‘ഞങ്ങളുടെ മരണത്തിന് ഉത്തരവാദി സി.പി.എം കൗൺസിലർ’: ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്

പണിയാനേൽപ്പിച്ച സ്വർണത്തിൻെറ തൂക്കത്തിൽ കുറവു കണ്ടതിനെത്തുടർന്ന് സി.പി.എം നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ദമ്പതികളെ സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. തങ്ങളുടെ മരണത്തിന് ഉത്തരവാദി സി.പി.എം കൗൺസിലാറായ സജികുമാറാണെന്നും സ്വർണം മോഷ്ടിച്ചെന്ന് പൊലീസ് നിർബന്ധിച്ച് തങ്ങളെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നെന്നും കത്തിൽ പറയുന്നു. ചങ്ങനാശേരി പുഴവാത് ഇല്ലമ്പളളി വീട്ടിൽ സുനിൽ (31), ഭാര്യ രേഷ്മ (27) എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ കണ്ണൻചിറയിലെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രേഷ്മ എഴുതിയ ആത്മഹത്യാക്കുറിപ്പാണ് ഇപ്പോൾ കണ്ടെടുത്തത്.

കുറിപ്പ് ഇങ്ങനെ:

ഞങ്ങളുടെ മുന്നിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല. ഞങ്ങളുടെ മരണത്തിന് ഉത്തരവാദി സജികുമാറാണ്. സുനിയേട്ടൻ സജിയുടെ വീട്ടിൽ ജോലിചെയ്യാൻ തുടങ്ങിയിട്ട് 12 വർഷത്തോളമായി. 600 ഗ്രാം സ്വർണം കാണാനില്ലെന്ന് പറഞ്ഞാണ് സജികുമാർ പരാതി കൊടുത്തത്. 100 ഗ്രാമോളം സ്വർണം പലപ്പോഴായി സുനിയേട്ടൻ എടുത്തിട്ടുണ്ട്. ബാക്കിയുള്ളത് സജികുമാർ വീടുപണിക്കായി പലപ്പോഴായി വിറ്റു. എന്നിട്ട് മുഴുവൻ ഉത്തരവാദിത്തവും ഞങ്ങളുടെ തലയിൽ കെട്ടിവെച്ച് പൊലീസിൽ പരാതി നൽകി. എട്ട് ലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ചു നൽകാമെന്ന് തങ്ങളെ മർദ്ദിച്ച് സമ്മതിപ്പിക്കുകയായിരുന്നു. ഇത്രയും തുക കൊടുക്കാൻ ഞങ്ങൾക്ക് ഒരു മാർഗവുമില്ല. ഞങ്ങൾ മരിക്കാൻ തീരുമാനിച്ചുഎന്റെ താലിമാലയും കമ്മലും വിറ്റിട്ടാണ് വാടക വീട് എടുത്തത് .

സുനിലും സഹോദരൻ രാജേഷും ജുവലറികളിലെ സ്വർണം കൊണ്ടുവന്ന് ആഭരണമാക്കി മാറ്റി നൽകുന്ന ജോലിയാണ് ഇവർ ചെയ്തിരുന്നത്. അടുത്തിടെ സുനിലിനെയും രാജേഷിനെയും പണിയാൻ ഏല്പിച്ച സ്വർണത്തിൽ 400 ഗ്രാം കുറവുള്ളതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് സജികുമാർ ചങ്ങനാശേരി പൊലീസിൽ പരാതി നൽകി. പൊലീസ് സുനിലിനെയും രാജേഷിനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ നഷ്ടപ്പെട്ട സ്വർണത്തിന്റെ വിലയായ എട്ട് ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചിരുന്നു. ഇന്നലെ രാവിലെ രാജേഷ് സ്റ്റേഷനിലെത്തി വീണ്ടും സാവകാശം ആവശ്യപ്പെട്ടു. എന്നാൽ ഉച്ചയോടെ സുനിൽ രാജേഷിനെ ഫോണിൽ വിളിച്ച് സ്റ്റേഷനിൽ വരില്ലെന്ന് അറിയിച്ചു. സംസാരത്തിൽ സംശയം തോന്നിയ രാജേഷ് വീണ്ടും വിളിച്ചെങ്കിലും ഫോൺ എടുക്കാതെ വന്നതോടെയാണ് വീട്ടിൽ അന്വേഷിച്ചെത്തിയതും സുനിലിനേയും രേഷ്മയേയും അബോധാവസ്ഥയിൽ കണ്ടതും.