മൻമോഹൻ സിങ്ങിനെ അപമാനിച്ചിട്ടില്ലെന്ന ബിജെപി സമവായം കോൺഗ്രസ് അംഗീകരിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയോ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയെയോ മനഃപ്പൂർവം അപമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചിട്ടില്ല എന്നു മന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. രാജ്യസഭയിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. മൻമോഹൻ സിങ്ങിനെ അപമാനിച്ചിട്ടില്ലെന്ന ബിജെപി സമവായം കോൺഗ്രസ് അംഗീകരിച്ചു

എന്നാൽ തിരഞ്ഞെടുപ്പിന്റെ സമയത്ത് പ്രധാനമന്ത്രിയുടെ അന്തസ്സിനു കോട്ടം തട്ടുന്ന തരത്തിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസ്താവനയുമായി പാർട്ടിക്കു ബന്ധമില്ല. ഭാവിയിൽ അത്തരം പ്രശ്നങ്ങൾ ആവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുമില്ലെന്നു ഗുലാം നബി ആസാദ് അറിയിച്ചു.

പലൻപുരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് ഗുജറാത്ത് തിര‍ഞ്ഞെടുപ്പിൽ കോൺഗ്രസും പാക്കിസ്ഥാനും കൈകോർക്കുന്നുവെന്ന ഗുരുതരമായ ആരോപണം മോദി ഉന്നയിച്ചത് . തന്നെ നീചനെന്നു വിളിച്ച് പരിഹസിച്ച കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ, ഈ സംഭവത്തിനു തൊട്ടുതലേന്ന് മറ്റു കോണ്‍ഗ്രസ് നേതാക്കൾക്കൊപ്പം സ്വവസതിയിൽ ഇന്ത്യയിലെ പാക്കിസ്ഥാൻ സ്ഥാനപതി ഉൾപ്പെടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് മോദിയുടെ മറ്റൊരു ആരോപണം. പാക്ക് സൈന്യത്തിലെ ഡയറക്ടർ ജനറലായിരുന്ന സർദാർ അർഷാദ് റഫീഖ്, അഹമ്മദ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിൽ താൽപര്യം പ്രകടിപ്പിച്ചതായും മോദി ആരോപിച്ചിരുന്നു.

മണിശങ്കർ അയ്യരുടെ വീട്ടിൽ ചില കൂടിയാലോചനകൾ നടന്നതായി മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. പാക്കിസ്ഥാൻ സ്ഥാനപതിയും പാക്കിസ്ഥാന്റെ മുൻ വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി ഹാമീദ് അൻസാരിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. മൂന്നു മണിക്കൂറിലധികം സമയം ഇവർ കൂടിയാലോചന നടത്തിയതായും മോദി ആരോപിച്ചിരുന്നു.

മൻമോഹൻ സിങ്ങിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമർശത്തെച്ചൊല്ലിയുള്ള ബിജെപി -കോൺഗ്രസ് ഏറ്റുമുട്ടൽ അങ്ങനെ അവസാനിച്ചു. ഇരുവിഭാഗവും പാർലമെന്റിൽ സമവായ പ്രസ്താവന നടത്തി.
അതേസമയം ബിജെപിയുടെ വിശദീകരണം അംഗീകരീച്ച പ്രതിപക്ഷം, നിലപാടിനു നന്ദി പറയുകയും ചെയ്തു