പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,505 കോടി രൂപയുടെ തട്ടിപ്പ്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,505 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിന്നതായി കണ്ടെത്തിയ പത്തു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഒരു ഡെപ്യൂട്ടി മാനേജര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെയാണ് അന്വേഷണ വിധേയമായി ഇന്ന് സസ്‌പെന്‍ഡ് ചെയ്തത്.

അക്കൗണ്ടുകളിലൂടെ കോടികളുടെ തിരിമറി നടത്തിയതായി പറയപ്പെടുന്ന പ്രമുഖ ആഭരണ ബിസിനസുകാരന്‍ നിരവ് മോഡിക്കെതിരെ സി ബി ഐ കേസെടുത്തു. മോഡിക്കെതിരെ ബാങ്ക് രണ്ടു പരാതികള്‍ നല്‍കിയിട്ടുണ്ടെന്ന് സി.ബി.ഐ വെളിപ്പെടുത്തി.

ലോകത്തെമ്പാടും സെലിബ്രിറ്റികള്‍ക്ക് പ്രത്യേക ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തു കൊടുക്കുന്ന സ്ഥാപനത്തിന്റെ ഉടമയാണ് നിരവ് മോഡി. തട്ടിപ്പിന്റെ വാര്‍ത്ത പുറത്തു വന്നതോടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി വില കൂപ്പ് കുത്തി.

ബാങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ 11,351,89,50,000 രൂപയുടെ (1.77 ബില്യണ്‍ ഡോളര്‍) തട്ടിപ്പ് കണ്ടെത്തി. ബുധനാഴ്ചയാണ് പിഎന്‍ബി ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ പിഎന്‍ബിയുടെ ഓഹരിയില്‍ വന്‍ ഇടിവ് നേരിട്ടു.

രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രണ്ടാമത്തെ വലിയ ബാങ്കാണ് പി.എന്‍ബി. ആസ്തിയുടെ കാര്യത്തില്‍ നാലാം സ്ഥാനത്തുമാണ്. ക്രമക്കേടിനു പിന്നിലുള്ള ആളുകളെ കുറിച്ച് പിഎന്‍ബി സൂചന നല്‍കിയിട്ടില്ല. എന്നാല്‍ ഇതു സംബന്ധിച്ച് നിയമ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും ഇടപാടിന്റെ പേരില്‍ എന്തെങ്കിലും ബാധ്യത ബാങ്കിനു നേരിടേണ്ടിവരുമോ എന്ന് പരിശോധിക്കുമെന്നും പിഎന്‍ബി അറിയിച്ചു.

ചില അക്കൗണ്ട് ഉടമകള്‍ അവരുടെ സൗകര്യാര്‍ത്ഥം നടത്തിയ ഇടപാടാണ് ക്രമക്കേടിനു പിന്നില്‍. ഈ ഇടപാടുകളുടെ അടിസ്ഥാനത്തില്‍ മറ്റു ചില ബാങ്കുകള്‍ വിദേശത്തുള്ള ഈ ഉപഭോക്താക്കള്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നും പിഎന്‍ബി വ്യക്തമാക്കി. അസാധാരണ സ്വഭാവമുള്ളതാണ് ഈ ഇടപാടുകള്‍ എന്നും പി.എന്‍ബി ചൂണ്ടിക്കാട്ടുന്നു.