ആഭ്യന്തര വകുപ്പ് ഭരിക്കാൻ അറിയില്ലെന്ന് പിണറായി ഇനിയും തെളിയിക്കരുത്: ചെന്നിത്തല

ആഭ്യന്തര വകുപ്പ് ഭരിക്കാൻ കഴിയില്ലെന്നതിന് ഇപ്പോഴത്തേതിൽ കൂടുതൽ തെളിവുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നൽകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരിക്കാൻ അറിയാവുന്നവർക്ക് എത്രയും വേഗം കസേര കൈമാറി സാധാരണക്കാർക്ക് ആശ്വാസം നൽകണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. സാമൂഹ്യ നീതി എന്നൊരു സാധനം ഈ ഭൂമിയിൽ നിലനിൽക്കേണ്ട ആവശ്യമില്ല എന്ന നിലപാടുമായാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മുന്നോട്ടു പോകുന്നത്. പൊലീസിന്റെ ഇപ്പോഴത്തെ വഴിപിഴച്ച പോക്കിൽ പിണറായി വിജയൻ ഒഴികെ ആർക്കും അഭിപ്രായവ്യത്യാസമില്ല. ജനങ്ങളോടുള്ള നല്ല പെരുമാറ്റം പഠിക്കാൻ ട്യൂഷൻ ക്ലാസിൽ ഇരുന്ന ശേഷമാണ് പൊലീസ് ഇത്രമേൽ വഷളായതെന്നും ചെന്നിത്തല പറഞ്ഞു.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം

ഔദ്യോഗിക വാഹനം ഓടിക്കുന്ന ഡ്രൈവറെ എ.ഡി.ജി.പി.യുടെ മകൾ മർദ്ദിച്ചു, പരുക്കേറ്റ ഗവാസ്‌കർ ആശുപത്രിയിൽ. നോമ്പ് തുറയ്ക്ക് വിഭവങ്ങളുമായി പോയ ഉസ്മാനെ പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചു, ഉസ്മാൻ ആശുപത്രിയിൽ. ഗണേശ് കുമാർ എം.എൽ.എ വാഹനത്തിൽ നിന്ന് ഇറക്കി മർദ്ദിച്ചു, പരുക്കേറ്റ അനന്തകൃഷ്ണൻ ആശുപത്രിയിൽ.

ഈ മൂന്ന് വാർത്തകളും കേൾക്കുമ്പോൾ കുറ്റവാളികൾക്കെതിരെ പൊലീസ് കേസെടുത്തുകാണുമെന്നാണ് നാം സ്വാഭാവികമായി കരുതുന്നത്. എന്നാൽ ഗവസ്‌കർ, ഉസ്മാൻ, അനന്തുകൃഷ്ണൻ എന്നിവർക്കെതിരെയാണ് പൊലീസ് ആദ്യം കേസെടുത്തത്. അതായത് ശക്തരായവരുടെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ വഴങ്ങി ഇരകളാക്കപ്പെട്ടവരും ദുർബലരുമായ സാധാരണക്കാർ ജാമ്യമില്ലാത്ത വകുപ്പിൽ കുറ്റക്കാരായി.

സാമൂഹ്യ നീതി എന്നൊരു സാധനം ഈ ഭൂമിയിൽ നിലനിൽക്കേണ്ട ആവശ്യമില്ല എന്ന നിലപാടുമായാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മുന്നോട്ടു പോകുന്നത്. പൊലീസിന്റെ ഇപ്പോഴത്തെ വഴിപിഴച്ച പോക്കിൽ പിണറായി വിജയൻ ഒഴികെ ആർക്കും അഭിപ്രായവ്യത്യാസമില്ല. ജനങ്ങളോടുള്ള നല്ല പെരുമാറ്റം എങ്ങനെയാണെന്ന ട്യൂഷൻ ക്ലാസിൽ ഇരുന്ന ശേഷമാണ് പൊലീസ് ഇത്രമേൽ വഷളായത്.

മുഖ്യമന്ത്രീ, താങ്കളെകൊണ്ട് ഈ വകുപ്പ് ഭരിക്കാൻ കഴിയില്ലെന്ന് കൂടുതൽ കൂടുതൽ തെളിവ് ഇനിയും നൽകരുത്. എത്രയും വേഗം ഭരിക്കാൻ അറിയാവുന്നവർക്ക് കസേര കൈമാറി സാധാരണക്കാർക്ക് ആശ്വാസം നൽകുക.