മരിച്ച സ്ത്രീയിൽ നിന്ന് സ്വീകരിച്ച ഗർഭപാത്രത്തിലൂടെ ബ്രസീലിൽ 32കാരി അമ്മയായി. ലോകത്ത് ആദ്യമായാണ് മരിച്ച സ്ത്രീയിൽ നിന്ന് മാറ്റിവയ്ക്കപ്പെട്ട ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞ് ജനിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം ബ്രസീലിൽ പിറന്ന പെൺകുഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും പൂർണ ആരോഗ്യവതിയായി ഇരിക്കുന്നു.
വൈദ്യശാസ്ത്രത്തിലെ പുത്തൻ മുന്നേറ്റം വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിന് പേർക്ക് പ്രതീക്ഷയേകുന്നതാണ്. 11 സ്ത്രീകൾക്ക് ജീവിച്ചിരിക്കുന്ന ദാതാവിൽ നിന്ന് സ്വീകരിച്ച ഗർഭപാത്രത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യ സംഭവമാണ്.
പ്രമുഖ മെഡിക്കൽ ജേർണലായ ‘ദ ലാൻസെന്റി”ലാണ് വാർത്ത പ്രസിദ്ധീകരിച്ചത്. 2016 സെപ്തംബറിൽ യൂണിവേഴ്സിറ്റി ഒഫ് സാവോ പോളോയിലെ ദാസ് ക്ലിനികാസ് ആശുപത്രിയിൽ സ്ട്രോക്ക് വന്ന് മരിച്ച 45കാരിയിൽ നിന്നാണ് ഗർഭപാത്രം, ജീവിച്ചിരിക്കുന്ന സ്ത്രീയിലേക്ക് മാറ്റിവച്ചത്. സ്വീകർത്താവിന് ജന്മനാ ഗർഭപാത്രം ഇല്ലായിരുന്നു. 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഗർഭപാത്രം മാറ്റിവച്ചത്.
ശസ്ത്രക്രിയ കഴിഞ്ഞ് 37-ാം ദിവസം യുവതിക്ക് ആദ്യത്തെ ആർത്തവം ഉണ്ടായി. ഏഴു മാസങ്ങൾക്ക് ശേഷം ഗർഭിണിയാകും വരെ കൃത്യമായി ആർത്തവം ഉണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കു മുമ്പു തന്നെ സ്വീകർത്താവിന്റെ അണ്ഡാശയത്തിൽ നിന്ന് അണ്ഡങ്ങൾ ശീതീകരിച്ച് സൂക്ഷിച്ചിരുന്നു. തുടർന്ന് ഐ.വി.എഫ് വഴി ആദ്യത്തെ ശ്രമത്തിൽ തന്നെ ഇവർ ഗർഭം ധരിച്ചു. എട്ടാം മാസത്തിലാണ് സിസേറിയൻ വഴി ഇവർ പൂർണആരോഗ്യമുള്ള പെൺകുഞ്ഞിന് ജന്മം നൽകിയത്.