സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതത്വം ഇല്ലാത്ത സ്ഥലം വീടെന്ന് ഐക്യരാഷ്ട്രസഭ

സ്ത്രീകള്‍ക്ക് സുരക്ഷിതത്വം തീരെക്കുറഞ്ഞ ഇടം സ്വന്തം വീടെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ പഠനം. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട 87000 സ്ത്രീകളില്‍ 50000 പേരും പങ്കാളികളുടെയോ കുടുംബാംഗങ്ങളുടെയോ ഇരയായിരുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന്-കുറ്റകൃത്യ വിഭാഗം(യുഎന്‍ഒഡിസി) പുറത്ത് വിട്ട, പെണ്‍കുട്ടികളുടെയും വനിതകളുടെയും കൊലപാതകങ്ങളെക്കുറിച്ചുളള റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2017ല്‍ കൊല്ലപ്പെട്ടതില്‍ മൂന്നില്‍ ഒന്ന് സ്ത്രീകളും പങ്കാളികളുടെയോ മുന്‍ പങ്കാളികളുടെയോ ഇരകളാണ്. ദിവസവും 137 സ്ത്രീകള്‍ കുടുംബാംഗങ്ങളാല്‍ കൊല്ലപ്പെടുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കരുതിക്കൂട്ടിയുളള കൊലപാതകങ്ങളുടെ ഇരകളിലേറെയും പുരുഷന്‍മാരാണെന്നും അവരെ കൊല്ലുന്നത് അപരിചിതരാണെന്നും പഠനം പറയുന്നു.

അതേസമയം സ്ത്രീകളിലേറെയും പരിചയക്കാരുടെ കൈക്കൊണ്ട് തന്നെയാണ് മരിക്കുന്നത്.
ലിംഗഅസമത്വത്തിനും വിവേചനത്തിനും മറ്റും ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടി വരുന്നത് സ്ത്രീകളാണെന്ന് യുഎന്‍ഒഡിസി എക്‌സിക്യുട്ടീവ് മേധാവി യുറി ഫെഡോടോവ് പറഞ്ഞു.
ആഗോളതലത്തില്‍ ഏഷ്യയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കാളികളാല്‍ മരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 20,000 സ്ത്രീകളാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ ആഫ്രിക്കയുമുണ്ട്. 19,000 സ്ത്രീകളാണ് ഈ മേഖലയില്‍ കൊല്ലപ്പെട്ട്. അമേരിക്കയില്‍ 8000വും യൂറോപ്പില്‍ 3000വും ഓഷ്യാനയില്‍ 300 ഉം പേര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടു.

ആഫ്രിക്കയില്‍ ഒരുലക്ഷം സ്ത്രീകള്‍ക്ക് 3.1 സ്ത്രീകള്‍ എന്നതോതിലാണ് കൊല്ലപ്പെടുന്നത്. അമേരിക്കയിലിത് 1.6ആണ്. ഏഷ്യയിലാകട്ടെ ഇത് 0.9 ആണ്. ആഫ്രിക്കയിലും അമേരിക്കയിലും പങ്കാളികളില്‍ നിന്ന് സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളി എത്രമാത്രം രൂക്ഷമാണെന്നാണ് ഈ ഉയര്‍ന്ന നിരക്ക് കാട്ടുന്നത്. അതേസമയം യൂറോപ്പിലാകട്ടെ ലിംഗാധിഷ്ഠിത കൊലപാതകങ്ങളുടെ നിരക്ക് വളരെ കുറവാണ്. ഒരുലക്ഷം സ്ത്രീകളില്‍ 0.7എന്ന തോതിലാണ് യൂറോപ്പിലെ കൊലപാതകങ്ങളുടെ നിരക്ക്.

സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയാന്‍ മിക്ക രാജ്യങ്ങളും വിവിധ മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും ഇത്തരം കൊലപാതകങ്ങള്‍ക്ക് കുറവില്ലെന്ന് തന്നെയാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2012ന് ശേഷം വനിതാ കൊലപാതകങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുളളത്. 48000 കൊലപാതകങ്ങളാണ് ഈ കാലയളവില്‍ ഉണ്ടായിരിക്കുന്നത്.

ഈ ആഗോള പ്രശ്‌നം പരിഹരിക്കാന്‍ വിവിധ നിര്‍ദേശങ്ങളും പഠനം മുന്നോട്ട് വയ്ക്കുന്നുണ്ട്. പൊലീസും നീതിന്യായ സംവിധാനങ്ങളും ആരോഗ്യ, സാമൂഹ്യസേവന വകുപ്പുകളും തമ്മില്‍ യോജിച്ചുളള പ്രവര്‍ത്തനമാണ് അതില്‍ പ്രധാനം. ഈ പ്രശ്‌നം പരിഹരിക്കാനായി കൂടുതല്‍ പുരുഷ ഇടപെടലുണ്ടാകണമെന്നും നിര്‍ദേശമുണ്ട്. ഇതിന് പുറമെ പുരുഷാധിപത്യ, അക്രമ സംസ്‌കാരങ്ങളില്‍ നിന്ന് ഒഴിഞ്ഞ്, കൂടുതല്‍ ആഴത്തില്‍ പങ്കാളികളുമായുളള ഒരു ബന്ധം ഉണ്ടാക്കിയെടുക്കുന്നതിലൂടെയും പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നും യുഎന്നിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു.