നമ്മളൊക്കെ ആരോ ഉണ്ടാക്കിയ തന്ത്രത്തിനകത്ത് ഇരിക്കുകയാണ്; സ്വ-തന്ത്രത്തിനകത്തുതന്നെ നില്‍ക്കണം: നിത്യചൈതന്യ യതി

സ്ത്രീ പുരുഷനെപ്പോലെ ഒരു വ്യക്തിയാണ്. അല്ലാതെ അമ്മയായിട്ടോ മകളായിട്ടോ മറ്റെന്തെങ്കിലുമോ ആയി കള്ളമായിട്ട് സങ്കല്പിക്കുകയൊന്നും വേണ്ട. സങ്കല്പമൊന്നും എല്ലാ കാലത്തേക്കും നിലനില്‍ക്കുന്നതല്ല. സങ്കല്പിച്ചൊക്കെവെച്ച് കുറച്ചങ്ങ് അടുത്തുചെല്ലുമ്പോള്‍ അമ്മയല്ലെന്നൊക്കെ തോന്നിക്കും. അതുകൊണ്ടതൊന്നും വേണ്ട.

സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീയും ഒരു വ്യക്തിയായിരിക്കണം. ഒരാളിന് കൊടുക്കേണ്ട മാന്യതയോടെ, ഒരു വ്യക്തിയോട് കാണിക്കുന്ന ബഹുമാനത്തോടെ അവരോടു പെരുമാറണം. ഒരു സ്ത്രീക്ക് പുരുഷനോടും, പുരുഷന് സ്ത്രീയോട് തിരിച്ചുമുള്ളതായ ബന്ധം വളരെ സ്വാഭാവികവും സഹജവുമായ ഒന്നാകുകയും വേണം. ഇങ്ങനെയെല്ലാം നമ്മള്‍ ചെയ്യുകയാണെങ്കില്‍ മനുഷ്യര്‍ക്ക് സന്തോഷിക്കാന്‍ വേറെ അനേകമനേകം കാര്യങ്ങളുമുണ്ട്.

Two sources of morality and religion എന്ന പുസ്തകത്തില്‍ ബര്‍ഗ്‌സണ്‍ പറയുന്നത്, ഇവിടെയുള്ള മതങ്ങളെല്ലാം രണ്ടു തരത്തിലുള്ളതാണ്. വളരെയധികം ചലനസ്വഭാവമുള്ളത്, തീരെ ചലനമറ്റ് നിശ്ചലമായിത്തീര്‍ന്നത്. മിക്ക മതങ്ങളും ചലനമറ്റതാണ്. അവര്‍ മോശയുടെ കാലത്തോ യേശുവിന്റെ കാലത്തോ പോളിന്റെ കാലത്തോ ഉച്ചരിച്ച കാര്യങ്ങള്‍ അതേമാതിരി ഉച്ചരിച്ചുകൊണ്ട് നടക്കുന്നു.

ശ്രീരാമകൃഷ്ണനെയും സിസ്റ്റര്‍ നിവേദിതയെയും വിവേകാനന്ദനെയുമൊക്കെ അങ്ങേയറ്റം ആരാധിക്കുന്നവനാണ് ഞാന്‍. അവിടെ ചെല്ലുമ്പോള്‍ അവിടുത്തെ സ്വാമിമാരോട് ഞാന്‍ ചോദിക്കാറുണ്ട്; വിവേകാനന്ദസ്വാമിക്ക് ശേഷമാരും ലോകത്ത് സത്യമൊന്നും അറിഞ്ഞിട്ടില്ലേ? നിങ്ങളെന്താ Swamiji said, Swamiji said എന്നുമാത്രം പറയുന്നത്? I say എന്നു പറയാത്തതെന്താണ്? വിവേകാനന്ദസ്വാമി daringly I say എന്നുറച്ചുതന്നെയാണ് പറഞ്ഞിട്ടുള്ളത്. നിങ്ങള്‍ക്കെന്തുകൊണ്ടാണ് അതുപോലെ സ്വന്തമായൊരു അഭിപ്രായം ഇല്ലാത്തത്? അതുപോലെ അഭിപ്രായം വേണമെങ്കില്‍ നാം സ്വയം വളരണം.

നമ്മളൊക്കെ ആരോ ഉണ്ടാക്കിയ തന്ത്രത്തിനകത്ത് ഇരിക്കുകയാണ്. സ്വ-തന്ത്രം എന്നു പറയുന്നതിന് എന്തു വ്യാഖ്യാനം വേണമെങ്കിലും കൊടുക്കാം. സ്വ-തന്ത്രത്തിനകത്തുതന്നെ നില്‍ക്കണം. പരന്റെ തന്ത്രത്തിലാകരുത്.

സ്ത്രീ സ്വതന്ത്രയല്ലെന്ന് പറഞ്ഞതിന് അദ്ദേഹം കൊടുത്ത മറുപടി അവള്‍ സ്വന്തം തന്ത്രം ചെയ്യേണ്ടി വരികയാണെങ്കില്‍ എല്ലാ കാര്യത്തിനും അവള്‍തന്നെ മുന്‍കൈ എടുക്കണം എന്നാണ്. അങ്ങനെ അവള്‍ വിഷമിച്ച് മാറിപ്പോകേണ്ടതൊന്നുമില്ല.

സ്ത്രീയായാലും പുരുഷനായാലും നമ്മുടെതായ ജീവിതത്തിന് ഉറപ്പുള്ള അടിത്തറ ഉണ്ടാക്കുകയാണെങ്കില്‍ ഇതുപോലെയുള്ള പേടി പുരുഷനോട് സ്ത്രീക്കോ, സ്ത്രീയോട് പുരുഷനോ ഉണ്ടാവുകയില്ല.