ആത്മീയ ലോകത്തെ യുക്തിചിന്തകന്‍ ബ്രഹ്മാനന്ദ ശിവയോഗിയും ആനന്ദ മതവും യുക്തിവാദവും

(2002 ഏപ്രില്‍ മാസം തേരാളി മാസികയുടെ ‘ഇടമറുകിനോട് ചോദിക്കുക] എന്ന പംക്തിയില്‍ എം.പി.ജി.കുറുപ്പ്, പാതിരപ്പള്ളി, ആലപ്പുഴ എന്നയാളുടെ ചേദ്യത്തിനുള്ള മറുപടിയായി ശ്രീ ജോസോഫ് ഇടമറുക് നൽകിയ മറുപടികളെ ആശ്രയിച്ചു  തയ്യാറാക്കിയ ഒരു ഓർമ്മകുറിപ്പ് ആണ് ഇത്.)

ജാതി, മതം, വിശ്വാസം എന്നിവയുടെ ചിട്ടവട്ടങ്ങളെ തീര്‍ത്തും അവഗണിച്ചുകൊണ്ട് മാനവിക മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ആത്മീയാചാര്യന്മാര്‍ ഭാരതത്തിന്റെ ഉണ്ടായിട്ടുണ്ട്. കബീര്‍, മഹാരാഷ്ട്രയിലെ നാംദേവ്, പഞ്ചാബിലെ ഗുരുനാനാക്ക്, ആന്ധ്രയിലെ വേമന, കര്‍ണാടകത്തിലെ ബാസവേശ്വര എന്നിവര്‍ അവരില്‍ ചിലരാണ്. ‘ശിലയെ കൂപ്പിയാല്‍ ദൈവത്തെ കാണാമെങ്കില്‍ ഞാന്‍ പര്‍വ്വതത്തെയാണ് കൂപ്പുക’ എന്നുപറഞ്ഞ കബീറിന്റെയും ‘നിങ്ങള്‍ കല്ലില്‍ കൊത്തിയ കാളയെ ആരാധിക്കുന്നു. പക്ഷേ ജീവിച്ചിരിക്കുന്ന കാളയെ പട്ടിണികിടത്തുന്നു’ എന്ന് കുറ്റപ്പെടുത്തിയ വേമനയുടെയും കൂട്ടത്തില്‍പ്പെടുത്താവുന്ന യുക്തിസഹമായി ചിന്തിച്ച കര്‍മ്മയോഗിയാണ് ബ്രഹ്മാനന്ദശിവയോഗി. ഈശ്വരന്‍ തന്റെ സൃഷ്ടി സന്താനങ്ങളെ സംഹരിക്കുന്നവനാണെന്ന് പ്രമാണങ്ങള്‍ പറയുന്നു. അതുകൊണ്ട് ഈശ്വരനെ പൂജിക്കുകയല്ല ശിക്ഷിക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. സിംഹവ്യാഘ്രാദികള്‍കൂടി അതിന്റെ കുട്ടികളെ സ്‌നേഹിക്കുന്നു. ഈശ്വരന്‍ കൊല്ലുന്നു. മക്കളെ കൊല്ലുന്ന പിതാവിനെ സര്‍ക്കാര്‍ തൂക്കിക്കൊല്ലുന്നു. ഈ നിയമപ്രകാരം ഈശ്വരനെയും തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

“ജീവന്‍ ഹിന്ദുവല്ല, ജീവനഹോ ബൗദ്ധജാതിയം അല്ലാ.
ജീവന്‍ കൃസ്ത്യനുമല്ല ജീവനൊരു ജാതിയില്ല സത്തല്ലോ.
ഇല്ല ശരീരത്തിനും ചൊല്ലാന്‍ സൗദ്ധാദി ജാതിഭേദങ്ങള്‍,
എല്ലാം ഭൗതികമല്ലോ തല്ലാനന്യോന്യമൊന്നുമില്ലല്ലോ.”

ബ്രഹ്മാനന്ദസ്വാമി ശിവയോഗി (1852-1929)യുടെ സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായ ഒരു പ്രസ്ഥാനമാണിത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ധീരതയോടെ രംഗത്തിറങ്ങിയ ഒരു മഹാനായിരുന്നു അദ്ദേഹം. പാലക്കാടിനടുത്തുള്ള കൊല്ലങ്കോട് എന്ന സ്ഥത്തെ കാരാട്ട് എന്ന നായര്‍ തറവാട്ടില്‍ ജനിച്ച ഗോവിന്ദന്‍ കുട്ടിയാണ് പില്‍ക്കാലത്ത് ബ്രഹ്മാനന്ദ ശിവയോഗിയായി തീര്‍ന്നത്. ജാതി മതഭേദങ്ങളെ ഇത്രമാത്രം കടന്നാക്രമിച്ച മറ്റൊരു ജ്ഞാനയോഗിയില്ല.

ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തില്‍ പാണ്ഡിത്യം നേടിയ അദ്ദേഹം എറണാകുളത്തുപോയി ഇംഗ്ലീഷ് പഠിക്കുകയും ചെയ്തു. കുറേകാലം അംശംമേനോന്‍ (പാരമ്പര്യമായി നിലനിന്നുവന്ന വില്ലേജ് ഓഫീസര്‍ )എന്ന ജോലി നോക്കി. ആ ജോലിയില്‍ അദ്ദേഹം തൃപ്തനായിരുന്നില്ല. പിന്നീട് കോഴിക്കോട് നേറ്റീവ് സ്‌കൂളില്‍  സംസ്‌കൃത അധ്യാപകനായി. സി.കൃഷ്ണന്‍ (യുക്തിവാദി മാസികയുടെ ആദ്യത്തെ പത്രാധിപന്മാരില്‍ ഒരാളും മിതവാദിയുടെ സ്ഥാപക പത്രാധിപരും ) അയ്യത്താന്‍ ഗോപാലന്‍ (ബ്രഹ്മസമാജ പ്രവര്‍ത്തകന്‍ ) മഞ്ചേരി അയ്യര്‍ തുടങ്ങിയവരുമായി അവിടെവെച്ച് അദ്ദേഹം പരിചയപ്പെട്ടു. ബംഗാളില്‍ രാജാ റാംമോഹന്‍ റായ് സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ ഒരു ശാഖ അന്നു കോഴിക്കോട്ടുണ്ടായിരുന്നു. ഹിന്ദുമതത്തിലെ പല അന്ധ വിശ്വാസങ്ങളേയും എതിര്‍ക്കുന്നവരാണ് ബ്രഹ്മസാമാജക്കാര്‍ .അവരുടെ ചര്‍ച്ചകളില്‍ കാരാട്ട് ഗോവിന്ദമേനോന്‍ പങ്കുകൊണ്ടിരുന്നു. ചെറുപ്പം മുതല്‍ തന്നെ സ്വതന്ത്ര ചിന്തകനായിരുന്ന അദ്ദേഹത്തിന്റെ മാനസിക വികാസത്തിന് ഇവരുമായുള്ള സഹവാസം സഹായിച്ചു.

അവരുടെ ആവശ്യത്തിനുവേണ്ടി ‘ബ്രഹ്മസങ്കീര്‍ത്തനം’ എന്ന ഒരു കൃതി അദ്ദേഹം എഴുതിക്കൊടുത്തു. ബ്രഹ്മസമാജക്കാര്‍ ‘ബ്രഹ്മാനന്ദസ്വാമി’ എന്ന് അദ്ദേഹത്തെ വിളിച്ചിരുന്നു.1899ല്‍ 47ആം വയസ്സില്‍ ആലത്തൂര്‍ ബോര്‍ഡ് സ്‌കൂളില്‍ അദ്ദേഹം സംസ്‌കൃത അധ്യാപകനായി. മാതൃഭൂമിയുടെ പത്രാധിപരായിരുന്ന കെ.പി.കേശവമെനോന്‍ ,പ്രശസ്ത നിയമജ്ഞന്‍ കെ.വി.സൂര്യനാരായണയ്യര്‍ തുടങ്ങിയവര്‍ അവിടെ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. 1905-ല്‍ 53ആമത്തെ വയസ്സില്‍ അദ്ദേഹം റിട്ടയര്‍ ചെയ്തു. അതിനുമുമ്പുതന്നെ വാനൂര്‍ എന്ന സ്ഥലത്ത് അദ്ദേഹം ഒരു ‘സിദ്ധാശ്രമം’ സ്ഥാപിച്ചിരുന്നു. 1924ല്‍ ആലത്തൂരിലുള്ള ഇപ്പോഴത്തെ സിദ്ധാശ്രമം സ്ഥാപിച്ച് അദ്ദേഹവും പത്‌നിയും അങ്ങോട്ട് മാറിത്താമസിച്ചു.

ബ്രഹ്മാനന്ദസ്വാമി ശിവയോഗി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അതില്‍ എടുത്തുപറയത്തക്ക ആദ്യത്തെ കൃതി 1905ല്‍ പുറത്തുവന്ന ‘മോക്ഷപ്രദീപം’ ആണ്. ആനന്ദസൂത്രം (1910) ആനന്ദസോപാനം (1913) വിഗ്രഹാരാധനാ ഖ ണ്ഡനം (1916) ആനന്ദാദര്‍ശം (1927) ആനന്ദാദര്‍ശാംശം (1928) എന്നിവയാണ് മറ്റു പ്രധാന കൃതികള്‍ .പണ്ഡിതനും സ്വതന്ത്ര ചിന്താഗതിക്കാരനുമായ ഒരു മഹാനായിരുന്നു ബ്രഹ്മാനന്ദസ്വാമി ശിവയോഗികള്‍ എന്ന് ഈ ഗ്രന്ഥങ്ങള്‍ തെളിയിക്കുന്നു. ഹിന്ദുമതത്തിലെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ പലതിനേയും വിമര്‍ശിക്കുവാന്‍ അദ്ദേഹം മടിച്ചിട്ടില്ല. യുക്തിബോധമാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തെ നയിച്ചിരുന്നത്.

ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ നല്‍കിയ പുത്തനുണര്‍വ് കേരളത്തിന്റെ സംസ്കാരിക ബോധത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്‍ട്.  ഗുരു പക്ഷേ ഇന്ന്‌ വിഗ്രഹവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്‌. ഗുരുവിന്റെ ചിന്തകളെ ഫ്രീസറില്‍ സൂക്ഷിക്കുകയും ഗുരുവെന്ന ബിംബത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഇരട്ടാത്താപ്പാണ്‌ ഇന്ന്‌ നടമാടിക്കൊണ്ടിരിക്കുന്നത്.

ഭാരതം ഒട്ടേറെ ഋഷിമാരുടെ ജന്മഭൂമിയാണ്‌. ഒട്ടേറെ ജ്ഞാനി ശ്രേഷ്ഠന്മാരും യോഗിവര്യന്മാരും ഇവിടെ ജീവിച്ചിരുന്നിട്ടുണ്ട്. എന്നിട്ടും ജാതിയുടെയും അയിത്തത്തിന്റെയും പേരില്‍ അനേകം പേര്‍ ആട്ടിയോടിക്കപ്പെടുകയും അക്ഷരവും ജ്ഞാനവും നിഷേധിച്ച്‌ അധകൃതവല്‍ക്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.  എന്നും അധമരായി കഴിയേണ്ടവരാനെന്ന ബോധം അവരില്‍തന്നെ ഉറപ്പിക്കുന്നതില്‍ മേലാളര്‍ വിജയം കണ്ടു.

കേരളം ജാതിഭ്രാന്തിന്റെയും അസമത്വത്തിന്റെയും മൂര്‍ധന്യത്തിലായിരുന്ന കാലത്ത് 1852-ല്‍ ജനിച്ച ബ്രഹ്മാനന്ദ സ്വാമി ശിവയോഗി അക്ഷോഭ്യനും അചഞ്ചലനുമായി, സമൂഹത്തില്‍ കാലങ്ങളായി വേരുറച്ച അന്ധവിശ്വാസങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ പോരാടി. ജ്ഞാനത്തെ വരേണ്യവര്‍ഗ്ഗത്തിന്റെ മാത്രം കുത്തകയാക്കിയ സംബ്രദായത്തെ ശിവയോഗി ചോദ്യം ചെയ്തു. ജാതി വര്‍ഗ്ഗരഹിതമായ അരു സമൂഹത്തെ സംഘടിപ്പിക്കുന്നതിനുതകുന്ന ആദര്‍ശ ശുദ്ധിയും ആത്മാര്‍ത്ഥതയും ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ആനന്ദാദര്‍ശത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും.

ആനന്ദാദര്‍ശ തത്വങ്ങളിലൂടെ നമുക്കൊന്ന്‌ കണ്ണോടിക്കാം

“ആനന്ദ ഏവ വിജയതേ മനസ്വസ്ഥതൈവനന്ദ:
മനോജയ ഏവമഹജയ: അഹിംസൈവപരമോധര്‍മ്മ:
അജ്ഞാന ദു:ഖായൈവ യജ്ഞാദികര്‍മ്മ
ആനന്ദമേവ സഹജം സര്‍വ്വേഷാമന്യത് സര്‍വ്വം കല്പ്പിതം.”

ബ്രാഹ്മണവേഷം കെട്ടുന്ന ശൂദ്രന്‍

‘മലയാളത്തില്‍ ഇക്കാലത്ത് ശൂദ്രാദികള്‍ ക്ഷേത്രം കെട്ടി പ്രതിഷ്ഠിപ്പാനും ബ്രാഹ്മണരെപോലെ പൂണൂല്‍ ധരിപ്പാനും വിഗ്രഹാരാധനാദി കര്‍മ്മങ്ങള്‍ ചെയ്യുവാനും തുടങ്ങിയിരിക്കുന്നു. ഒന്നാലോചിച്ചാല്‍ ബ്രാഹ്മണാചാരത്തെ പിന്തുടരുവാന്‍ അവകാശമുണ്ടോ? …………ബ്രാഹ്മണരാല്‍ അധഃകൃതന്മാരായ നായന്മാര്‍ ,ഈഴവര്‍ ,തട്ടാന്‍ ,ആശാരി മുതലായ വര്‍ഗക്കാര്‍ ബ്രാഹ്മണരെപോലെ കാട്ടിക്കൂട്ടുന്നതാണ് ഊര്‍ധ്വ ഗതിക്കുള്ള ഉപായമെന്നു കരുതി പുതിയപുതിയ ക്ഷേത്രങ്ങള്‍ കെട്ടി പൂണൂലിട്ടു ബിംബാരാധനാദി കര്‍മ്മങ്ങളെ ചെയ്യുന്നു’ (പേജ് 3)

‘ഹേ ശൂദ്രാദികളേ, ഇക്കാലത്ത് ബ്രാഹ്മണരെ ദുഷിക്കുന്ന നിങ്ങള്‍ ബ്രാഹ്മണരുടെ വേഷം കെട്ടി ഞെളിയുന്നത് ശരിയോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം, എന്ന് നിങ്ങള്‍ ഘോഷിക്കുന്നതിന് അര്‍ത്ഥം ബ്രാഹ്മണ ജാതി, ബ്രാഹ്മണ മതം, ബ്രാഹ്മണ ദൈവം എന്നാണോ? ബ്രാഹ്മണ വേഷം കെട്ടി പ്രതിഷ്ഠിച്ച് മന്ത്രതന്ത്രാദികള്‍ കൊണ്ട് പല ദേവന്മാരെ പൂജിക്കുന്ന നിങ്ങളുടെ പ്രവൃത്തി കൊണ്ട് അങ്ങനെയാണെന്നു തെളിയുന്നുണ്ടല്ലോ?’

സര്‍വ്വരും ഒരുപോലെ ആഗ്രഹിക്കുന്ന ആനന്ദം മനസ്സിന്റെ സ്വസ്ഥത-ശാന്തിയില്‍നിന്നു മാത്രം ലഭിക്കുന്നു. മനസ്സിനെ ജയിക്കുകയാണ്‌ ഏറ്റവും വലിയ ജയം. അഹിംസയാണ്‌ സര്‍വ്വ ധര്‍മ്മങ്ങളിലും പ്രധാനം. യാഗ-വ്രത-പ്രാര്‍ത്ഥനാ ആരാധനകളെല്ലാം ദു:ഖം വര്‍ധിപ്പിക്കുന്നവ തന്നെ. സഹജമായിട്ടുള്ളത്‌ ആനന്ദം മാത്രമാണ്‌.

ഇക്കാര്യങ്ങളെല്ലാം യുക്തിഭദ്രമായി സ്ഥാപിച്ചുകൊണ്ട് ശിവയോഗി മോക്ഷപ്രദീപം, ആനന്ദാദര്‍ശം, സിദ്ധാനുഭൂതി, ആനന്ദവിമാനം, വഗ്രഹാരാധനാ ഖണ്ഢനം തുടങ്ങിയ പതിനാറ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഒഴുക്കിന്‌ അനുകൂലമായി നീന്താന്‍ പോകാതെ തീര്‍ത്തും പ്രതികൂലമായിത്തന്നെ നീന്തി തന്റെ ആശയങ്ങളും ചിന്താഗതികളും അല്പം പോലും വെള്ളം ചേര്‍ക്കാതെ അദ്ദേഹം തുറന്നടിച്ചു. ശ്രീനാരായണഗുരു ജതിക്കെതിരെ ശബ്ദിച്ചെങ്കിലും മതത്തോട് അത്രമാത്രം കടുംപിടുത്തം കാണിച്ചില്ല. എന്നാല്‍ ലോക മാനവ സൃഷ്ടിക്കുതകുന്ന ദര്‍ശനങ്ങള്‍ മൂലം ശിവയോഗിക്ക്‌ ഏറ്റവുമധികം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത്‌ അദ്ധേഹത്തിന്റെ ജനിച്ച സമുദായത്തില്‍ നിന്നുതന്നെയായിരുന്നു.

“കര്‍മ്മഠന്മാരുടെ കൊട്ടിനും താളത്തിനുമനുസരിച്ച് കളിക്കുന്ന ഒരു വികാരിയായ ദൈവം ഇല്ലെന്ന്” അസന്നിഗ്ദമായി പ്രസ്ത്ഥാവിച്ച യോഗി വിഗ്രഹാരാധനയെ അജ്ഞാന കര്‍മ്മമായി കണ്ടു. “ക്ഷേത്രത്തില്‍ മണ്ഡലകാലത്തില്‍ ദൈവത്തിനെ എഴുന്നള്ളീക്കുമ്പോള്‍കൂടി ചിലപ്പോള്‍ ആന വിരണ്ട് ആനക്കാരനെയും ശാന്തിക്കാരനെയും മറ്റും കുത്തിക്കൊല്ലുന്നു. വെടിമരുന്ന് പ്രയോഗം കൊണ്ട് ചിലര്‍ ദുര്‍മരണത്തെ പ്രാപിക്കുന്നു. ദൈവം വികാരിയാണെങ്കില്‍ തന്റെ മംഗളകരമായ എഴുന്നള്ളത്തില്‍ മരണം മുതലായ അമംഗളങ്ങളും വരുന്നത് കണ്ടിരിക്കുമോ?” എന്ന് അദ്ധേഹം തന്റെ ആനന്ദവിമാനത്തില്‍ ചോദിക്കുന്നു.

പ്രാര്‍ത്ഥനകളിലൂടെയും വഴിപാടുകളിലൂടെയും പ്രീതിപ്പെടുത്താവുന്ന “വികാരിയായ” ഒരു ദൈവമില്ലെന്ന്‌ ഉറപ്പിച്ചുപറയുന്ന ശിവയോഗിയുടെ വാക്കുകള്‍:-“ഈശ്വരന്‍ നമ്മുടെ കുതിരക്കാരനല്ല, കൂട്ടില്‍ നിന്ന്‌ പതിച്ച് പറക്കാന്‍ കഴിയാതെ പിടഞ്ഞു ദു:ഖിക്കുന്ന ഒരു പക്ഷിക്കുഞ്ഞിനെ കൂടി അതിന്റെ കൂട്ടില്‍ ദൈവം എടുത്ത് ചേര്‍ത്തിക്കാണുന്നില്ല. വഴിതെറ്റി വാവിട്ടുകരയുന്ന ആട്ടിന്‍കുട്ടി, മാട്ടിന്‍കുട്ടി, മാന്‍കുട്ടി മുതലായ ദയനീയ ജന്തുക്കുട്ടികള്‍ക്കുകൂടി ദൈവം വഴി കാണിച്ചു കൊടുത്തുകാണുന്നില്ല. നദീപ്രവാഹത്തില്‍ ഒലിച്ചുപോകുന്ന എറുമ്പ് മുതലായ ദീന ജീവികളെയും ഈശ്വരന്‍ കയറ്റിവിടുന്നില്ല. ആട്, കോഴി മുതലായ അനേക പ്രാണികളെ മനുഷ്യന്‍ അറുക്കുമ്പോള്‍ ആ അന്യായകര്‍മ്മം കണ്ടിട്ടും അവയുടെ ആര്‍ച്ചനാദം കേട്ടിട്ടും ആ അനാഥപ്രാണികളുടെ സങ്കട നിവൃത്തിയെകക്കൂടി ഈശ്വരന്‍ ചെയ്യുന്നില്ല. തീയില്‍ കൂട്ടം കൂട്ടമായിവീണു വെന്തുരുകിച്ചാകുന്ന പാറ്റയ്ക്കുകൂടി ദൈവം വഴികാണിച്ചുകൊടുക്കുന്നില്ല”
“ഈശ്വരന്‍ സര്‍വ്വശക്തനും ദയാനിധിയും ലോകപിതാവും ആകുന്നു എന്ന് സമ്മതിക്കുന്ന അവസ്ഥയ്ക്ക്‌ ഒന്നും അറിഞ്ഞുകൂടാത്തവരോട് സങ്കടം പറഞ്ഞുമനസ്സിലാക്കുന്നതുപോലെയും ഫലേച്ഛുവായ ദയാഹീനനു വല്ലതും കൊടുത്തിട്ട് പ്രസാദിപ്പിക്കുന്നതുപോലെയും ഈശ്വരനെ പ്രസാദിപ്പിക്കാമെന്ന്‌ വിചാരിക്കുന്നത് തെറ്റാണ്‌.”

വിഗ്രഹാരാധനയെ ശിവയോഗികള്‍ നേരിടുന്നതു നോക്കൂ:-“ദൈവം വിഗ്രഹാരാധനാദികള്‍കൊണ്ട് അനുഗ്രഹിക്കുന്ന വികാരിയാണെന്ന്‌ വിചാരിക്കുന്ന വിദ്വാന്മാര്‍ക്ക്‌ ദൈവത്തെ എളുപ്പത്തില്‍ കണ്ടുപിടിച്ച് ആനന്ദിപ്പാനുള്ള ഉപായം ഉണ്ട്. അത് എന്താകുന്നു എങ്കില്‍ ദൈവത്തെ അസഹ്യമാം വണ്ണം അസഭ്യം പറയുക തന്നെ. അപ്പോള്‍ ദൈവം കോപിച്ച്‌ കൊല്ലുവാനായി ചാടിവരും. അപ്പോള്‍ ദൈവത്തൊടു മാപ്പുപറഞ്ഞ് നിന്നെ നേരില്‍ കാണാനുള്ള ആഗ്രഹം കൊണ്ട് ചെയ്തുപോയതാണെന്നു പറയുകയും ചെയ്യാം”

എത്രതന്നെ കുറ്റങ്ങളെ ചെയ്താലും തന്നെ ശിക്ഷിക്കാന്‍ ആരും ഇല്ലാ എന്നറിഞ്ഞിട്ടും മനസ്സാ വാചാ കര്‍മ്മണാ കുറ്റം ചെയ്യാതെ ഇരിക്കുന്നവനാണ്‌ ശുദ്ധഹൃദയന്‍. മനസ്സിനെ ശുദ്ധമാക്കണം. എങ്കിലേ മുക്തി (ആനന്ദം) സിദ്ധിക്കുകയുള്ളൂ എന്ന് ശിവയോഗി പറയുന്നു.

മനസ്സിന്റെ സുസ്ഥിതിതന്നെ സ്വര്‍ഗ്ഗം, മനസ്സിന്റെ ദുസ്ഥിതിതന്നെ നരകം എന്നുകൂടി പറയുന്ന ശിവയോഗി ചാതുര്‍വര്‍ണ്യ സംസ്കാരത്തിനെതിരെയും ആഞ്ഞടിക്കുന്നു.
” നായിനെപ്പോലെ നായന്മാര്‍ ബ്രഹ്മണര്‍ക്ക്‌ അടിമകളായി കിടക്കണെമെന്നല്ലോ മനു, രമകൃഷ്ണപരമഹംസര്‍ മുതലായവരുടെ നിയമം? ഇങ്ങനെ ഒരു നിയമം ഏര്‍പ്പെടുത്തുന്നതിനെക്കാള്‍ ശൂദ്രരെ ഇരുട്ടറയിലിട്ട് കൊല്ലുവാന്‍ ഒരു നിയമം ഉണ്ടാക്കി വെക്കുന്നതായിരുന്നു ഉത്തമമായിരുന്നത്.”

ശരീരത്തിനും മനസ്സിനും പുറത്ത് ഒരു ദൈവത്തെ അന്വേഷിക്കുന്നത് നിരര്‍ത്ഥകമാണെന്ന്‌ ഉദ്ഘോഷിക്കുന്ന ശിവയോഗി ജാതി മത ഭേദങ്ങളെയും അന്ധവിശ്വാസാനാചാരങ്ങളെയും അതിജീവിച്ച്‌ മനസ്സിനെ ശുദ്ധമാക്കി മുക്തി നേടുവാന്‍ ആഹ്വാനം ചെയ്യുന്നു. വിദ്യാസമ്പന്നരായ അന്ധവിശ്വാസിളുടെ സമൂഹം വളര്‍ന്ന് പന്തലിക്കുന്ന പുതിയ കാലത്ത് ശിവയോഗി ഒരു നൂറ്റാണ്ടിനുമുമ്പ് പറഞ്ഞുവെച്ച ആശയങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത പ്രസക്തിയാണുള്ളത്.

പുനര്‍ജന്മം

പുനര്‍ജന്മം ചെയ്ത പാപം കൊണ്ടാണ് അല്‍പ്പായുസ്സാകുന്നത് എന്നു പറയുന്നു. വൃക്ഷഫലാദികളും അകാലത്തില്‍ പതിക്കുന്നത് പൂര്‍വ ജന്മത്തില്‍ ചെയ്ത പാപം കൊണ്ടാണോ? ദീര്‍ഘായുസ്സിനും സുഖത്തിനും കാരണം പൂര്‍വജന്മം ചെയ്ത പുണ്യമാണെന്നും പറയുന്നു. വൃക്ഷം വളരെക്കാലം നില്‍ക്കുന്നതും ഫലങ്ങള്‍ കൊണ്ട് ശ്രേഷ്ടമായിരിക്കുന്നതും വൃക്ഷം പുനര്‍ജന്മത്തില്‍ ചെയ്ത പുണ്യ കര്‍മ്മങ്ങള്‍ കൊണ്ടാണോ? വൃക്ഷത്തില്‍ കായ്കളില്‍ ചിലത് പിന്തായിരിക്കുമ്പോള്‍ തന്നെ വീണുപോകുന്നു. ചിലത് മൂത്തു പഴുക്കുന്നു. ഇവയെല്ലാം വൃക്ഷമോ കായ്കളോ പൂര്‍വ കാലം ചെയ്ത പാപപുണ്യമാണെന്ന് പറയുന്നതുപോലെയാണ് മനുഷ്യരുടെ അല്‍പ്പായുസു ദീര്‍ഘായുഷ്‌കാദിവാദം (പേജ് 18)

പ്രാര്‍ത്ഥന നിരര്‍ത്ഥകം.

ഈശ്വരന്‍ ദയാലുവാണെങ്കില്‍ പ്രാര്‍ത്ഥിക്കാതെ തന്നെ തനിയെ ദയചെയ്യും. സ്വല്‍പ്പനായ ഞാന്‍കൂടി പ്രാണികളുയെ സങ്കടം കാണുമ്പോള്‍ ദയചെയ്യുന്നു. പ്രാണികള്‍ എന്നെ പ്രാര്‍ത്ഥിക്കുന്നില്ല….. ഈശ്വര പ്രാര്‍ത്ഥന മുതലായ കര്‍മ്മങ്ങള്‍ വ്യര്‍ത്ഥങ്ങളാകുന്നു. (പേജ്22)

സന്യാസം വ്രതം

ജ്ഞാനി യോഗി സ്വാമിയാര്‍ ആചാര്യര്‍ എന്നും മറ്റും വേഷം കെട്ടുവാനുള്ള കാരണം അജ്ഞാനം സ്വാര്‍ത്ഥ സമ്പാദനത്തിനുള്ള ഇച്ഛ ഗതിയില്ലായ്മ മുതലായവയാകുന്നു. തീര്‍ത്ഥസ്‌നാനം ചെയ്താല്‍ ഗതികിട്ടും. ഏകാദശി വ്രതങ്ങള്‍ കൊണ്ട് മുക്തികിട്ടും എന്നു വിചാരിച്ച് ചില രാജാക്കന്മാരും മറ്റു ബഹുപേരും പുത്രമിത്രാദികളെ ഉപേക്ഷിച്ച് ഭിക്ഷുക്കളായി സഞ്ചരിക്കുകയും കാശ്യാദി സ്ഥലങ്ങളില്‍ ചെന്ന് നിവസിക്കുകയും ചെയ്യുന്നു. ഇത് അജ്ഞാനം കൊണ്ടാണ്. 2.ഉപജീവിക്കാന്‍ സ്വത്തില്ലാത്ത ചിലര്‍. 3.ചില മടിയന്മാര്‍ പണിയെടുക്കാതെ കാലം കഴിക്കാന്‍ വേണ്ടി സന്യാസി വേഷം കെട്ടുന്നു. 4.ചിലര്‍ പേരിനുവേണ്ടി ജ്ഞാനി യോഗി എന്നും മറ്റും നടിക്കുന്നു.ഇങ്ങനെ പല സംഗതിവശാല്‍ അനേക ജ്ഞാനികളെ കാണപ്പെടുന്നതാകുന്നു. ആകെയാല്‍ ഇവര്‍ യഥാര്‍ത്ഥ ജ്ഞാനികളല്ലെന്നു സാരം. (പേജ് 56-57)

യാഗം

ജനകന്‍ മുതലായ രാജാക്കന്മാര്‍ ജ്ഞാനികളാകുന്നുവെങ്കില്‍ യാഗാദി കര്‍മ്മങ്ങളില്‍ ഒരിക്കലും രമിക്കുകയില്ല….. യാഗങ്ങളില്‍ യൂപസ്തംഭംകൊണ്ട് ജനകരാജ്യം അലങ്കൃതമായിരിക്കുന്നു എന്ന് പുരാണങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. കഷ്ടം അപ്പോള്‍ എത്രയാഗം കഴിഞ്ഞിരിക്കണം? എത്ര പശുഹിംസ ചെയതിരിക്കണം? ജനകരാജന്‍ ജ്ഞാനിയാണെങ്കില്‍ അങ്ങനെ വരുമോ? (പേജ് 57)

ഗിദ്ധികള്‍ വെറും തട്ടിപ്പ്

യോഗികള്‍ക്ക് സിദ്ധികള്‍ (അണിമാദൃഷ്ട സൃഷ്ടികള്‍ ) ഉണ്ട്… മതാചാര്യന്മാര്‍ ജനങ്ങളെ വശീകരിക്കാന്‍ വേണ്ടി അപ്രകാരം പറഞ്ഞിരിക്കുന്നതാകുന്നു. കഷ്ടം (പേജ്59)

യോഗാസനങ്ങളും ജ്ഞാനവും

മയൂരാസനം കുക്കുടാസനം കൂര്‍മ്മാസനം മുതലായ ആസനങ്ങളില്‍ ഇരിക്കുന്നവരെ യോഗിശ്രേഷ്ടന്മാരായി വിചാരിക്കുന്നു. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് മയൂരാദികള്‍ (മയില്‍ കോഴി മുതലായ ജന്തുക്കള്‍ ) മാന്യന്‍മാരല്ല? ജനനാല്‍ തന്നെ യോഗികളാകുന്നു എന്തുകൊണ്ട്? അഭ്യസിക്കാതെ തന്നെ ആ ജന്തുക്കള്‍ ആ ആസനങ്ങളില്‍ ഇരിക്കുന്നതുകൊണ്ട്. ജലത്തില്‍ ശയിക്കുന്നവനേയും ചിലര്‍ ആശ്ചര്യപ്പെട്ടുകൊണ്ട് യോഗി എന്നു പറയുന്നു. അങ്ങനെയെങ്കില്‍ തവള മുതലായ ജന്തുക്കള്‍ എന്തുകൊണ്ട് മാന്യരല്ല? അവ ജനനാല്‍ തന്നെ യോഗികളാകുന്നു എന്തുകൊണ്ട്? ശീലിക്കാതെ തന്നെ ജലത്തില്‍ കിടക്കുന്നു. (പേജ് 70)

അദ്വൈതം

ലോകമെല്ലാം ഇല്ലാത്തതാണെന്നു പറയുന്ന അദൈ്വതികളുടെ അദൈ്വതത്തി ലാണ് ഇല്ലായ്മ വന്ന് അധിവസിച്ചത് (പേജ് 86)

ഈശ്വനും ദേവന്മാരും

മതാചാര്യന്മാരുടെ എഴുത്താണി മുനയില്‍ നിന്നു (തൂവലിന്റെ മുനയില്‍ നിന്നും) ഉണ്ടായതാണ് ഈശ്വരനും അനേകദേവന്മാരും ത്രിമൂര്‍ത്തികളും പരബ്രഹ്മവും (പേജ് 87)

ആത്മാവും മനസ്സും

ആത്മാവും മനസ്സും ഒന്നാണെന്നറിയാതെ ഭിന്നിച്ചു വാദിക്കുന്നവര്‍ അദൈ്വതികളാണോ? വിചിത്രം അവര്‍ ദൈതികള്‍ തന്നെ (പേജ് 88)

ആലോചനയുടെ പ്രാധാന്യം

‘ഹേ,ആലോചനേ, മനശ്ശക്തിയായ നീ മഹതിയാകുന്നു. എന്തുകൊണ്ടെന്നാല്‍ ഗുണങ്ങളേയും ദോഷങ്ങളേയും കണ്ടുപിടിപ്പാന്‍ നിന്നോടുകൂടാതെ ലോകത്തില്‍ യോഗ്യന്മാരായവര്‍ ആര്‍? ആരുമില്ല’ (പേജ്1)

‘സൂര്യനെ കാണണമെങ്കില്‍ ഹിന്ദുമതത്തിലോ കൃസ്ത്യന്‍ മതത്തിലോ മറ്റു മതങ്ങളിലോ ചേരണമോ? ഈശ്വര വിഗ്രഹാദി കര്‍മ്മങ്ങളെ ചെയ്യണമോ? ആഹാരം കഴിച്ചാലും വെള്ളം കുടിച്ചാലും വിശപ്പും ദാഹവും കൊണ്ടുള്ള ദുഃഖം ശമിപ്പാന്‍ ഇതരമതങ്ങളില്‍ ചേരണമോ? ഈശ്വര പ്രാര്‍ത്ഥന ചെയ്യണമോ? വിഷയസുഖം അനുഭവിപ്പാന്‍ മുഹമ്മദു മതത്തിലോ ബുദ്ധ മതത്തിലോ ആര്യ സമാജത്തിലോ മറ്റുവല്ല മതങ്ങളിലോ ചേരേണമോ? വേണ്ട, വേണ്ട. അപ്രകാരം ദുഃഖം നീങ്ങി നിജാനന്ദം അനുഭവിപ്പാനും ഒരു മതത്തിലും ചേരേണ്ട. തന്റെ മനസ്സിനെ മാത്രം തന്നില്‍ നിറുത്തിയാല്‍ മതി’ (പേജ്2)

കൊതുകിന്റെ ശക്തിപോലും ഇല്ലാത്ത ദൈവങ്ങള്‍

വലിയ വലിയ ക്ഷേത്രങ്ങളില്‍ കടന്ന് ഈശ്വര വിഗ്രഹങ്ങളെ തച്ചുടക്കുന്നു. ദേവസ്വത്തെ മോഷ്ടിക്കുന്നു. തീവെച്ചു ദേവാലയങ്ങളെ (അമ്പലങ്ങളെ) ഭസ്മമാക്കുകയും ചെയ്യുന്നു. ഒരു ഉറുമ്പോ കൊതുകോ ചെയ്യുന്ന ഉപദ്രവത്തോളം കൂടി ദൈവത്തിനു കള്ളന്മാരുടെ നേരേ കാണിപ്പാന്‍ കഴിയുന്നില്ല. പൊലീസുദ്യോഗസ്ഥന്മാര്‍ കുറ്റം തുരുമ്പുണ്ടാക്കി കള്ളന്മാരെ ശിക്ഷിക്കുന്നതു കൊണ്ടാണ് ഹിന്ദുക്കളുടെ ഈശ്വരനും ഈശ്വരിയും ദേവന്മാരും കഠിനകഷ്ടത്തില്‍പ്പെട്ട് അപ്പടിയേ അമ്പിപ്പോകാതെ കാലം കവിച്ചുകൂട്ടുന്നത് (പേജ്4)

പിശാചും രാക്ഷസനും

‘മതദോഷങ്ങള്‍ തന്നെയാണ് രാക്ഷസനും പിശാചും മുതലായവയും. എന്തുകൊണ്ടെന്നാല്‍ ജനങ്ങളെ കാര്യം കൂടാതെ ഉച്ചാടിക്കുന്ന (ഓടിക്കുന്ന) ഹേ,ജനങ്ങളേ, പിശാചു മുതലായവ എവിടെ? മതങ്ങള്‍ തന്നെയാണ് ജനങ്ങളെയും മറ്റു ജന്തുക്കളേയും ഹിംസിക്കുന്നത്. പിശാച് മുതലായവയല്ല. അവയെ ഒരിടത്തും കാണുന്നതുമില്ല. പിശാചാദികള്‍ എവിടെയാണിരിക്കുന്നത്?’ (പേജ് 8)

ഈശ്വരന്‍ പൂജ്യനല്ല.

പ്രബല പ്രമാണികള്‍ ദുര്‍ബല പ്രമാണികളെ രാവും പകലും ഹിംസിക്കുന്നു. ഭക്ഷിക്കുന്നു (പാമ്പ് തവളയേയും പൂച്ച എലി അണ്ണാന്‍ ഓന്ത് മുതലായവയേയും, മുഷ്യന്‍ ആട് കോഴി പശു പന്നി മുതലായവയേയും ഹിംസിക്കുന്നു. തിന്നുന്നു. ഇങ്ങനെ അനേകകോടി ജീവികള്‍ ചെയ്യുന്നത് പരക്കെ അറിയുന്നതുകൊണ്ട് പറയേണ്ട ആവശ്യമില്ല. ഇങ്ങനെ ലോകത്തെ ഹിംസാമയമായി സൃഷ്ടിച്ച ഈശ്വരന്‍ ദുഷ്ടന്‍ എങ്ങനെ പൂജ്യനാകും? (പേജ് 12)

ഈശ്വരന്‍ സര്‍വശക്തനാണെങ്കില്‍ ജനങ്ങളെ സുഖികളായി രാഗദ്വേഷാദി ദോഷങ്ങളില്ലാതെ പുണ്യകര്‍ത്താക്കന്മാരായി ചെയ്യാത്തതെന്തുകൊണ്ട്? അങ്ങനെ സൃഷ്ടിച്ചിരുന്നുവെങ്കില്‍ ആരും പാപത്തെ ചെയ്യുകയില്ല. ശിക്ഷക്കു പാത്രമാവുകയില്ല. സ്വഭാവത്തെ ലംഘിപ്പാന്‍ ആരെക്കൊണ്ടു കഴിയും ? ആരെക്കൊണ്ടും കഴിയുകയില്ല (പേജ്18)

കരിമ്പ് കൈക്കുന്നില്ല.എപ്പോഴും മധുരവുമായിരിക്കുന്നു. അപ്രകാരം ജനങ്ങളെ സദ്ഗുണങ്ങളോടുകൂടി സൃഷ്ടിച്ചാല്‍ അവര്‍ പാപം ചെയ്യുകയില്ല ……പാപികളെ ദണ്ഡിക്കേണ്ട പ്രയത്‌നവും ഈശ്വരനില്ല. (പാപികളെ വിചാരണ ചെയ്ത് നരകത്തിലേക്കും മറ്റും അയക്കേണ്ട ഭാരവും നരകം സൃഷ്ടിക്കേണ്ട പണിയും ഒന്നുമില്ല) സര്‍വശക്തനായ ഈശ്വരന്‍ ഗുണവാനാകുന്നുവങ്കില്‍ എന്തുകൊണ്ട് അങ്ങനെ സദ്ഗുണമാത്രന്മാരായി സൃഷ്ടിക്കുന്നില്ല(പേജ്18)

ജാതി സമ്പ്രദായം

മനുഷ്യര്‍ ഭിന്ന ജാതികളാണെങ്കില്‍ ശൂദ്രസ്തീയോടുള്ള ബ്രാഹ്മണ സംഗമത്തില്‍ സന്താനമുണ്ടാകുകയില്ല. സംഗമസുഖം ശൂദ്രസ്ത്രീയില്‍ സ്‌നേഹവും ഉണ്ടാകയില്ല. ആനക്ക് ആടിനോട് സംഗമോ പുത്രനോ ഉണ്ടാകുന്നുണ്ടോ? ഇല്ല ഇപ്രകാരം മര്‍ത്ത്യന്മാര്‍ ഭിന്ന ജാതികളാണെങ്കില്‍ സ്‌നേഹവും സംഗമസുഖവും പുത്രനും ഒന്നും ഉണ്ടാകുകയില്ല. മനുഷ്യര്‍ ഭിന്ന ജാതികളാണെങ്കില്‍ താണജാതികളാണെന്നു പറയപ്പെടുന്നവര്‍ക്ക് ഉല്‍കൃഷ്ടജാതി സ്‌സ്ത്രീകളോടുള്ള സംഗത്താല്‍ സുഖവും സന്താനവും മറ്റും ഉണ്ടാകയില്ല. (പേജ്145)

ഇങ്ങനെ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയെ ഉദ്ധരിക്കുവാന്‍ തുടങ്ങിയാല്‍ അത് ഒരുലേഖനത്തിൽ ഒതുങ്ങില്ല.. അടുത്തകാലത്ത് കേരളത്തില്‍ ജീവിച്ചിരുന്ന പണ്ഡിതന്മാരിലും ചിന്തകന്മാരിലും അഗ്രഗണ്യനായിരുന്ന അദ്ദേഹം ആനനദം അഥവാ സുഖം ആണ് എല്ലാ ജീവികളുടേയും ലക്ഷ്യമെന്ന് ശിവയോഗി പറയുന്നതും ശരിയാണ്. അതിനുള്ള മാര്‍ര്‍ഗ്ഗം മനസ്സിനെ, നിയന്ത്രിക്കുകയാണെന്നു പറയുന്നതിനോടും യുക്തിവാദികള്‍ക്ക് വിയോജിപ്പില്ല. എന്ന് ഇടമറുക് വ്യക്തമാക്കുന്നു എങ്കിലും അദ്ദേഹത്തിൻറെ ‘രാജയോഗ ‘ യെ ശിവയോഗിയുടെ ‘ഉച്ചക്കിറുക്ക്’ ആയിട്ടാണ് ഇടമറുക് വിശേഷിപ്പിക്കുന്നത്.