അബ്രഹാം സി മാത്യു ഓർമ്മയായി; മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിന് നൽകി

കേരള യുക്തിവാദി സംഘം മുന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് അബ്രഹാം സി (മാത്യു) മത്തായി 84 ാം വയസ്സില്‍ 02/12/2018 ഞായറാഴ്ച വൈകിട്ട് 5.30 ന് നിര്യാതനായി. പുഷ്പഗിരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അദ്ധ്യാപകനായിരുന്നു. മാവേലിക്കര ഗവ. എല്‍ പി ജി സ്കൂളില്‍ നിന്നാണ് റിട്ടയര്‍ ചെയ്തത്. ഭാര്യ കുഞ്ഞമ്മ 2018 ആഗസ്റ്റ് 27 നാണ് നിര്യാതയായത്.

ജെസ്സി ,സിസി ഗ്രിഷ എന്നിവര്‍ പെണ്‍മക്കളും ജസ്റ്റിന്‍ ,പരേതനായ പ്രശാന്ത്, എമില്‍ എന്നിവര്‍ ആണ്‍മക്കളും .ആന്‍സി, ഡാനിയേല്‍,ബിജു ,ചിത്ര എന്നിവരാണ് മരുമക്കള്‍. ഭൗതിക ശരീരം  ഉച്ചയ്ക്ക് ഒന്നര മണിയോടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നല്‍കി.

അബ്രഹാം സി. മാത്യുവിനെ കേരള യുക്തിവാദി സംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഭിലാഷ് ശ്രീധരൻ അനുസ്മരിക്കുന്നു

ഏബ്രഹാം സാറിന് ബൈബിള്‍ പഴയനിയമവും പുതിയ നിയമവും കാണാപ്പാഠമാണ്. ബൈബിളിലെ പൊരുത്തകേടുകളും അയുക്തികതയും അധാര്‍മ്മികതകളുമൊക്കെ രസകരമായി സാര്‍ ഞങ്ങള്‍ക്ക് വിശദീകരിച്ചു തരും. യുക്തിവാദികളാണെങ്കിലും സൗഹൃദങ്ങളുണ്ടാക്കാന്‍ അന്ന് ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

പുന്നപ്ര സ്കൂളിലേക്ക് ട്രാന്സ്ഫറായപ്പോള്‍ അവിടുത്തെ തന്റെ സഹപ്രവര്‍ത്തകരെ പരിചയപ്പെടാന്‍ ഞങ്ങളെ അങ്ങോട്ടു ക്ഷണിച്ചു. രണ്ടു സൈക്കിളുകളില്‍ ബാബുവും ദാസിനെ ലോഡ് വച്ച് ഞാനും അങ്ങോട്ടു പോയത് രസകരമായ യാത്രയായിരുന്നു.അവിടുത്തെ ഒരു ടീച്ചറിന്‍റെ വീട്ടിലായിരുന്നു കടല്‍ വിഭവ സമൃദ്ധമായ ഊണ്. പോര കടലും കടലിന്‍റെ മക്കളുമായും ഇടപഴകാന്‍ അന്നാണ് കഴിഞ്ഞത്. ഏബ്രഹാം സാര്‍ ഒരു വാച്ച്, റേഡിയോ ടെക്നീഷ്യന്‍ കൂടെയായിരുന്നത് എനിക്ക് കൂടുതല്‍ സഹായകമായിരുന്നു.ഞാനും(ഒപ്പനക്കര സ്ട്രീറ്റ് , കോയമ്പത്തൂര്‍) ജാനകി രാമന്റെ റേഡിയോ റിപ്പയറിംഗ് പുസ്തകം എഴുതി വരുത്തി പഠിച്ചു നടക്കുന്ന സമയം!

ഞങ്ങളൊക്കെ അന്ന് ആദര്‍ശക്കരായിരുന്നെങ്കിലും ഒരു അക്കിടി പിണഞ്ഞു .തിയറി പ്രയോഗിക്കാന്‍ കഴിയാതെയാകുന്ന ചില അവസരങ്ങള്‍, ഹോ നിസ്സഹായകരാകുന്ന സന്ദര്‍ഭങ്ങള്‍ .രാത്രി വീട്ടില്‍ നിന്ന് ഞങ്ങളെ റോഡിലേക്ക് വിട്ടിട്ട് സാര്‍ തിരികെ പോയി.ഒരു മിനിട്ട് കഴിഞ്ഞതും ഒരു വിളിച്ചു കൂവല്‍ അത് ഏബ്രഹാം സാറിന്‍റെ ശബ്ദമാണല്ലോ ഞങ്ങള്‍ മടങ്ങി.എന്നെ പാമ്പുകടിച്ചുവെന്ന് സാര്‍. അമ്മായി അപ്പന്‍ കാര്‍ വിളിച്ചുവരുത്തി സാറിനെ മാവേലിക്കര ഗവ.ആശുപത്രിയിലെത്തച്ചു. ഉടന്‍ ചികില്‍സ തുടങ്ങണം എല്ലാവരും ഉഷാറായി ഉടന്‍ ജീവനക്കാര്‍ പറഞ്ഞു ആന്റിവെനം വേണമെങ്കില്‍ സ്റ്റോര്‍ കീപ്പര്‍ക്ക് നൂറു രൂപ (കൈക്കൂലി) കൊടുക്കണം ! അമ്മായി അപ്പന്‍ അപ്പൊഴെ നൂറുരൂപയെടുത്തു കൊടുത്തു.ഞങ്ങള്‍ താഴോട്ടു നോക്കിയിരുന്നു. അപ്പോഴേക്കും സാറിന്‍റെ അയലത്തുകാരായ ചെറുപ്പക്കാര്‍ സാറിനെ കടിച്ച അണലിയെ തല്ലിക്കൊന്നതുമായി അവിടെ വന്നു…..

യുക്തിവാദി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നെങ്കിലും കുടുംബവുമായി ജൈവ ബന്ധം സൂക്ഷിക്കുന്നതില്‍ സാര്‍ പരാജിതനായിരുന്നുവെന്ന വിമര്‍ശനം പിന്നീട് ഞങ്ങള്‍ക്കുണ്ടായിരുന്നു .