. തിങ്കളാഴ്ച അർദ്ധരാത്രിയാണ് സംഭവങ്ങൾ. ഇന്നലെ പുലർച്ചെ മാർക്കറ്റ് പരിസരം വൃത്തിയാക്കാനെത്തിയ രാജനാണ് മൃതദേഹം കണ്ടത്.

മോഷണം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അജീഷും ജിതേഷും ബിവറേജസിൽ നിന്ന് മദ്യം വാങ്ങി തൊട്ടടുത്ത തീയേറ്ററിൽ സെക്കന്റ് ഷോയ്ക്ക് കയറി മദ്യപിച്ച് ബഹളം ഉണ്ടാക്കി. തീയേറ്റർ ജീവനക്കാർ ബലം പ്രയോഗിച്ച് ഇറക്കിവിട്ടപ്പോൾ ടൗണിലെത്തി പണം ആവശ്യപ്പെട്ട് നാരായണൻകുട്ടിയുമായി വഴക്കിട്ടു. ഹോളോബ്രിക്സുകൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തി പണം കവർന്നു. അടുത്തുള്ള സൂപ്പർ മാർക്കറ്റിന് സമീപം വെച്ചാണ് ജോസിനെ കണ്ടത്. നേരത്തെ ജിത്തു ഇയാളുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിന്റെ പ്രതികാരമായി ബിയർ കുപ്പി പൊട്ടിച്ച് ജോസിനെ കുത്തി വീഴ്‌ത്തി സ്ഥലം വിട്ടു. പൊലീസാണ് ജോസിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. പിറവം പെരുവ സ്വദേശിയായ ജോസ് സ്വന്തം സ്ഥലം വിറ്റ ശേഷം ഭാര്യയോടൊത്ത് പിറവത്തെ കടത്തിണ്ണകളിലാണ് കഴിയുന്നത്. ഈ കേസിൽ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്.

അമ്മിണിയാണ് മരിച്ച നാരായണൻകുട്ടിയുടെ ഭാര്യ. പരേതനായ ഷാജി, ഷിജി എന്നിവർ മക്കളും ഉഷാ, ശ്രീജിത്ത് എന്നിവർ മരുമക്കളുമാണ്.