താന്‍ സ്ത്രീയായെന്നു മകന്‍; അല്ല, പുരുഷനെന്നു മാതാവ് ; ഇരുപത്തഞ്ചുകാരന്റെ ലിംഗനിര്‍ണയം നടത്താന്‍ ഉത്തരവ്

ഇരുപത്തഞ്ചുകാരന്റെ ലിംഗനിര്‍ണയം നടത്താന്‍ െഹെക്കോടതി ഉത്തരവ്. മകനെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് (ലിംഗമാറ്റം നടത്തിയവര്‍) തടങ്കലിലാക്കിയെന്നാരോപിച്ച് ഇടപ്പള്ളി സ്വദേശിനി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

മകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണു മാതാവിന്റെ ഹര്‍ജി. എന്നാല്‍, താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നും പേര് അരുന്ധതി എന്നാണെന്നും മകന്‍ കോടതിയില്‍ പറഞ്ഞു. ഇതോടെയാണു ലിംഗനിര്‍ണയം നടത്താന്‍ കോടതി ഉത്തരവിട്ടത്.

ഡോക്ടര്‍മാരുടെ സംഘം മൂന്നുദിവസം നിരീക്ഷിച്ച് ലിംഗപദവി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തുടര്‍ന്ന് ഇയാളെ കാക്കനാട്ടെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്കയച്ചു. ഇക്കാര്യത്തില്‍ െവെദ്യപരിശോധന പീഡനമാണെന്നും ഉത്തരവു പുനഃപരിശോധിക്കണമെന്നും എതിര്‍ഭാഗം വക്കീല്‍ ആവശ്യപ്പെട്ടു.

ഒരാള്‍ ഭിന്നലിംഗക്കാരനാണെന്ന് അയാള്‍ പ്രഖ്യാപിച്ചാല്‍ മതിയെന്നും മറ്റാരുടേയും അഭിപ്രായം കണക്കിലെടുക്കേണ്ടതില്ലെന്നും സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്ന് അഭിഭാഷകന്‍ വാദിച്ചെങ്കിലും ഡിവിഷന്‍ ബെഞ്ച് വഴങ്ങിയില്ല.

മകന്‍ വീട് വിട്ടുപോയെന്നും ഭിന്നലിംഗക്കാര്‍ക്കൊപ്പം താമസിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണു മാതാവ് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. മകന്‍ പുരുഷന്‍തന്നെയാണെന്നും മുമ്പു മാനസികാരോഗ്യചികിത്സ നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസ് മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.