ഒരു പ്രാകൃത മതത്തിന്റെ വിസ്സർജ്ജ്യങ്ങൾ ചുമക്കുന്ന മനുഷ്യർ

പ്രസാദ് അമോർ (സൈക്കോളജിസ്റ്റ്, ലക്ഷ്മി ഹോസ്പിറ്റൽ)

പരശുരാമൻ മഴു എറിഞ്ഞാണ് കേരളത്തെ സൃഷ്ടിച്ചതെന്നും, ശബരിമല അയ്യപ്പ സ്വാമി അദ്‌ഭുതപ്രവൃത്തികൾ ചെയ്തിരുന്നുവെന്നും , അദ്ദേഹം നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും വിശ്വസിക്കുന്നവർ . ബ്രഹ്‌മാവിന്റെ ജീവിതവസാനത്തിൽ ഉണ്ടാകുന്ന പ്രളയത്തിൽ എല്ലാ ദേവന്മാരും എല്ലാ രൂപങ്ങളും സൃഷ്ടിയും നശിച്ചു പഞ്ചഭൂതങ്ങൾ വീണ്ടും മൂല പ്രകൃതിയിൽ ലയിക്കുന്നു വെന്നും, ഇപ്പോൾ കലികാലമാണെന്നും കഷ്ടപ്പാടുകൾ അതിന്റെ ഭാഗമായാണെന്നും വിശ്വസിച്ചു പരിഹാരക്രിയകളുമായി ജീവിതം പാഴാക്കുന്നവർ . നമ്മുടെ രാജ്യം ദാരിദ്ര്യത്തിന്റെ വിവിധ അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യൻ മനസ്സുകളെ സജീവമായി നിലനിർത്തുന്നത് ഇത്തരത്തിലുള്ള ഐതിഹ്യങ്ങളും അത്ഭുത കഥകളും വിധി വിശ്വാസങ്ങളുമാണ്.

പുരാണങ്ങളും,വേദങ്ങളും, മനുവിന്റെ നിയമങ്ങളുമെല്ലാം സഹസ്രാബ്ദങ്ങളെ അതിലംഘിച്ചു ഇന്നും നമ്മുടെ ആളുകളുടെ ജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. പൗരാണികമായ ഒരു സംസ്‌കാരത്തിന്റെ പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് പറയുന്നതിൽ അഭിമാനിക്കുന്നവരാണ് നമ്മൾ. എന്നാൽ യഥാർത്ഥത്തിൽ ലോകത്തിലെ പ്രാകൃതമായ ഒരു സംസ്‌കാരത്തിന്റെ വിസ്സർജ്ജ്യങ്ങൾ ചുമക്കുന്നവരാണ് ഇന്ത്യക്കാർ.

ലോകത്തിലെ മറ്റ് സംസ്കാരങ്ങൾക്കില്ലാത്ത പ്രത്യേകതയോ ഗുണങ്ങളോ ഒന്നും ഇന്ത്യയ്ക്കില്ല. പുരാതന കാലം മുതലേ മനുഷ്യസമൂഹങ്ങളിൽ ഉർവ്വരത പൂജയും തിന്മയുടെ മേൽ നന്മയുടെ വിജയവും ലൈംഗിക ആരാധനകളും വിചിത്രമായ അനുഷ്ടാനങ്ങളും നിലനിന്നിരുന്നതുപോലെ മനുഷ്യരും മറ്റു ജീവജാലങ്ങളും താമസിക്കുന്ന ഭൂമിയിലെ ഒരു പ്രദേശമായ ഇന്ത്യയെ മഹത്തായ ഒരു സംസ്കാരത്തിന്റെ കേന്ദ്രമാണെന്ന് വിശേഷിപ്പിക്കേണ്ടത്തിന്റെ ഒരു ആവശ്യവുമില്ല .നോക്കു,നരബലിയും ശിശുബലിയും സ്ത്രീകളുടെ ആർത്തവരക്തം പൂജിച്ചു നിവേദിക്കുന്ന പൂജാരിമാരും ഇന്നും ജീവിക്കുന്ന ഒരു നാടാണ് നമ്മുടേത്.

താന്ത്രിക വിദ്യകളിൽ സംഭോഗം ഒരു നിവേദ്യമാണ്. മഹാഭാരതത്തിലെ കർണ്ണനും പാണ്ഡവന്മാരും മാതാവായ കുന്തിയ്ക്ക് വിവിധ ദേവന്മാരുമായുള്ള രഹസ്യ ബന്ധത്തിൽ നിന്ന് ജനിക്കുന്നതാണ്. പാണ്ഡവന്മാരെല്ലാവരും കൂടി ദ്രൗപദിയെ ഭാര്യയായി സ്വീകരിക്കണമെന്ന് നിർദേശിക്കുന്നത് കുന്തിയാണ്. വിഷ്ണുവും ശിവനും തമ്മിലുള്ള സംഭോഗത്തിലൂടെയാണ് അയ്യപ്പ സ്വാമി ജനിക്കുന്നത് എന്നാണ് വിശ്വാസം.

മിത്തുകളെ മാത്രം ആധാരമാക്കി രൂപപ്പെടുത്തിയ ഒരു മതമാണ് ഹിന്ദുമതം. മിത്തുകൾ യഥാർത്ഥത്തിൽ സംഭവിച്ചവയാണോ? അതിന് ചരിത്രപരമായ പിന്തുണയുണ്ടോ ? ഇല്ല. സ്വന്തം അനുഭവങ്ങളിൽ നിന്നും ഊഹാപോഹങ്ങളെ അടിസ്ഥപ്പെടുത്തിയും കേട്ടുകേൾവിയിൽ നിന്നുമെല്ലാം രൂപപ്പെടുത്തിയ ലോകസങ്കല്പമാണ് മിത്തുകളെ പിന്തുണയ്ക്കുകയും ശാസ്ത്രത്തെ നിരാകരിക്കുകയും ചെയ്യുന്നവരിലുള്ളത്. ഹിന്ദുമത ക്ഷേത്രങ്ങൾക്കൊന്നും ആയിരത്തി അഞ്ഞൂറ് വർഷത്തെ പഴക്കം പോലുമില്ല എന്ന വസ്തുതയെ തള്ളികളയുവാനും അതേസമയം ആചാര അനുഷ്ടാനങ്ങൾ പതിനായിരം വർഷം മുൻപുണ്ടായതെന്ന് വിശ്വസിക്കുന്നവരാണ് ചരിത്രത്തെ നിഷേധിക്കുന്നവർ. ഭൂതകാലത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ അന്വേഷണങ്ങളെ ആധാരമാക്കി കണ്ടെത്തിയ വസ്തുതകൾക്ക് വിശ്വാസികളുടെ മുമ്പിൽ പ്രസക്തിയൊന്നുമുണ്ടാവുന്നില്ല.

നമ്മുടെ ആളുകൾ പുരാതന സംസ്കാരത്തിന്റെ പുനഃസ്ഥാപനത്തിനായി വാശിപിടിക്കുന്നു. എന്നാൽ നമ്മുടെ പൈതൃകങ്ങളും ആചാരങ്ങളും സാമൂഹ്യ അനീതി നിറഞ്ഞതും മനുഷ്യത്വരഹിതങ്ങളുമായിരുന്നു. അസമത്വത്തിന്റേതായ ഒരു കാലഘട്ടത്തിൽ നിന്ന് സാമൂഹ്യ നീതിയുടെ വഴികളിലേയ്ക്ക് ഇന്ത്യൻ ജനതയെ നയിച്ചത് നമ്മുടെ ഭരണഘടനയാണ്. എന്നാൽ ഈ ഭരണഘടനയ്‌ക്കെതിരെയുള്ള വെല്ലുവിളി ഒരു ഹിന്ദു ദേശീയതയുടെ ഭാഗമായ വിഭാഗീയതയുടെയും ജാതിവ്യവസ്ഥയുടെയും സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെയും സ്ഥാപനമാകുമ്പോൾ അതിനെ ഉദ്‌ഘോഷിക്കുന്ന ഹിന്ദുമതം അധഃപതിക്കുകയാണ്. ഹിന്ദുമതത്തിലെ ശോച്യമായ അവസ്ഥയെക്കെതിരെയുള്ള ചില നവീകരണ ശ്രമങ്ങൾ അതിൽനിന്ന് തന്നെ ഉൽഭവിച്ചിട്ടുണ്ടെങ്കിലും അതിന്റെ വക്താക്കളെല്ലാം ബ്രാഹ്മണ്യത്തെ പ്രകീർത്തിക്കുകയാണ്.

വസ്തുതകളിൽ നിന്ന് സാധാരണ ജനങ്ങളെ അകറ്റി അവരെ വിവരംകെട്ടവരായി നിലനിർത്തുന്ന തന്ത്രമാണ് ഈ രാജ്യത്തിലെ അധീശത്വ വിഭാഗം ചെയ്തുകൊണ്ടിരിക്കുന്നത് . ദൈവകൃപ, തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളിൽ മാത്രമേ ചൊരിയുകയുള്ളു , ദൈവത്തിന്റെ മുൻപിൽ എല്ലാവരും സമന്മാരല്ല എന്നുമുള്ള വികല ധാരണകളിൽ ജീവിക്കുന്ന ഹിന്ദുമതവും ആ സംസ്കാരവും ആധുനിക ജനാധിപത്യ മൂല്യങ്ങളുടെയും അറിവിന്റെയും മുൻപിൽ പരിഹാസ്യമാവുകയാണ്. ആധുനിക ശാസ്ത്രത്തിന്റെ നേട്ടങ്ങളും സാങ്കേതിക വിദ്യകളുമായി മത്സരിക്കാൻ അപ്രാപ്തമായ ഹിന്ദു മതവും അത് പ്രചരിപ്പിക്കുന്ന സംസ്കാരവുമെല്ലാം നശിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ തെരുവിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഹിന്ദുമതം നശിക്കാൻ ആരും ഒന്നും ചെയ്യെണ്ടതില്ല അതിന്റെ നാശത്തിനുള്ള ജീർണവും നാറുന്നതുമായ അഴുക്കുകൂനകൾ അതിൽ തന്നെ അടങ്ങിയിരിക്കുന്നു.