ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബത്തിനു 10 ലക്ഷം ധനസഹായം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സർക്കാർ

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയ 450 പേരെ ഇതുവരെ രക്ഷിച്ചു. കാറ്റിനും മഴയ്ക്കും ശമനം ഉണ്ടെങ്കിലും കടല്‍ ഇപ്പോഴും കലിപൂണ്ട് നില്‍ക്കുകയാണ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ കുടുംബത്തിന് ഇരുപതിനായിരം രൂപ ധനസഹായം നല്‍കും. ബോട്ട് നഷ്ടപ്പെട്ടവര്‍ക്കും ന്യായമായ നഷ്ടപരിഹാരം നല്‍കും.

സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടനവധി നാശനഷ്ടങ്ങൾ വരുത്തിയ ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരള സർക്കാർ. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒട്ടേറെ നാശനഷ്ടങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്ന ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കൂടുന്നതിനാൽ ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.

ഓഖി അതിതീവ്ര ചുഴലിക്കാറ്റായി ലക്ഷദ്വീപിലേക്കു നീങ്ങുന്നതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിചിരുന്നു. ദ്വീപുകളിലെങ്ങും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്ഷ്വദ്വീപിൽ കനത്ത മഴയും പെയ്യുന്നുണ്ട്. ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്.

കേരള തീരത്തിനു പത്തു കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന്‍ തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍ വരെ തിരയുയരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ നദികളില്‍ അടുത്ത 24 മണിക്കൂറില്‍ ജലനിരപ്പുയരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ ഫ്‌ളഡ് ഫോര്‍കാസ്റ്റ് മോണിറ്ററിങ് ഡയറക്ടറേറ്റ് അറിയിച്ചു.

കേരളാ തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഇന്ന് രാത്രി 11.30 വരെ രണ്ടു മുതല്‍ 3.3 മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടാവും. ലക്ഷദ്വീപ്, തെക്കന്‍ തമിഴ്‌നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ മഴയുണ്ടാവും. 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

കണ്ണൂർ പുതിയവളപ്പിൽ 100 മീറ്ററോളം കരയെ കടൽ വിഴുങ്ങി. നീരൊഴുക്കുംചാൽ, കക്കാടൻചാൽ എന്നിവിടങ്ങളിൽ കടൽ ഉൾവലിഞ്ഞു. ഇതു തീരവാസികളിൽ ഏറെ ഭീതി പരത്തി..ഇതിനിടെ കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഫലപ്രദമല്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങി. കടലില്‍ ഇറങ്ങരുതെന്ന കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെയും വിലക്കുകള്‍ മറികടന്നാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ ഇവരേയും രക്ഷാപ്രവര്‍ത്തന സംഘത്തില്‍ ഉള്‍പ്പെടുത്താനാണ് കോസ്റ്റ് ഗാര്‍ഡിന്റെ തീരുമാനം.

ഇനിയും 150 പേരെ കണ്ടുകിട്ടാനുള്ളതായാണ് ഔദ്യോഗിക വിശദീകരണം. കൊല്ലം, വിഴിഞ്ഞം പോര്‍ട്ടുകളില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് കടലിലേക്ക് പോയിരിക്കുന്നത്.

അതേസമയം, കൊച്ചുവേളിയില്‍ കാണാതായ നാല് പേരെ കുറിച്ച് വിവരം ലഭിച്ചില്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. അതേസമയം രണ്ട് നോട്ടിക്കല്‍ മൈലിന് അപ്പുറം പോകരുതെന്ന നിബന്ധനയോടെ കടലില്‍ ബോട്ടിറക്കാന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ.വാസുകി അനുമതി നല്‍കിയിട്ടുണ്ട്. ബോട്ടിന്റെ റജിസ്റ്റര്‍ നമ്പര്‍ പൊലീസിന് കൈമാറണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.