ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന്; അന്തിമ തീരുമാനം നാളത്തെ സി.പി.എം സംസ്ഥാന സമിതിയില്‍

ബന്ധു നിയമന വിവാദത്തില്‍ ക്ലിന്‍ ചിറ്റ് ലഭിച്ച ഇ.പി ജയരാജന്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് ഉറപ്പിച്ചു. മുഖ്യമന്ത്രി പിറണറായി വിജയന്‍ അമേരിക്കയിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ ഇ.പി.ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്യും. ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17ന്) സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന.

ജയരാജന്‍ വരുന്നതോടെ മന്ത്രിമാരുടെ എണ്ണം ഇരുപതാകും. ഇതോടെ അധിക മന്ത്രിയെന്ന സ്വാഭാവിക അവകാശവാദം സി.പി.ഐ ഉന്നയിച്ചേക്കും ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നല്‍കി തര്‍ക്കം ഒഴിവാക്കാനാണ് സാധ്യത. സി.പി.എം-സി.പി.ഐ നേതാക്കള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്. നേരത്തേ ഭരിച്ചിരുന്ന വ്യവസായ വകുപ്പ് തന്നെ ജയരാജന് നല്‍കാന്‍ തീരുമാനിച്ചാല്‍ സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകും. വ്യവസായം നഷ്ടപ്പെടുന്ന മൊയ്തീന് നേരത്തേയുണ്ടായിരുന്ന സഹകരണം തിരിച്ചു നല്‍കിയേക്കും. കായികവും കെ.കെ ഷൈലജയുടെ കൈവശമിരിക്കുന്നവ സാമൂഹിക ക്ഷേമവും ജയരാജന് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

മുഖ്യമന്ത്രി വിദേശത്തുപോകുന്ന സാഹചര്യത്തില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ കണ്ണൂരില്‍ നിന്നുള്ള പ്രബലന് തന്നെ കൈമാറണമെന്ന പാര്‍ട്ടിയുടെ തീരുമാനമാണ് ജയരാജനെ തിരികെ എത്തിക്കുന്നതിന് അനുകൂലമായത്. മന്ത്രിസഭാ പുനഃപ്രവേശനം സംബന്ധിച്ച് നാളെ ചേരുന്ന സി പി എം നേതൃയോഗങ്ങളില്‍ അന്തിമ രൂപമാകും. തിങ്കളാഴ്ച ചേരുന്ന എല്‍.ഡി.എഫ്. യോഗത്തിനു ശേഷമാകും ജയരാജന്റെ മന്ത്രി സ്ഥാനം സംബന്ധിച്ച ഔദ്യോഗിക തീരുമാനം.