പട്ടിയെ ആടാക്കിയോ, വിസ്മയം തീര്‍ത്ത് അന്താരാഷ്ട്ര പക്ഷി മൃഗ മല്‍സ്യ സസ്യ പ്രദര്‍ശനം മറൈന്‍ ഡ്രൈവിൽ

എറണാകുളം മറൈന്‍ഡ്രൈവില്‍ വിസ്മയ കാഴചകളൊരുക്കിയിരിക്കുന്ന അന്താരാഷ്ട്ര പക്ഷി മൃഗ മല്‍സ്യ സസ്യ പ്രദര്‍ശനത്തില്‍ വിദേശ ഇനത്തില്‍പ്പെട്ട നായയായ അഫ്ഗാന്‍ ഹണ്‍ഡിനെ കാണുന്നവര്‍ ആദ്യം ഒന്നമ്പരക്കും ആടാണോ പട്ടിയാണോ അതോ പട്ടിയെ ആടാക്കിയോ എന്ന് . ആടിന്‍റെ ശരീരപ്രകൃതിയോട് സാമ്യമുള്ള നായയാണ് അഫ്ഗാന്‍ ഹണ്‍ഡ്. തൊട്ട് അടുത്ത കൂട്ടിലായി ജന്മപ്യാരിയും ജര്‍ഗാനയും ബീറ്റണ്‍ എന്നിങ്ങനെ മുന്തിയ ഇനം ആടുകള്‍ നില്‍ക്കുന്നതിനാല്‍ സംശയത്തിന് ബലം വര്‍ധിക്കും. മറൈന്‍ ഡ്രൈവിലെ വിസ്മയ കാഴ്ചകള്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക് എന്ന പോലെ തന്നെ മുതിര്‍ന്നവരെയും ആകര്‍ഷിക്കും.

വിനോദത്തിന് ഒപ്പം മൃഗ മല്‍സ്യ സസ്യ സ്‌നേഹികളെ ആകര്‍ഷിക്കുന്ന രൂപത്തിലാണ് പ്രദര്‍ശനനഗരി സജ്ജമായിരിക്കുന്നത്. ഗുജറാത്തി ഇനമായ ഗിര്‍ എന്ന കുട്ടിപശുവും കേരളത്തിന്‍റെ വെച്ചൂര്‍ പശുവിനും ഒപ്പം ആന്ധ്രയില്‍ നിന്നുള്ള പ്രത്യേക ഇനം കുള്ളന്‍ പശുവായ ബങ്കാരയും ക്ഷീരകര്‍ശകരെ മാത്രമല്ല സന്ദര്‍ശുടെ എല്ലാം ശ്രദ്ധ നേടുന്നതാണ്. 200 കിലോ വരെ തൂക്കം വരുന്ന പാലുല്‍പാദത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബീറ്റണ്‍ എന്ന ഇനം ആടും വലിപ്പത്തില്‍ കുട്ടിപശുവിനൊപ്പം നില്‍ക്കുന്ന ജര്‍ഗാനയ്ക്കും ഒപ്പം ഏറെ പ്രസിദ്ധമായ ജന്മാപ്യാരിയുടെ വിവിധ ഇനം ആടുകളും പ്രദര്‍ശനത്തിനുണ്ട്.

വിദേശ ഇനങ്ങളായ വലിപ്പമേറിയ നായകളായ സെന്‍ബെര്‍ണാഡ്, ഫ്രഞ്ച് മാസ്റ്റിക്, സൈബിരിയന്‍ നൈറ്റ് എന്നിവയ്ക്ക് പുറമേ ആടിനെ പോലെ ശരീരപ്രകൃതിയോടെയുള്ള അഫ്ഗാന്‍ ഹണ്‍ഡ്, സലൂക്കിയും വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്നവരെ ഏറെ ആകര്‍ഷിക്കുന്നതാണ്. ഇതോടൊപ്പം പുഷ്പ ഫല സസ്യ ഔഷധസസ്യ മേളയും നടക്കുന്നതിനാല്‍ പ്രദര്‍ശനം ഏറെ ശ്രദ്ധനേടികഴിഞ്ഞു.

നഗരിയിലെ ആദ്യ പവലിയനില്‍ ആഫ്രിക്കന്‍ വന്യമൃഗങ്ങളെ വെല്ലുന്ന റോബോട്ടിക് വന്യമൃഗങ്ങളുടെ കാഴ്ചകളാണ് കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നത്. കാടിന്‍റെ ഭീകരതയില്‍ വന്യമൃഗങ്ങള്‍ ഗര്‍ജിക്കുന്നതും ചലിക്കുന്നതും കാണികളെ അത്ഭുതപ്പെടുത്തും.

രണ്ടാം പവലിയനില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവ അടക്കം 150ല്‍പ്പരം അലങ്കാരമത്സ്യങ്ങള്‍. ഗോള്‍ഡ് ഫിഷ് മുതല്‍ ആളെക്കൊല്ലി പിരാനയും ലോകത്തെ ഏറ്റവും വലിയ ശുദ്ധജലമത്സ്യമായ അരാപൈമയും 200 കിലോ ശരീരഭാരം വരുന്ന ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ലഗൂണുകളില്‍ ജീവിക്കുന്ന ചീങ്കണ്ണിയുടെ സാദൃശ്യമുള്ള എലിഗേറ്റര്‍ ഗാര്‍ എന്ന ഭീകരമത്സ്യവും വരെ ഇവിടെ പ്രദര്‍ശനത്തിനുണ്ട്. ഇവയുടെ കുഞ്ഞുങ്ങളെ ഏറ്റവും വിലക്കുറവില്‍ പൊതുജനങ്ങള്‍ക്കു വാങ്ങാന്‍ പ്രത്യേക സ്റ്റാള്‍ ക്രമീകരിച്ചിരിക്കുന്നു.

മൂന്നാമത്തെ പവലിയനില്‍ അലങ്കാര വളര്‍ത്തുപക്ഷികളുടെ വിശാലമായ കാഴ്ചകളാണ്. ഇന്തോനേഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക, ജര്‍മനി, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികളാണ് ഇവിടെ വിരുന്നിനെത്തിയിരിക്കുന്നത്. ഏഴുവര്‍ണങ്ങളില്‍ മഴവില്ലിന്റെ വിസ്മയം തീര്‍ത്ത് തത്തകളുടെ രാജ്ഞിയും മൂന്നുലക്ഷം രൂപ വരെ വില വരുന്ന ലോകത്തെ ഏറ്റവും വലിയ തത്തയായ മെക്കാവോയും ആഫ്രിക്കന്‍ ഗ്രേ പാരറ്റും ആഫ്രിക്കന്‍ കൊക്കാറ്റോയും അടക്കം ഒട്ടേറെ ഓമനപ്പക്ഷികളെ ഇവിടെ കാണാം.

വിദേശ ഓര്‍ക്കിഡ് ചെടികള്‍, ബോണ്‍സായി പ്ലാന്റുകള്‍, തായ്‌ലാന്‍ഡിലെ കുള്ളന്‍ തെങ്ങിന്‍ തൈകള്‍, വര്‍ഷം മുഴുവന്‍ കായ്ക്കുന്ന കീവോ സവായ് മാവുകള്‍, മധുരമുള്ള അമ്പഴം, ബേര്‍ ആപ്പിള്‍ തുടങ്ങിയവയും കേരളത്തില്‍ അന്യമായിക്കൊണ്ടിരിക്കുന്ന പലതരം ഔഷധച്ചെടികളും ജൈവ പച്ചക്കറി വിത്തുകളും ഈ പവലിയന്റെ ആകര്‍ഷണമാണ്. വിവിധയിനം മാവിന്‍ തൈകള്‍, മാമ്പഴങ്ങള്‍, പ്ലാവുകള്‍ എന്നിവയും പ്രദര്‍ശനവില്‍പനയിലുണ്ട്.

ഇതിനു പുറമെ, ഗൃഹോപകരണമേളയില്‍ ഷോപ്പിങ് മാമാങ്കമൊരുക്കി സംസ്ഥാനത്തും പുറത്തും നിന്നുമുള്ള ഒട്ടേറെ കമ്പനികള്‍ അവരുടെ ഉത്പന്നങ്ങള്‍ വന്‍ ഓഫറുകളും വലക്കുറവുമൊരുക്കി അണിനിരത്തുന്നു. ഭക്ഷ്യമേള, കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ കിഡ്‌സ് സോണ്‍ എന്നിവയും പ്രത്യേകം തയാറാക്കിയിരിക്കുന്നു. ദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു മണി വരെയാണു പ്രദര്‍ശനം. പ്രവേശനം പാസ്മൂലമാണ്.