കസേര തെറിച്ചു: വിജയന്‍ ചെറുകരയെ സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിനിർത്തും

സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിജയന്‍ ചെറുകരയെ മാറ്റി നിര്‍ത്താന്‍ തീരുമാനമായി. മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചത്. ഇന്ന് ചേർന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിന്റേതാണ് തീരുമാനം . കെ.രാജന്‍ എം.എല്‍.എക്ക് ജില്ലാ സെക്രട്ടറി യുടെ താത്കാലിക ചുമതല നൽകി.

വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ഭൂമാഫിയയെ സഹായിച്ചവര്‍ക്കെതിരേ ഉചിതമായ നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കോട്ടയത്ത് വച്ച് പ്രതികരിച്ചിരുന്നു . സംഭവത്തില്‍ സിപിഐ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്, കുറ്റക്കാരെ സി പി ഐ ഒരിക്കലും സംരക്ഷിക്കില്ലെന്നും കാനം പറഞ്ഞു.

വയനാട് മിച്ചഭൂമി തട്ടിപ്പില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ അന്വേഷണം പ്രഖ്യാപിക്കുന്നതായി അറിയിച്ചത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറയ്ക്കാനില്ല. അഴിമതി സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. സര്‍ക്കാര്‍ തലത്തിലോ മന്ത്രി തലത്തിലോ അഴിമതി നടന്നിട്ടില്ല. സര്‍ക്കാരില്‍ രണ്ടു തരം ഉദ്യോഗസ്ഥരുണ്ട്. അവരില്‍ ചിലര്‍ കൈക്കൂലികാരനാണ്. ഭൂരിപക്ഷവും നല്ലരീതിയില്‍ ജോലി ചെയ്യുന്നരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ഡെപ്യൂട്ടി കലക്ടര്‍ ടി.സോമനാഥനും സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയും ഉള്‍പ്പെടുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് മാധ്യമ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്നലെ ഭൂമി തട്ടിപ്പ് വിവരം പുറത്തുവന്നയുടന്‍ വയനാട് ഡെപ്യൂട്ടി കലക്ടറെ സസ്‌പെന്റു ചെയ്തിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ മിച്ചഭൂമി മറിച്ചുനില്‍ക്കാനുള്ള ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബിയുടെ നീക്കമാണ് പുറത്തുവന്നത്.