സെപ്തംബർ 20: വിപ്ളവകാരികളിലെ ഒറ്റയാന്‍ കെ സി എസ് മണിയുടെ ഓർമ്മദിനം

നൂറുകണക്കിനാളുകൾ ആത്മാഹൂതി ചെയ്യേണ്ടിവന്ന പുന്നപ്രവയലാർ സമരത്തിനുശേഷവും തുടർന്നു വന്ന ദിവാൻഭരണത്തിനു വിരാമമിടുന്നതിനാണ് സർ സിപിയെ കെസിഎസ് മണി വെട്ടിയത്. 1947 ജൂലൈ 25ാംതീയതി സ്വാതിതിരുനാൾ ശതവത്സരാഘോഷങ്ങളിൽ പങ്കെടുത്തു കാറിൽ കയറാൻ തുടങ്ങിയ ദിവാൻ സർ സിപിയെ സദസ്യരുടെ ഇടയില്‍ത്തന്നെയുണ്ടായിരുന്ന കെ.സി.എസ്. മണി വടിവാളുകൊണ്ട് നാലുതവണ വെട്ടുകയായിരുന്നു.

ആദ്യത്തെ വെട്ടു തടയുവാൻ പാഞ്ഞടുത്ത ദിവാന്റെ പ്രൈവറ്റ് സെക്രട്ടറിയെ തള്ളിമാറ്റി മണി മൂന്നു തവണകൂടി ദിവാനെ വെട്ടിയശേഷം ഇരുളിൽ മറഞ്ഞു. ചെള്ളയിലും കഴുത്തിലും, അതു തടുക്കാൻ കൈ ഉയർത്തിയപ്പോൾ കൈവിരലുകളിലും മുറിവേറ്റുവെങ്കിലും അതു മാരകമായില്ല. പിന്നീട് ഒളിവിൽ പോയ മണി കെഎസ്പി പ്രവർത്തകനായി രാഷ്ട്രീയത്തിൽ ഇറങ്ങുകയും ചെയ്തു.

തിരുവതാംകൂർ ദിവാൻ സർ സിപി രാമസ്വാമി അയ്യരെ വെട്ടി നാടുകടത്തിയ വിപ്ലവകാരി കോനാട്ടുമഠം .കെ. ചിദംബര സുബ്രഹ്മണ്യ അയ്യർ എന്ന കെ.സി.എസ്. മണിയെ മലയാളികള്‍ മറന്നോ? നമ്മുടെ നാടിന്റെ ചരിത്രഗതി തിരിച്ചുവിട്ട ഒറ്റയാള്‍ പട്ടാളത്തെ മറക്കാന്‍ കേരളത്തിനാവുമോ?

തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാളിനെ ഉപദേശിക്കുന്നു എന്ന മട്ടില്‍ കിരാതഭരണം നടത്തിയിരുന്ന ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ധീരവിപ്ളവകാരിയായിരുന്നു കെ സി എസ് മണി. അത് നടന്നത് 1947 ജൂലൈ 25 ന്. എന്തിനാണദ്ദേഹം ആ സാഹസത്തിന് മുതിര്‍ന്നത് ?

രാഷ്‌ട്രീയമായി ആര്‍ എസ് പിയില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌ത മണി, സഖാവ് ശ്രീകണ്ഠന്‍നായര്‍ക്ക് എറ്റവും പ്രിയപ്പെട്ടവനായിരുന്നു എന്നാണ് കുട്ടനാടിന്റെ കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ള എഴുതിയിട്ടുള്ളത്. ശ്രീകണ്ഠന്‍നായര്‍ എന്തുപറഞ്ഞാലും മണി ചോദ്യം ചെയ്യാതെ അനുസരിക്കുമായിരുന്നത്രെ. അക്കാലത്ത് തിരുവിതാംകൂറില്‍ പരക്കെ അറിയപ്പെട്ടിരുന്ന കുമ്പളത്തു ശങ്കുപ്പിള്ളയുടെ നേതൃത്വത്തില്‍ ഒരു വിപ്ളവസംഘം പ്രവര്‍ത്തിച്ചിരുന്നു. പരമരഹസ്യമായിട്ടായിരുന്നു ആ സംഘത്തിന്റെ നീക്കം. സി പിയെ കൊല്ലാന്‍ ആളുണ്ടോ എന്നാണൊരിക്കല്‍ കുമ്പളത്തു ശങ്കുപ്പിള്ള ചോദിച്ചത് ! സഖാവ് ശ്രീകണ്ഠന്‍ നായരുടെയും ചിന്ത ആ വഴിക്കായിരുന്നു. അങ്ങനെയാണ് മണിക്ക് ആ ദൌത്യം ഏറ്റെടുക്കേണ്ടി വന്നത്. മണി പറഞ്ഞു കേട്ടതായി തകഴി എഴുതുന്നു…..”സി പി യുടെ പിടലി വെട്ടാന്‍ തന്നെയാണ് ഞാന്‍ തിരുവനന്തപുരത്ത് സ്വാതിതിരുന്നാള്‍ സംഗീത വിദ്യാലയത്തില്‍ എത്തിയത്. വെട്ട് തെറ്റിപ്പോയതുകൊണ്ട് അയാള്‍ രക്ഷപ്പെട്ടു…..”

തിരുവിതാംകൂറിലെ രാജ്യസ്‌നേഹികള്‍ ഇഷ്‌ടപ്പെടുന്ന ഇത്രയ്‌ക്ക് വലിയൊരു കാര്യംചെയ്‌തെങ്കിലും മലയാളി സമൂഹം ആ വിപ്ളവകാരിയെ വേണ്ടതുപോലെ അംഗീകരിച്ചില്ല എന്നാണ് തകഴി എഴുതിയിട്ടുള്ളത്. തന്നെ അംഗീകരിക്കാത്തതില്‍ മണി ദുഃഖിതനായിരുന്നു. എങ്കിലും താന്‍ ചെയ്‌തത് തെറ്റായിപ്പോയി എന്നൊരിക്കലും മണി സങ്കടപ്പെട്ടിട്ടില്ല. എന്തൊരു നാടാണിത് എന്റെ ചേട്ടാ എന്ന് പലവട്ടം മണി നിരാശാസ്വരത്തില്‍ തകഴിയോട് ചോദിച്ചിരുന്നു.

ഹൈക്കോടതിയിലെ അഭിഭാഷകനായ ജി ജനാര്‍ദനക്കുറുപ്പും മണിയെപ്പറ്റി ഒരുപാട് പറഞ്ഞിട്ടുണ്ട്. കുറുപ്പുസാറും മണിയും ഉറ്റ മിത്രങ്ങളായിരുന്നു. കൊല്ലത്തെ താമസത്തിനിടയിലാണ് മണിയെ കുറുപ്പുസാര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. ഒന്നിച്ചാണവര്‍ സിനിമയ്‌ക്ക് പോയിരുന്നതും കടപ്പുറത്തിരുന്ന് കാറ്റ് കൊണ്ടിരുന്നതും. അറസ്‌റ്റ് വാറണ്ടില്‍നിന്നും രക്ഷപ്പെടാന്‍ കുറുപ്പുസാര്‍ ബോംബയിലേക്കും പിന്നീട് മദ്രാസിലേക്കും ചേക്കേറിയപ്പോള്‍ മണിയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കൂട്ടുകാരന്‍.

പുന്നപ്ര-വയലാര്‍ സമരം കഴിഞ്ഞ കാലത്താണവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഒരുപാട് നേതാക്കളപ്പോള്‍ ജയിലിലായിരുന്നു. കൂട്ടത്തില്‍ പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുക്കാത്ത കുറുപ്പുസാറിനെയും പോലീസ് പ്രതിയാക്കിയിരുന്നു.

കുറ്റവാളികളെ വിചാരണക്കായി കോടതിയിലേക്ക് കൊണ്ടുവന്ന ദിവസം. നേതാക്കന്മാര്‍ പൊലീസിന്റെ അകമ്പടിയോടെ വരിവരിയായി നടന്നുപോകുന്നത് വേഷപ്രച്‌ഛന്നനായി വന്ന മണി കണ്ടുനിന്നു. മണിയുടെ മനസ്സില്‍ പ്രതികാരത്തിന്റെ തീ തിളച്ചു. തലച്ചോറ് പുകഞ്ഞു. ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരെ എങ്ങനെയാണ് വക വരുത്തേണ്ടത് ?

സി പി യെ ഉന്മൂലനം ചെയ്യുന്നതിന്റെ മുന്നോടിയായി തമ്പാനൂരിലെ സി പി സത്രത്തിനു മുന്നിലുള്ള സി പി യുടെ പ്രതിമ മണി തകര്‍ത്തു. സി പി യെ വധിക്കാനുള്ള ധൈര്യമുണ്ടോ തനിക്ക് എന്ന പരീക്ഷണമായിരുന്നു പ്രതിമ തച്ചുടക്കല്‍ പരിപാടി.

സി പി യെ വധിക്കാന്‍ മണിയെ പറഞ്ഞയക്കുന്നതിനെ ശ്രീകണ്ഠന്‍നായര്‍ പിന്തുണച്ചില്ല. വായാടിയായ മണി തിരുവനന്തപുരത്തെ പലരോടും താന്‍ രഹസ്യമായി നടത്താന്‍ പോകുന്ന ‘വിശുദ്ധ’ കര്‍മത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്, മണിയെ കണ്ടാലുടനെ പൊലീസ് അറസ്‌റ്റ് ചെയ്യും, അതുകൊണ്ട് മണി ഈ കൃത്യത്തില്‍നിന്ന് പിന്മാറണം എന്നായിരുന്നു ശ്രീകണ്ഠന്‍നായരുടെ അഭിപ്രായം.

കുറുപ്പുസാര്‍ ശ്രീകണ്ഠന്‍നായരുടെ അഭിപ്രായത്തോട് യോജിച്ചില്ല. അദ്ദേഹം പറഞ്ഞു: ” സി പി യെ കൊല്ലുന്നെങ്കില്‍ മണിക്കേ അതിന് കഴിയൂ. സഖാവ് അവനെക്കൊണ്ടത് ചെയ്യിച്ചില്ലെങ്കില്‍ ഈ പരിപാടി ഉപേക്ഷിക്കുകയാണ് നല്ലത്.”

തന്റെ ഗുരുവായ ശ്രീകണ്ഠന്‍ചേട്ടന്റെ മനസ്സറിഞ്ഞ മണി ക്ഷോഭിച്ചു. മണി പൊട്ടിത്തെറിച്ചു. എനിക്കിത് ചെയ്‌തേ പറ്റൂ. മണി മനസ്സില്‍ ശപഥം ചെയ്‌തു.

വിപ്ളവസംഘത്തില്‍പ്പെട്ട കുറുപ്പുസാറും എ പി പിള്ള, ടി പി ഗോപാലന്‍ എന്നീ സഖാക്കളും കൂടി ക്ഷോഭിച്ചിറങ്ങിപ്പോയ മണിയെ അനുനയിപ്പിച്ച് തിരികെ സംഘത്തിന്റെ രഹസ്യസങ്കേതത്തിലേക്ക് കൊണ്ടുവന്നു. ഞാന്‍ വായാടിത്തം പറഞ്ഞതല്ല. സി പി യെ വധിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. എനിക്കത് നിറവേറ്റിയേ ഒക്കൂ! മണി ഉറച്ച സ്വരത്തില്‍ പറഞ്ഞു.

മണിയുടെ മനസ്സില്‍ ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളു… എനിക്കൊന്നും നേടാനില്ല. ജനപക്ഷ വിരുദ്ധനായ ദിവാനെ വകവരുത്തിയാല്‍ തിരുവിതാംകൂര്‍ മാത്രമല്ല മലയാളക്കരയാകെ രക്ഷപ്പെടും. കൃത്യം നിര്‍വഹിച്ചാലുടനെ ഞാന്‍ പിടികൊടുക്കും. ലോകം കാണ്‍കെ അവരെന്നെ തൂക്കുമരത്തിലിടും. അതുമാത്രമാണെനിക്ക് വേണ്ടത് !

ദൃഢനിശ്ചയത്തോടെ മൂര്‍ച്ചയേറിയ വെട്ടുകത്തി ഒരു തുണിസഞ്ചിയില്‍ പൊതിഞ്ഞു പിടിച്ച് മണി ജൂലൈ പത്തൊമ്പതിന് തന്നെ തിരുവനന്തപുരം നഗരത്തിലെത്തി. രവീന്ദ്രനാഥ മേനോന്‍ എന്ന കള്ളപ്പേരില്‍ ഹോട്ടലില്‍ മുറിയെടുത്തു. വിധി നടപ്പാക്കാനുള്ള ജൂലൈ ഇരുപത്തിയഞ്ച് പിറന്നു. മണി ഒരുക്കങ്ങള്‍ ആരംഭിച്ചു. കട്ടിയുള്ള കാക്കി നിക്കര്‍ ബക്കളിട്ട് നന്നായി മുറുക്കിക്കെട്ടി. കായം സഞ്ചിയില്‍ നിക്ഷേപിച്ചിരുന്ന ആയുധം അരയില്‍ കൊളുത്തിയിട്ടു. അതിനു മുകളില്‍ മുണ്ട് ചുറ്റിയുടുത്തു.

സി പി യെ വധിക്കാനുള്ള ഉദ്യമത്തിനിടയില്‍ പൊലീസിന്റെ കണ്ണില്‍പ്പെട്ട് തന്നെ വെടിവെച്ച് കൊന്നാലോ? അങ്ങനെ സംഭവിച്ചാല്‍ ജഡം തിരിച്ചറിയണമെന്ന വിചാരത്തോടെ ‘കെ സി എസ് മണി ട്രാവന്‍കൂര്‍ സോഷ്യലിസ്‌റ്റ് പാര്‍ടി’ എന്നെഴുതിയ ഒരു കടലാസ് തുണ്ട് പോക്കറ്റില്‍ തിരുകിവെച്ചു.

വാടകമുറിയുടെ വാതിലടച്ച് വിധിയുമായി സന്ധിക്കാനിരിക്കുന്ന പകല്‍വെളിച്ചത്തിലേക്ക് മണി ഇറങ്ങി നടന്നു. വാടക കൊടുത്തിട്ടില്ല. തന്റെ പേരെഴുതിയ കടലാസ് തുണ്ടല്ലാതെ ഒരു ചില്ലിക്കാശുപോലും പോക്കറ്റിലില്ല. കഴുമരത്തിന് ഇരയാവാന്‍ പോകുന്ന തനിക്കെന്തിനാണ് പണം?

അന്നു വൈകുന്നേരമാണ് സ്വാതി തിരുനാള്‍ സംഗീതവിദ്യാലയത്തില്‍ കച്ചേരി. മഹാരാജാവിന്റെ ഉദ്ഘാടനവും ദിവാന്റെ ആശംസാപ്രസംഗവും കഴിഞ്ഞാല്‍ ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ സംഗീത കച്ചേരി.

കച്ചേരി ആരംഭിക്കുന്നതിനു മുമ്പേതന്നെ മഹാരാജാവ് യാത്രയായി. രാജാവിനെ അനുഗമിച്ച് വിടനല്‍കിയ ശേഷം ദിവാന്‍ സി പി പ്ളാറ്റ്ഫോമിന്റെ മുന്നിലെ കസേരയില്‍ വന്നിരുന്ന് സംഗീതക്കച്ചേരി ആസ്വദിക്കാന്‍ തുടങ്ങി.

അപ്പോഴൊക്കെ ദിവാന്‍ തന്റെ വെട്ടേറ്റ് പിടയുന്നതും, പുന്നപ്രയിലും വയലാറിലും വെടിയേറ്റു മരിച്ചവരുടെ ആത്മാക്കള്‍ ചുവന്ന പതാക വീശി തന്നെ ആശീര്‍വദിക്കുന്നതും മണി ഭാവനയില്‍ കാണുന്നുണ്ടായിരുന്നു. എത്രയെത്ര തൊഴിലാളി കുടുംബങ്ങളെയാണ് ദിവാന്‍ കണ്ണീരിലാഴ്ത്തിയത് ? എത്രയെത്ര വിധവകളും അനാഥരായ കുട്ടികളും വൃദ്ധരായ അച്ഛനമ്മമാരെയുമാണ് കിരാതഭരണം തിരുവിതാംകൂറില്‍ അവശേഷിപ്പിച്ചത് ?

നേരം ഇരുട്ടി. സമയം ഏഴര.

ദിവാന്‍ പോകാനെഴുന്നേല്‍ക്കുകയാണ്. സദസ്യരും ബഹുമാനപൂര്‍വം എഴുന്നേറ്റു. ദിവാന്‍ നടന്നപ്പോള്‍ പരിവാരങ്ങള്‍ അനുഗമിച്ചു. ആ തക്കം നോക്കി മണി ദിവാന്‍ വരുന്ന വഴിയിലേക്ക് നീങ്ങി നിന്നു. വെട്ടുകത്തി ഊരിയെടുത്ത് മുണ്ടിനുള്ളില്‍ മറച്ചു പിടിച്ചു.

ദിവാന്‍ അടുത്തെത്തിയപ്പോള്‍ മണി മുന്നോട്ടാഞ്ഞ് വെട്ടുകത്തിയെടുത്ത് ദിവാന്റെ കഴുത്തു നോക്കി ആഞ്ഞുവെട്ടി. വെട്ടല്‍പ്പം പിശകി. കഴുത്തിനെ ചുറ്റിവരിഞ്ഞിരുന്ന പട്ട് ദിവാന്റെ കഴുത്തറ്റ് പോകുന്നതില്‍നിന്നും രക്ഷിച്ചു. അറച്ചു നില്‍ക്കാതെ മണി വീണ്ടും വെട്ടി. വെട്ടുകൊണ്ടത് ദിവാന്റെ ഇടത്തേ കവിളിലായിരുന്നു. കവിള്‍ പിളര്‍ന്നു. രക്തം ധാരധാരയായി ഒഴുകി. കൈത്തലംകൊണ്ട് കവിള്‍ താങ്ങിയ ദിവാന്‍ വലത്തോട്ട് ചെരിഞ്ഞു.

പെട്ടന്ന് ബള്‍ബുകള്‍ കെട്ടു! ഇരുട്ട് ! സെക്കന്റുകള്‍ക്കകം വൈദ്യുതി തിരിച്ചുവന്നു. വെളിച്ചത്തില്‍ മണി വീണ്ടും ദിവാനെ വെട്ടി. ദിവാന്റെ തലപ്പാവ് തെറിച്ചു വീണു. അപ്പോഴേക്കും മണി പൊലീസിന്റെ കൈപ്പിടിയിലായി. വീണ്ടും ബള്‍ബുകള്‍ കെട്ടു. ബഹളമായി. ആ തക്കത്തിന് വെട്ടുകത്തി നിലത്തിട്ട് മണി ബന്ധനത്തില്‍നിന്ന് കുതറി മുക്തനായി. ആരും സംശയിക്കാത്ത വിധത്തില്‍ മണി പേട്ടയിലേക്ക് നടന്നു. സുഹൃത്ത് ചെല്ലപ്പന്റെ വീട്ടിലേക്ക്. പിറ്റേന്ന് ചെല്ലപ്പന്റെ ഭാര്യയുടെ കമ്മല്‍ വിറ്റുകിട്ടിയ പണവുമായി പാലക്കാട്ടേക്ക് മണി വണ്ടികയറി.

വേണാടിന്റെ ചരിത്രം മാറ്റിയെഴുതിയ വിപ്ളവകാരിയായിരുന്നു കെ സി എസ് മണി. ഒരിക്കലും മറക്കാനാവാത്ത ജൂലൈ ഇരുപത്തിയഞ്ച് സൃഷ്ടിച്ച ഒറ്റയാന്‍.

പുന്നപ്രയിലും വയലാറിലും പടര്‍ന്ന അഗ്നിയായിരുന്നു മണി സ്വന്തം സിരകളില്‍ ഏറ്റുവാങ്ങിയത്. ഉറച്ച സോഷ്യലിസ്‌റ്റായിരുന്ന മണി ദിവാന്‍ ഭരണം അവസാനിപ്പിക്കുന്നതിന് സ്വേച്ഛാധിപത്യത്തെ ആ വിപ്ളവകാരി രക്തത്തില്‍ കുളിപ്പിച്ചു.

തൊഴിലാളി സമരങ്ങളെ വെടിവെയ്‌പിലും കൂട്ട അറസ്‌റ്റിലും തുടച്ചു നീക്കാമെന്ന് കരുതിയ ഭരണാധികാരിയായിരുന്നു സര്‍ സി പി രാമസ്വാമി അയ്യര്‍. ജനനേതാക്കളെ ദിവാന്‍ ഭരണം ക്രൂരമായി മര്‍ദിച്ചു. ആ ഭരണത്തിന്റെ കഴുത്തിലാണ് മണി വെട്ടിയത്.

ഒന്നര പതിറ്റാണ്ടോളം പഞ്ചായത്ത് മെമ്പറും, ഒരു തവണ കുട്ടനാട് നിയോജകമണ്ഡലത്തില്‍ നിയമസഭാ സ്ഥാനാര്‍ഥിയും ഒക്കെയായി ജീവിച്ച ആ വീരസഖാവ് ദരിദ്രനായി, രോഗാവശനായാണ് അന്ത്യംപൂകിയത്. താന്‍ വിശ്വസിച്ച റവലൂഷണറി സോഷ്യലിസ്‌റ്റ് പാര്‍ടിപോലും ത്യാഗിയായ മണിയെ വേണ്ടത്ര പരിഗണിച്ചില്ല. മരിക്കുന്നതിനു മുമ്പ് നിധിപോലെ താന്‍ സൂക്ഷിച്ചിരുന്ന പുസ്‌തകങ്ങള്‍ അമ്പലപ്പുഴയിലെ ഒരു വായനശാലയക്ക് സമ്മാനിച്ചു. ഒടുവില്‍ ഹതാശനായ മണി ഈശ്വരവിശ്വാസിയായി. അയ്യപ്പ ഭക്തനായി. കാലം ആ മനസ്സിലെ തീച്ചൂട് ചോര്‍ത്തിക്കളഞ്ഞു. അസ്വസ്ഥമായ മനസ്സ് സാത്വികമായി. 65-ാം വയസ്സില്‍, 1987 സെപ്തംബര്‍ ഇരുപതിന് തിരുവനന്തപുരം പുലയനാര്‍ കോട്ട ടി ബി സാനിറ്റോറിയത്തില്‍ ആ ജീവിതം അവസാനിച്ചു.

പുന്നപ്ര-വയലാറിലെ ഓരോ മണ്‍തരിയും അവിടെ വീശുന്ന കാറ്റും ഇന്നും ധീരനായ ആ വിപ്ളവകാരിയെയോര്‍ത്ത് വിതുമ്പുന്നുണ്ടാവണം.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913