നാരായണ ഗുരുവിൻറെ 90-ാമത് മഹാ സമാധി ദിനം ഇന്ന്

തന്റെ സൗമ്യജീവിതവും എരിയുന്ന ജീവിത ദർശനവുംകൊണ്ട് ജാതിവ്യവസ്ഥയുടെയും അനാചാരങ്ങളുടെയും ഇരുണ്ട കോട്ടകൾ തകർത്ത, കേരളത്തിന്റെ സാമൂഹിക ജീവിതത്തെ മാറ്റിമറിച്ച യുഗപുരുഷനാണ് ശ്രീനാരായണ ഗുരു. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന ഉദാരമാനുഷിക ദർശനത്തിലൂടെ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അദ്ദേഹം തുടങ്ങിവെച്ച നവോത്ഥാനം കേരളത്തെ പൂർവകാലത്തിൽ നിന്നു വേർതിരിച്ചു. നിഷേധത്തിന്റെയും തകർക്കലിന്റെയും പ്രത്യയശാസ്ത്രമായിരുന്നില്ല, നവീകരണത്തിന്റെയും പുനഃസൃഷ്ടിയുടെയും തത്വശാസ്ത്രമായിരുന്നു ഗുരുവിന്റേത്.

1888-ൽ തിരുവനന്തപുരത്തെ അരുവിപ്പുറത്ത് നടത്തിയ ശിവ പ്രതിഷ്ഠാകർമം ആധുനികതയുടെയും നവോത്ഥാനത്തിന്റെയും പിറവി മുഹൂർത്തമായി. നെയ്യാറിൽ നിന്നെടുത്ത ആ കൽക്കഷ്ണം കീഴാള ജനതയുടെ നവോത്ഥാനത്തിന്റെ കുലച്ചിഹ്നമായിത്തീർന്നു. അദ്വൈത ദർശനത്തിന്റെ അടിസ്ഥാനത്തിൽ തന്റെ ജീവിതസമീപനം രൂപപ്പെടുത്തിയ ഗുരു കേരളത്തെ സംബന്ധിച്ച് പുതുയുഗത്തിന്റെ പ്രവാചകനായിരുന്നു.

1895-ൽ ഡോ.പൽപ്പുവുമായുള്ള കൂടിക്കാഴ്ച്ചയാണ് 1898-ൽ ‘ അരുവിപ്പുറം ക്ഷേത്ര യോഗം ‘ എന്ന സംഘം രൂപീകരിച്ചത്.1903 മെയ് 15-ന് ‘ശ്രീനാരായണ പരിപാലന യോഗം’ എന്ന സംഘടനയുടെ രൂപീകരണത്തിന് പ്രേരണയായത്.

1909-ൽ ശിവഗിരിയിൽ ശാരദാമoത്തിന് തറക്കല്ലിട്ടു. തന്റെ പ്രവർത്തന കേന്ദ്രമായ വർക്കലയിലെ കുന്നിൻ പുറത്തിന് ശിവഗിരി എന്നു പേരിട്ടത് ഗുരുവാണ്. 1913-ൽ ആലുവയിലെത്തി. അവിടെ പ്രതിമയൊന്നുമില്ലാത്ത അദ്വൈതാശ്രമം സ്ഥാപിച്ചു. ആ ആശ്രത്തിൽ ഒരു വിജ്ഞാപനം എഴുതി പ്രദർശിപ്പിച്ചു.

“ഓം തത് സത്
ഈ മഠത്തിലെ അഭിപ്രായം മനുഷ്യർക്ക് ഒരു ജാതിയും ഒരു മതവും ഒരു ദൈവവുമില്ലാതെ, ഓരോ വിഭാഗക്കാർക്കും വെവ്വേറെ ജാതിയും മതവും ദൈവവുമില്ലന്നതാകുന്നു”.

1916-ൽ (മലയാള വർഷം 1091 ഇടവം 15) ചരിത്രം സൃഷ്ടിച്ച ‘നാം ജാതിയും മതവുമെല്ലാം പൂർണ്ണമായും വിട്ടിരിക്കുന്നു ‘ എന്ന വിളംബരം ഗുരു പ്രബുദ്ധകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചു.

1922-ൽ രവീന്ദ്രനാഥ ടാഗോറും 1925-ൽ വൈക്കം സത്യാഗ്രഹ സമയത്ത് രണ്ടുതവണയും (ഗുരു സമാധിയായ ശേഷം വീണ്ടും ഒരുതവണയും ഗാന്ധിജി ശിവഗിരിയിൽ വന്നിരുന്നു )മഹാത്മാ ഗാന്ധിയും ഗുരുവിനെ സന്ദർശിച്ചു.1928 സെപ്തംബർ 20-ന് (1104 കന്നി 5) മൂത്രാശയ രോഗബാധയെ തുടർന്ന് ഗുരു സമാധിയായി.

പ്രധാന കൃതികൾ: ആത്മോപദേശ ശതകം, ദർശന മാല, വേദാന്ത സൂത്രം ദൈവദശകം, ജാതിലക്ഷണം, ചിജ്ജഡചിന്തകം,ബ്രഹ്മവിദ്യാ പഞ്ചകം, ജനനീ നവരത്ന മഞ്ജരി, വിനായകാഷ്ടകം, കുണ്ഡലിനിപ്പാട്ട്, ഇന്ദ്രിയ വൈരാഗ്യം, ജ്ഞാനദർശനം., കാളീനാടകം എന്നിവയുൾപ്പെടെ 52 ഓളം കൃതികൾ ശ്രീനാരായണ ഗുരു മലയാളത്തിലും തമിഴിലും സംസ്കൃതത്തിലുമായി രചിച്ചിട്ടുണ്ട്.. തിരുക്കുറൾ, ഈശാവാസ്യോപനിഷത്ത്. എന്നിവ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുമുണ്ട്.നല്ല ഒരു ഭാഷാ പണ്ഡിതനും കവിയും കൂടിയായിരുന്നു അദ്ദേഹം.

ആധുനിക കേരളത്തിന്റെ ആത്മീയ ശില്പിയായ ശ്രീ നാരായണ ഗുരു വെറുമൊരു ആത്മീയ പ്രബോധകൻ മാത്രമായിരുന്നില്ല ഭൗതികമാറ്റവും സാമൂഹിക നവോത്ഥാനവും ഉണ്ടായാൽ മാത്രമേ ആത്മീയത നിറം തെളിഞ്ഞു വിളങ്ങൂ എന്നദ്ദേഹം ദർശിച്ചു . മലയാളിയുടെ പ്രധാന പ്രശ്നം എന്തെന്നാൽ സംവാദ മണ്ഡലം വിരുദ്ധ ധ്രുവങ്ങളിൽ മാത്രമായാണ് കാണുന്നത് എന്നുള്ളതാണ്.

ഒരു വ്യക്തിയെ വ്യാഖ്യാനിക്കുമ്പോൾ അദ്ദേഹം ജീവിച്ച കാലഘട്ടം, വ്യവസ്ഥ, സാംസ്കാരിക ഇടം ഇവയൊക്കെ പരിഗണിച്ചു കൊണ്ടാണ് മുന്നോട്ടു പോകേണ്ടത്. അതുകൊണ്ടുതന്നെ ശ്രീ നാരായണ ഗുരു ജനിച്ചത് ഒരു ഹിന്ദുവായിട്ടാണെന്ന് നമ്മൾ സമ്മതിക്കേണ്ടി വരുന്നു. എന്നാൽ ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ ഹിന്ദു മതത്തിന്റെ പരിധിയിൽ ഗുരു വരില്ല. കാരണം ഈഴവാദി ബഹുജനങ്ങൾക്കു ചാതുർവർണ്യത്തിനു പുറത്താണ് സ്ഥാനം. സെമിറ്റിക് മതങ്ങളും വൈദേശിക വിശ്വാസങ്ങളും ഒഴിവാക്കി ബാക്കി വരുന്ന വിശാലമായ ജനവിഭാഗത്തെ ഹിന്ദുവായി കണക്കാക്കിയാൽ ഗുരു ഹിന്ദുവാണെന്ന് പറയാം.

ആത്മോപദേശ ശതകവും ദർശനമാലയും ബ്രഹ്മവിദ്യാ പഞ്ചകവും വേദാന്ത സൂത്രവും തുടങ്ങിയ കൃതികൾ എല്ലാം വിശാലമായ ഹിന്ദു ദർശനങ്ങളായി വ്യാഖ്യാനിക്കാം. ഹിന്ദു മതത്തിനുള്ളിലെ അന്നത്തെ ജാതി വ്യവസ്ഥയെ മുൻ നിറുത്തിയാണല്ലോ അദ്ദേഹം ജാതി ചോദിക്കരുത്, പറയരുത് ചിന്തിക്കരുത് എന്ന് പറയുന്നത്. എന്നാൽ ശ്രീനാരായണ ഗുരുവിനെ അറിയേണ്ടത്, മനസ്സിലാക്കേണ്ടത് ഇത്തരം ഇടുങ്ങിയ നിർവചനങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണോ?

ഹൈന്ദവമായ പാരമ്പര്യത്തിനുള്ളിൽ നിന്നുകൊണ്ട് ചാതുർവർണ്യ വ്യവസ്ഥയെ വെല്ലു വിളിച്ചു ബ്രാഹ്മണർ കയ്യടക്കിവച്ചിരുന്ന അറിവിന്റെ, ജ്ഞാനത്തിന്റെ മേഖലയിൽ അഗാധമായ പാണ്ഡിത്യം നേടി എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വിപ്ലവകരമായ നേട്ടം. ജീവിച്ചിരിക്കെ തന്നെ തന്റെ സിദ്ധാന്തങ്ങൾ ആശയപരമായും പ്രായോഗികവുമായും ഫലം കണ്ട ദാർശനികൻ. ജാതി വ്യവസ്ഥയെ ന്യായീകരിച്ചു സംസാരിച്ച മഹാത്മാ ഗാന്ധിയോട് നാരായണ ഗുരു പറഞ്ഞതിങ്ങനെ. ഒരു ഹിന്ദുവിന് അവന്റ മതത്തിൽ വിശ്വാസമില്ല, മറിച്ച് മറ്റൊരു മതത്തിൽ വിശ്വാസമുണ്ടെങ്കിൽ തീർച്ചയായും അവന് വിശ്വാസമുള്ള മതത്തെ പുണരുന്നതാണ് നല്ലത്. ഒരു അവിശ്വാസിയെ ഹിന്ദു മതത്തിൽ നിന്ന് മാറ്റാൻ അതു സഹായിക്കും. ഏതു മതത്തിലേക്കാണോ ആ വ്യക്തി പോയത്, അതിനു ഒരു വിശ്വാസിയെ ലഭിക്കുകയും ചെയ്യും. അത്തരം പരിവർത്തനത്തിൽ ഒരു തെറ്റുമില്ല. ഇത്തരത്തിൽ പുരോഗമന ചിന്തകൾ പുലർത്തിയ വ്യക്തിയെ ഒരു മതത്തിന്റെയോ, ജാതിയുടെയോ ചട്ടക്കൂടിൽ ഒതുക്കുന്നത് തികച്ചും നിന്ദ്യമാണ്.

ജാതിവ്യവസ്ഥയുടെ ഫലമായി അവർണ്ണർക്ക് ക്ഷേത്ര പ്രവശനമില്ലാതിരുന്നപ്പോഴാണ് ഗുരു തലശ്ശേരിയിൽ ജഗന്നാഥ ക്ഷേത്രം സ്ഥാപിച്ചത്. ഒരു കൂട്ടർ അമ്പലത്തിനുള്ളിൽ കയറാതെ പുറത്തു നിൽക്കുന്നത് കണ്ടു ഗുരു ചോദിച്ചു, എന്താണ് അവരെ അകത്തേക്ക് പ്രവേശിപ്പിക്കാത്തത്? അകത്തു നിന്നവർ മറുപടി നൽകി, ‘അവർ പഞ്ചമന്മാരാണ്’ (നാല് വർണ്ണത്തിലും പെടാത്തവർ). ഗുരു തിരിച്ചു ചോദിച്ചു, അവരെ എപ്പോൾ അകത്തേക്ക് പ്രവേശിപ്പിക്കാം? ഒരു വർഷം കഴിയട്ടെ ഗുരോ എന്ന് മറുപടി. അൽപ സമയത്തിനുള്ളിൽ ശക്തമായ മഴ പെയ്തു തോർന്നു. ഗുരു ചോദിച്ചു, ഒരു വർഷം കഴിഞ്ഞല്ലോ; ഇനി കയറ്റാം അല്ലെ?

ഇത്തരത്തിൽ ജാതിചിന്ത, അതിന്റെ ദൂഷ്യഫലത്തിന്റെ തിന്മകൾ ഏറ്റുവാങ്ങുന്നവർക്കിടയിൽ പോലും ശക്തമായി വേരോടിയിരുന്ന കാലഘട്ടത്തിലാണ്, സംഘടനകൊണ്ട് ശക്തരാകാൻ ഗുരു നമ്മെ ഉത്ബോധിപ്പിക്കുന്നത്. തിയ്യനെ, തിയ്യനായി നിലനിർത്തുക ആയിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. അത്തരം സ്വത്വ വാദത്തിനെതിരായി മനുഷ്യന്റെ പുരോഗതി ലക്ഷ്യമാക്കി, ജാതിനിയമങ്ങളെ പരിഷ്ക്കരിച്ച് “സൂര്യൻ ഉദിക്കുമ്പോൾ ഇരുട്ട് മാറി പോകുന്നത് പോലെ അറിവുദിക്കുമ്പോൾ അജ്ഞതയും മാറിപ്പോകുന്നു” എന്നരുൾ ചെയ്ത ശ്രീനാരായണ ഗുരുവിനു ഒരുസ്വത്വം നൽകി സംരക്ഷിക്കേണ്ടതുണ്ടോ? സർവം ത്യജിച്ചവൻ സന്യാസി. അവൻറെ മതം അന്വേഷിക്കുന്നവരെ പറ്റി എന്ത് പറയാൻ?

ഗുരുവിനെ ബഹുമാനിക്കുന്നവർ അദ്ദേഹത്തെ വെറുതെ വിടുക. ഏതൊരാചാര്യനെയും മാനിക്കേണ്ടത് അവരെ സ്വന്തമാക്കുക വഴിയല്ല, മറിച്ച് അവരുടെ വാക്കുകളെ, അനുശാസനങ്ങളെ ആദരിക്കുക വഴിയാണ്, പിന്തുടരുക വഴിയാണ്.ഗുരുവിനെ കെട്ടരുത്; നിങ്ങളുടെ സങ്കുചിതത്വത്തിന്‍റെ കുറ്റിയില്‍.

‘വാദിക്കുന്നത് വാദത്തിനു വേണ്ടിയാകരുത്
സംശയ നിവൃത്തിക്കും തത്വ പ്രകാശത്തിനും വേണ്ടിയാകണം’.
-ശ്രീനാരായണ ഗുരു

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913