‘മുഹമ്മദ് ദി മെസ്ഞ്ചര്‍ ഓഫ് ഗോഡ്’ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ വിലക്ക്

മുഹമ്മദ് നബിയെക്കുറിച്ചുള്ള ചിത്രത്തിന് വിലക്ക്. മജീദ് മജീദിയുടെ മുഹമ്മദ് ദി മെസ്ഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിനാണ് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ വിലക്ക്. സെന്‍സര്‍ അംഗീകാരം നല്‍കാത്തതുകൊണ്ട് ഇന്ന് രാത്രി നിശാഗന്ധി ഓഡിറ്റോറിയല്‍ നടക്കേണ്ടിയിരുന്ന പ്രദര്‍ശനം റദ്ദാക്കി. 2015ല്‍ റിലീസ് ചെയ്ത മുഹമ്മദ് ഇസ്ലാമിക ഇതിഹാസ ചിത്രമാണ്.

പ്രവാചകന്‍ മുഹമ്മദിന്‍റെ ബാല്യകാലം ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്‍റെ പശ്ചാത്തലം ആറാം നൂറ്റാണ്ടിലേതാണ്. ഇറാനിയന്‍ ചലച്ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച് നിര്‍മ്മിച്ചതാണീ ചിത്രം, ഏതാണ്ട് 5 കോടി ഡോളര്‍. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. ചലച്ചിത്ര പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രത്തിനുണ്ടായ വിലക്ക് തിരുവനന്തപുരം മേളയുടെ പ്രതിച്ഛായ വികലമാക്കി.