‘കേസ് തീർപ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുത്’ രണ്ടാമൂഴത്തിന് കോടതിയുടെ വിലക്ക്

എം.ടി.വാസുദേവൻ നായരുടെ പ്രശസ്ത നോവൽ ആയ ‘രണ്ടാമൂഴം’ സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്. തിരക്കഥാകൃത്തുകൂടിയായ എം.ടി നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് കോഴിക്കോട് മുൻസിഫ് കോടതി ഉത്തരവിട്ടത്. കേസ് ഒത്ത് തീർപ്പാകും വരെ തിരക്കഥ ഉപയോഗിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്.

സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ചാണ് എം.ടി തിരക്കഥ തിരിച്ചു വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. സംവിധായകൻ വി.എ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും, തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും ഹർജിയിൽ എം.ടി വ്യക്തമാക്കിയിരുന്നു.

അതേസമയം, രണ്ടാമൂഴം സംബന്ധിച്ചുണ്ടായ വിവാദത്തിൽ ക്ഷമ ചോദിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരുന്നു. തന്റെ വീഴ്‌ചയിൽ നിന്നുണ്ടായ തെറ്റിദ്ധാരണയാണ് വിവാദത്തിന് കാരണമെന്നും, ഇതിൽ താൻ എം.ടി സാറിനെ നേരിട്ടുകണ്ട് ക്ഷമ ചോദിക്കുമെന്നും ശ്രീകുമാർ മേനോൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന ഖ്യാതിയോടെയാണ് രണ്ടാമൂഴം പ്രഖ്യാപിക്കപ്പെട്ടത്. മോഹൻലാൽ കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് വ്യവസായ ഭീമനായ ബി.ആർ.ഷെട്ടിയാണ്. 1000 കോടി മുതൽ മുടക്കിൽ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ മഹാരഥന്മാർ അണിനിരക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. രണ്ടാമൂഴത്തിനായി താൻ ഒരുവർഷം മാറ്റിവയ്‌ക്കുമെന്ന് മോഹൻലാലും വ്യക്തമാക്കിയിരുന്നു.