ഫ്രാങ്കോയുടെ ബലാത്സംഗക്കേസ്: സഭയുടെ നിഷേധാത്മക നിലപാടില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ വനിതാ തിയോളജിയന്‍സ് ഫോറം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസ് ഉള്‍പ്പെടെ ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്കുള്ളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ വനിതാ തിയോളജിയന്‍സ് ഫോറം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്തയച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 800 ഓളം കത്തോലിക്കാ വനിതകളാണ് മാര്‍പാപ്പയ്ക്കും ഇന്ത്യയിലെ സഭാധികാരികള്‍ക്കും കത്തയച്ചത്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസ് ഈ കത്തില്‍ പ്രത്യേകം എടുത്തുപറയുന്നു. ഇന്ത്യയിലെ സഭാധികാരികള്‍ ഈ കേസ് കൈകാര്യം ചെയ്തതില്‍ വന്ന അലംഭാവവും നിരുത്തരവാദ നിലപാടും കത്ത് ചോദ്യം ചെയ്യുന്നു. ലൈംഗിക പീഡനക്കേസുകളില്‍ മാര്‍പാപ്പ സ്വീകരിച്ചിരിക്കുന്ന ‘സീറോ ടോളറന്‍സ്’ നിലപാടില്‍ സഭാധികാരികള്‍ വെള്ളം ചേര്‍ത്തതായും കുറ്റപ്പെടുത്തുന്നു.

ഈ പ്രശ്‌നങ്ങളില്‍ ഒരു പരിഹാരമെന്ന നിലയില്‍, ഓരോ കേസുകളിലും നിഷ്പക്ഷമായ ഒരു അന്വേഷണ സമിതി രൂപീകരിക്കണമെന്നും അതില്‍ വനിതകള്‍ക്ക് 50% പങ്കാളിത്തം നല്‍കണമെന്നും ആവശ്യപ്പെടുന്നു. ആരോപണം പഠിക്കുന്നതിനും നീതിപൂര്‍ണ്ണമായ വിചാരണ നടപടികളില്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതിനും ഇത് സഹായിക്കും. സഭയുടെ ‘സീറോ ടോളറന്‍സ്’ നയം പാലിക്കാന്‍ ഇത് അനിവാര്യമാണെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു. 

ലൈംഗിക പീഡനക്കേസുകളില്‍ സിവില്‍ നിയമം ബാധകമാക്കണമെന്ന നിര്‍ദേശം കൊണ്ടുവന്ന 2017ലെ സിബിസിഐ മാര്‍ഗരേഖ അടിയന്തരമായി നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അമേരിക്ക, ഓസ്‌ട്രേലിയ, ബ്രസീല്‍ തുടങ്ങി 24 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. 

ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതാ ദൈവശാസ്ത്രജ്ഞരാണ് കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇവരില്‍ കേരളത്തില്‍ നിന്നുള്ളവരുമുണ്ട്. ഇന്ത്യയിലെ 71 വൈദികരും 50 ല്‍ഏറെ കന്യാസ്ത്രീകളും 16 അഭിഭാഷകരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യയിലെ കര്‍ദ്ദിനാള്‍മാരും ബിഷപ്പുമാരും അടക്കം 250 ഓളം സഭാധികാരികള്‍ക്കാണ് കത്തിന്റെ പകര്‍പ്പ് നല്‍കിയിരിക്കുന്നത്.