വത്തക്ക മാഷ് വീണ്ടും ഫാറൂഖ് കാമ്പസില്‍; സുരക്ഷയൊരുക്കാൻ ലീഗ്; പരാതിക്കാരിക്ക് തെറി അഭിഷേകം

വിദ്യാര്‍ത്ഥികളെ അവഹേളിച്ചു സംസാരിച്ച ഫാറൂഖ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വര്‍ ഇന്നു കോളജിലെത്തി. രാവിലെ സ്വന്തം കാറിലാണ് ഇദ്ദേഹം സ്ഥാപനത്തിലെത്തിയത്. പ്രതിഷേധങ്ങളുണ്ടാവുമെന്നു ഭയന്ന് സംരക്ഷണം നല്‍കാന്‍ മുസ്്ലിംലീഗ് പ്രവര്‍ത്തകരും നേരത്തെ തന്നെ എത്തിയിരുന്നു. എന്നാല്‍ കാര്യമായ പ്രതിഷേധങ്ങളൊന്നുമില്ലാതെയാണ് അധ്യാപകന്‍ കാമ്പസിലെത്തിയത്. എം.എസ്.എഫ് ഉള്‍പടെയുള്ള സംഘടനകള്‍ അധ്യാപകന്‍ ലീവ് റദ്ദു ചെയ്തു സ്ഥാപനത്തില്‍ എത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം പരാതിക്കാരിയായ ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥി ആലുവ സ്വദേശി അമൃതാ മേത്തറിനെ അധിക്ഷേപിച്ചും തെറിവിളിച്ചുമുള്ള പരാമര്‍ശങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഈ വിദ്യാര്‍ത്ഥി ഇപ്പോള്‍ ആലുവയിലെ വീട്ടിലാണുള്ളത്. വിദ്യാര്‍ത്ഥിയുടെ വീട്ടിലേക്കും പിതാവിന്റെ ഫോണിലേക്കും ഇപ്പോള്‍ നിലക്കാത്ത ഫോണ്‍ വിളികളാണ് വരുന്നത്. നിങ്ങളുടെ മകള്‍ എന്തിനാണ് പരാതി കൊടുത്തതെന്നു പലരും വിളിച്ചു ചോദിച്ചു. എന്നാല്‍ മതം പറഞ്ഞു ആരും ഇങ്ങോട്ട് വരേണ്ടതില്ലെന്നു ഉപ്പ മറുപടി പറയുന്നുവെന്നും അമൃത മേത്തര്‍ സൗത്ത്ലൗവിനോട് പറഞ്ഞു.

അധ്യാപകനെ പിന്തുണച്ചു രംഗത്തുവന്ന എം.എസ്.എഫ് ഹരിത വിഭാഗം നേതാവ് ഫാത്തിമ തഹ്്ലിയയെ എം.എസ്.എഫ് നേതാക്കള്‍ താക്കീതു ചെയ്തു. സംഘടയുമായി കൂടിയാലോചിക്കാതെ നിലപാടെടുക്കരുതെന്നും ഫാറൂഖ് കോളജിലെ അധ്യാപകനുമായി ബന്ധപ്പെട്ടു എം.എസ്.എഫ് നേരത്തെ നിലപാടു സ്വീകരിച്ചതാണെന്നും അതിനെ റദ്ദു ചെയ്യുന്ന നിലപാടുകള്‍ സ്വീകരിക്കരുതെന്നും നേതാക്കള്‍ തഅ്ലിയക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അധ്യാപകനെ പിന്തുണച്ച യൂത്ത്ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസിനെതിരേയും പാര്‍ട്ടിയില്‍ വലിയ കലാപമാണ് നടക്കുന്നത്. അദ്ദേഹം ഇപ്പോള്‍ വിദേശത്താണ്.

ഇന്നലെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിയും പിതാവും കൊടുവള്ളി സ്റ്റേഷനിലെത്തി മൊഴി നല്‍കി. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രഭാഷണം നടന്ന മതവേദിയില്‍ ഉണ്ടായിരുന്ന കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. കൊടുവള്ളി എസ്.ഐ കെ പ്രജീഷിനാണ് അന്വേഷണ ചുമതല.